ഒരു പക്ഷെ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ഈ പുസ്തകം വായിച്ചിരുന്നെങ്കില്‍…!
ശ്രീ എന്‍ കെ സലീമിന്റെ “ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?” എന്ന പുസ്തകം ഡി സി ബുക്സ് ഓണ്‍ലൈനില്‍ നിന്നും വാങ്ങി, അവരുടെ ഇ റീഡര്‍ ഡൌണ്‍ലോഡ് ചെയ്തു വായിച്ചു. എന്തോ നിമിത്തം പോലെയായിരുന്നു ഈ പുസ്തകത്തിന്റെ വാങ്ങലും വായനയും. കാരണം, ഈ പുസ്തകം വാങ്ങാന്‍ ഓണ്‍ലൈനില്‍ പണം അടയ്ക്കുന്ന സമയത്താണ്, ജനവാസ മേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിച്ചാവണം പാറമടകളുടെ പ്രവര്‍ത്തനം എന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തള്ളിക്കൊണ്ട് 50 മീറ്റര്‍ മതിയെന്ന ഹൈക്കോടതി വിധിയുടെ വാര്‍ത്ത കേള്‍ക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ ഉരുള്‍പൊട്ടല്‍ ഉപദേശക സമിതിയില്‍ (Landslide Advisory Committee)യില്‍ അംഗമായ എനിക്ക്, ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു അത്. കാരണം, ഞങ്ങളുടെ പരിശ്രമങ്ങളെ ഒന്നാകെ തകിടം മറിക്കുന്ന വിധി ആണ് ഹൈക്കോടതിയുടേത്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഈ വിധിന്യായം സാധാരണക്കാരനോ ഒരുപക്ഷെ/എന്തിനേറെ ഭൂമിശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്ക് പോലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇവിടെയാണ് സലീമിന്റെ “ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?” എന്ന പുസ്തകത്തിന്റെ പ്രസക്തി.
വായിക്കുന്ന ഏതൊരുവ്യക്തിക്കും വളരെ എളുപ്പം മനസ്സിലാവുന്ന രീതിയില്‍ ഭൂമിശാസ്ത്രപരമായ ഈ പ്രതിഭാസത്തെ വരച്ചുകാട്ടുന്നുണ്ട് സലിം ഈ പുസ്തകത്തില്‍. ഖനനങ്ങള്‍ ഉരുള്‍പൊട്ടലിന് കാരണമാകുന്നുവെന്നും “ക്വാറികളില്‍ വന്‍സ്ഫോടനം നടത്തി കരിങ്കല്‍ ഖനനം നടത്തുന്നത് മൂലം തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകാം” (ചാപ്റ്റര്‍ 4) എന്നും സലിം പറയുന്നു. അശാസ്ത്രീയമായ ഭൂവിനിയോഗത്തെക്കുറിച്ച് പറയുമ്പോളും അനധികൃത ഖനനത്തെ ചൂണ്ടികാണിക്കുന്നുണ്ട്. (ചാപ്റ്റര്‍ 7). പുസ്തകത്തില്‍ പ്രതിപാദിക്കുന്ന പശ്ചിമഘട്ട മലനിരകള്‍ അഭിമുഖീകരിക്കുന്ന ഭീഷണികളില്‍ വന്‍കിട മലനിരകളെക്കുറിച്ചും, ക്വാറികളെക്കുറിച്ചും എടുത്തു പറയുന്നുണ്ട് (ചാപ്റ്റര്‍ 8).
ഒരു പക്ഷെ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ഈ പുസ്തകം വായിച്ചിരുന്നെങ്കില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തള്ളി ക്കളയുകയില്ലായിരുന്നുവെന്ന് മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തേനെ. എന്‍ കെ സലീമിന്റെ വളരെ ലളിതമായി എഴുതിയിട്ടുള്ള ഈ പുസ്തകം എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
എഴുതിയത് (D.Nandakumar, Ph.D, Prof (Adjunct) of Geography, Sree Sankaracharya University of Sanskrit, Kalady, India)
Comments are closed.