നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’; നഷ്ടബാല്യത്തിന്റെ വീണ്ടെടുപ്പ്
ജനുവരി 5- നന്തനാരുടെ ജന്മവാര്‍ഷികദിനം
മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം. ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെയാണ് ഉണ്ണിക്കുട്ടന്റെ ലോകം വളര്‍ന്നത്. അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില്‍ വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വര്‍ണ്ണങ്ങള്‍ നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണര്‍ത്തി… ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ കുസൃതിത്തരിപ്പുകളുടെ വിസ്മയങ്ങളുടെ കൊച്ചു കൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവല്‍.
പുസ്തകത്തിന്റെ ആദ്യ പതിപ്പിന് നന്തനാര്‍ എഴുതിയ കുറിപ്പ്
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളില്‍ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളില്‍ അനുഭൂതികള്‍ നിറയ്ക്കുന്നു; കവിതാത്മകവും വര്‍ണശബളവും ദൈവീകവുമായ അനുഭൂതികള്‍! ഈശ്വരസാന്നിദ്ധ്യം കുട്ടികളിലൂടെ അനുഭപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്.! അങ്ങനെയുള്ള ഒരു കൊച്ചുലോകം. ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് ‘ഉണ്ണിക്കുട്ടന്റെ ഒരു ദിവസം’, ‘ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍’, ‘ഉണ്ണിക്കുട്ടന്‍ വളരുന്നു’ എന്നീ കൃതികള്‍. ഈ കൃതികള്‍, അനുവാചകര്‍ നന്നേ ഇഷ്ടപ്പെട്ടുവെന്ന് പത്രപംക്തികളില്‍ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതില്‍ വളരെ വളരെ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്.
ഈ കൃതികളുടെ പ്രസിദ്ധീകരണത്തിന് ശേഷം ഇവ മൂന്നും കൂടി ഒരൊറ്റ പുസ്തകമായി പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാന്‍ കരുതി.
ഇപ്പോള്‍ ഈ കൃതികള്‍ക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കുകയാണ്. ഉണ്ണിക്കുട്ടന്റെ ലോകം എന്ന പേരില്‍ ഈ മൂന്നു കൃതികളും കൂടി ഒന്നിച്ചിറക്കുന്നു.
Comments are closed.