യാതൊരു തയ്യാറെടുപ്പുമില്ലാതെ ഇറങ്ങിപ്പുറപ്പെടുന്ന ഒരു യാത്രപോലെ
രചനാവേളയില്‍, ഭാര്യ എത്തിച്ചുകൊടുത്ത കാപ്പിയും സിഗരറ്റും കടലവറുത്തതും പിന്നെ ബെന്‍സിന്‍ഡ്രോം എന്ന മയക്കുമരുന്നും മാത്രമായിരുന്നു കെറ്വോക്കിന്റെ ഭക്ഷണം.
ഡോ. അശോക് ഡിക്രൂസ്
മൂന്ന് ആഴ്ചകള്‍കൊണ്ട് എഴുതിത്തീര്‍ത്ത കൃതി. 1923-നും 2005 -നും ഇടയില്‍ പ്രസിദ്ധീകൃതമായ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകള്‍ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയ കൃതി. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ജാക്ക് കെറ്വോക്കിന്റെ രണ്ടാമത്തെ നോവലായ “ഓണ്‍ ദി റോഡിന്’.
അമേരിക്കന്‍ എഴുത്തുകാരനായ ജാക്ക് കെറ്വോക്ക് ജോആന്‍ ഹാപെര്‍ട്ടിയെന്ന രണ്ടാം ഭാര്യയോടൊപ്പം മാന്‍ഹാട്ടനില്‍ താമസിക്കുമ്പോള്‍ 1951 ഏപ്രിലില്‍ മൂന്ന് ആഴ്ചകള്‍കൊണ്ടാണ് “ഓണ്‍ ദി റോഡ്’ എഴുതിത്തീര്‍ത്തത്.
രചനാവേളയില്‍, ഭാര്യ എത്തിച്ചുകൊടുത്ത കാപ്പിയും സിഗരറ്റും കടലവറുത്തതും പിന്നെ ബെന്‍സിന്‍ഡ്രോം എന്ന മയക്കുമരുന്നും മാത്രമായിരുന്നു കെറ്വോക്കിന്റെ ഭക്ഷണം. ടൈപ്പ് റൈറ്ററില്‍ കടത്തിവിടാനുള്ള അളവില്‍ മുറിച്ചെടുത്ത്, 120 അടി നീളത്തില്‍ ഒറ്റച്ചുരുളായി ഒട്ടിച്ചെടുത്ത കടലാസ്സിലാണ് നോവല്‍ രചിക്കപ്പെട്ടത്. (ആ ചുരുള്‍ അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും അയര്‍ലെന്റിലെയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.) സിംഗള്‍ സ്‌പേസില്‍ ടൈപ്പുചെയ്ത ആദ്യരൂപത്തിന് മാര്‍ജ്ജിനോ ഖണ്ഡികകളോ ഉണ്ടായിരുന്നില്ല. പിന്നീട് എഡിറ്റു ചെയ്തപ്പോഴാണ് ഖണ്ഡികകള്‍ രൂപപ്പെട്ടത്. എഴുത്തുകാരന്‍ തന്നെ ഒരുപാടുതവണ മാറ്റിയെഴുതിയെങ്കിലും അതൊന്നും ആദ്യരൂപത്തെ മറികടക്കുന്നതായിരുന്നില്ല. എങ്കിലും അല്ലറ ചില്ലറ പരിഷ്കാരങ്ങള്‍ വരുത്തിയാണ് നോവല്‍ പുസ്തകരൂപത്തിലെത്തിയത്.
എഡിറ്റിങ്ങിന്റെ ഭാഗമായി ലൈംഗികത മുറ്റിനില്‍ക്കുന്ന പല ഭാഗങ്ങളും കെറ്വോക്കുതന്നെ ഒഴിവാക്കിയിട്ടുണ്ട്. പ്രസാധകരുടെ നിര്‍ദ്ദേശപ്രകാരവും കുറെ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ എഴുത്തുകാരന്‍ നിര്‍ബന്ധിതനായി. ആദ്യകാലങ്ങളില്‍ പുസ്തകത്തിന് കാര്യമായ സ്വീകാര്യത ഉണ്ടായില്ലെങ്കിലും പിന്നീട് ജാക്ക് കെറ്വോക്കിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൊണ്ടെത്തിച്ചത് “ഓണ്‍ ദി റോഡ്’ ആയിരുന്നു.
