DCBOOKS
Malayalam News Literature Website

ഉറൂബിന്റെ കഥാതത്ത്വങ്ങള്‍

(2022 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്, പുനഃപ്രസിദ്ധീകരണം)

ഇ.പി. രാജഗോപാലന്‍

മിണ്ടാട്ടം എന്നതിനെ ഒരു സൗന്ദര്യശാസ്ത്ര തത്ത്വമായി എടുത്താല്‍ ഉറൂബിന്റെ കഥകള്‍ അതിനുള്ള നല്ല രംഗസ്ഥലമാണെന്ന് കാണാനാവും. നല്ലൊരു പങ്ക് കഥകള്‍ മിണ്ടാട്ടം കൊണ്ടാണ് സജീവമാകുന്നത്. പലതരം സൂചനകളും ഊന്നലുകളും മലയാളമട്ടുകളും കൊണ്ട് കേരളത്തിന്റെ സംഭാഷണചരിത്രത്തിന്റെ വലിയൊരു രേഖാസമുച്ചയമായി ഈ കഥകള്‍ മാറുന്നുണ്ട്. മിണ്ടിക്കൊണ്ട് സമൂഹം സൃഷ്ടിക്കുക എന്ന പ്രവര്‍ത്തനമാണ് അവയുടേത്.

‘എന്നാലും ഈ പുസ്തകത്തില്‍ നിന്ന് കണ്ണെടുക്കുവാന്‍ മടി. എന്റെ രാജ്യത്തെപ്പറ്റി, എന്റെ ആളുകളെപ്പറ്റി, സൂക്ഷ്മമായി ആലോചിച്ചാല്‍ എന്നെപ്പറ്റിത്തന്നെയുള്ള കഥകളാണ്. ഈ കഥകളൊക്കെക്കൂടിയതല്ലേ എന്റെ ജീവിതം?’

–ഉറൂബിന്റെ ‘മുളകുവള്ളി’ എന്ന കഥയില്‍ നിന്ന്.

ഒന്ന്

നന്മ എന്നതിന്റെ പലതരം ആവിഷ്‌കാരങ്ങളാണ് ഉറൂബിന്റെ കഥകള്‍ എന്നൊരു വാക്യം ക്ലാസുമുറികളില്‍ മുഴങ്ങി കേള്‍ക്കാറുണ്ട്.

‘….മനുഷ്യനന്മയിലുള്ള വിശ്വാസം’എന്നത് ഉറൂബിന്റെ ഒരു വാക്യഭാഗമാണ്. ഇതാവാം നന്മയുടെ കഥകള്‍ എന്ന തീരുമാനത്തിന്റെ അക്കാദമികമായ പ്രേരണ എന്നു വരാം. ഈ നിലപാടില്‍ വലിയ തെറ്റുപറയാനുമാവില്ല. എന്നാല്‍ അതൊരു ചുരുക്കിപ്പറയലായിത്തീരുന്നത് നല്ല കാര്യമല്ല.

ഉറൂബിന്റെ കഥാമലയാളം സമ്പന്നമാണ്; നല്ല വൈവിധ്യമുള്ളതുമാണ്. നന്മയിലുള്ള പര്യവസാനം എന്നുള്ള ഒറ്റക്കാര്യം വെച്ച് ഉറൂബിന്റെ കഥകളെ സര്‍ഗ്ഗാത്മകമായി മനസ്സിലാക്കാന്‍ പറ്റില്ല. പല പല അവസ്ഥകളും Pachakuthiraവികാരവഴികളും വിചാരതലങ്ങളും ആ കഥകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം തൊട്ട് തന്റെ ജീവിതം തീരുന്ന കാലം വരെയുള്ള കേരള ജീവിതത്തിന്റെ കലാരേഖകള്‍ ഉറൂബ് കഥകളില്‍ സൂക്ഷ്മമായി നിര്‍മ്മിച്ചിട്ടുണ്ട്. അക്കാലത്തെ മലയാളികളുടെ ചില പുറംനാട്പാര്‍പ്പുകളെയും ഈ കഥകള്‍ സ്ഥാനപ്പെടുത്തി വെച്ചിട്ടുണ്ട്. ജീവിതത്തിന്റെ നാടകീയതയെയും മനുഷ്യാവസ്ഥ എന്ന നിര്‍മ്മിതിയിലെ അസാധാരണഭാവങ്ങളെയും സവിശേഷമായ ആഖ്യാനകൗശലത്തോടെ അവതരിപ്പിക്കുകയായിരുന്നു ഉറൂബ്. ജീവിതത്തിന്റെ എല്ലാ രസങ്ങളും–ശരീരകാമമുള്‍പ്പെടെ–പല കാലങ്ങളിലായി വന്ന കഥകളില്‍ ജീവിക്കുന്നുണ്ട്. തന്റെ ജീവിതവായനകളുടെ കനികളാണവ.

ഗാന്ധിയന്‍ ജീവിതദര്‍ശനത്തിന് പൊതുജീവിതത്തില്‍ അംഗീകാരമുള്ള കാലത്താണ് ഉറൂബ് ബാല്യ-യൗവനങ്ങള്‍ ചെലവഴിക്കുന്നത്. തന്റെ ബാല്യകാലത്താണ് മലബാര്‍ സമരം നടന്നത്-1921. അന്ന് ആറു വയസ്സാണ്. ആ സമരം ഒരു പാഠപുസ്തകവിഷയമായിട്ടല്ല അദ്ദേഹം അറിയുന്നത് എന്നര്‍ത്ഥം. അതിലെ സാമൂഹികവും സാംസ്‌കാരികവും വ്യക്തിപരവുമായ സമസ്യകള്‍ പടിപടിയായിമനസ്സിലാക്കിക്കൊണ്ടാണ് ആ അഞ്ചു വയസ്സുകാരന്‍ മുതിര്‍ന്നയാളാവുന്നത്.

കേരളത്തെ സംബന്ധിച്ചെടത്തോളം 1921 ഉണ്ടാക്കിയത് ഒരു ബൃഹദാഖ്യാനമാണ്. കലാപത്തിന്റെ പശ്ചാത്തലവും സംഭവദിശകളും പ്രത്യാഘാതങ്ങളും സാമൂഹ്യ ഘടനയില്‍ എന്ന പോലെ വ്യക്തിമനസ്സുകളിലും ഉണ്ടാക്കിയ ഇളക്കങ്ങളാണ് ജീവിച്ചുവരവേ ഉറൂബ് തിരിച്ചറിഞ്ഞുകൊണ്ടിരുന്നത്. ചരിത്രകാരന്മാരുടെ രേഖകളെക്കാള്‍ ചരിത്രപരമായ മാനുഷികകഥനങ്ങള്‍ ഉണ്ടാക്കാന്‍ ഈ എഴുത്തുകാരന് തുടരെ കഴിഞ്ഞു. മാനവികതാവാദത്തെ (ഹ്യൂമനിസത്തെ) ചുരുക്കെഴുത്തായി കാണാതെ എല്ലാ ജീവിതമുറികളിലേക്കുമുള്ള നോട്ടത്തിന്റെ പ്രേരണയായി കൈക്കൊള്ളാനാണ് ഉറൂബ് തയ്യാറായത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

ഉറൂബിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

ഇ.പി. രാജഗോപാലന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

പച്ചക്കുതിരയുടെ സബ്സ്ക്രിപ്ഷൻ സംബന്ധിച്ച വിവരങ്ങളറിയാൻ ക്ലിക്ക് ചെയ്യൂ

Comments are closed.