സാല്‍ പാരഡൈസും ഡീന്‍ മൊറിയാര്‍ട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ മാത്രമല്ല “ഓണ്‍ ദി റോഡ്’ പറയുന്നത്. 1947 മുതല്‍ 1950 വരെയുള്ള അമേരിക്കയുടെ മുഴുവന്‍ ചരിത്രവും ഈ കൃതിയില്‍ പറഞ്ഞിട്ടുണ്ട്.
സഞ്ചാരം, സംഗീതം, ലഹരി, ഉന്മാദം, സൗഹൃദം, ആത്മീയത എന്നിവയുടെ കലര്‍പ്പാണ് ഈ നോവല്‍. ബോബ് ഡിലന്‍, വാന്‍ മോറിസണ്‍, ജിം മോറിസണ്‍ തുടങ്ങി ഒട്ടേറെ കവികളെയും ഗാനരചയിതാക്കളെയും ഈ നോവല്‍ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ തന്നെ, ഒരു തലമുറയുടെ ഉത്സവമായിരുന്ന ഹിപ്പിസത്തിലേക്ക് ഒരുപാടുപേരെ ആകര്‍ഷിക്കുന്നതിലും “ഓണ്‍ ദി റോഡ്’ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.
പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത മട്ടിലുള്ള ബോപ് സംഗീതത്തിന്റെ അടിയൊഴുക്കുകളാണ് ഈ നോവലിന്റെ രചനാശൈലി. ഈ നോവലിന്റെ പരിഭാഷയിലും അത്തരമൊരു താളക്രമം പാലിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും, അടിയൊഴുക്കുകളുടെ പുസ്തകമാണ് “ഓണ്‍ ദി റോഡ്’. ആദ്യ അദ്ധ്യായങ്ങള്‍ വായിച്ചുകഴിയുമ്പോള്‍ത്തന്നെ ലഹരി കയറും. (പിന്നീട് വായനയില്‍നിന്ന് മുക്തമാകാന്‍ നന്നേ പണിപ്പെടേണ്ടിവരും) ബോപ് സംഗീതത്തിന്റെ “ബീറ്റി’നൊപ്പമാണ് ഈ പുസ്തകം വായിക്കുന്നതെങ്കില്‍ ലഹരി തലയ്ക്കു പിടിക്കുമെന്ന കാര്യം ഉറപ്പാണ്. ഈ കൃതി അനുഭവിച്ച പലരും മുന്നും പിന്നും നോക്കാതെ ഇറങ്ങിപ്പുറപ്പെട്ട സംഭവങ്ങളുമുണ്ട്.
യാതൊരു തയ്യാറെടുപ്പുമില്ലാതെ ഇറങ്ങിപ്പുറപ്പെടുന്ന ഒരു യാത്രപോലെയാണ് ഈ പുസ്തകം. “”നിന്റെ വഴി ഏതാണു മനുഷ്യാ? ദൈവഭക്തിയുള്ള ചെക്കന്റെ വഴി, ഉന്മാദിയുടെ വഴി, മഴവില്‍ വഴി, ഹിപ്പിവഴി, ഏതുവഴിക്കും പോകാം. എവിടേക്കും, ആര്‍ക്കുവേണമെങ്കിലും, എപ്പോള്‍വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും പോകാവുന്ന ഒരു വഴിയാണിത്. ചിലപ്പോള്‍ അതീവ രസകരമായ കാഴ്ചകള്‍, ചിലപ്പോള്‍ വിചിത്രമായ തോന്നലുകള്‍, മറ്റുചിലപ്പോള്‍ അനന്തമായ കാത്തിരിപ്പ്, എല്ലാം കൂടിക്കലര്‍ന്ന ആഖ്യാനശൈലി. എല്ലാറ്റിന്റെയും അന്തര്‍ധാരയായി ബോപ് സംഗീതം പകരുന്ന ഉന്മാദവും.
ഓരോ യാത്രയിലും കാത്തിരിക്കുന്ന വഴികള്‍ വേറിട്ടതാണെന്നു പറയുംപോലെ, നിരവധി അപ്രതീക്ഷിത വളവുകളും തിരുവുകളുമുള്ള കഥാഗതിയാണ് മുന്നിലുള്ളത്.
Comments are closed.