DCBOOKS
Malayalam News Literature Website

ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയത്തിന് യുഎന്നിന്റെ അംഗീകാരം

 

ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയം യുഎന്നില്‍ എതിരില്ലാതെ പാസായി. ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക്കാന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയത്തിനാണ് യുഎന്നിന്റെ അംഗീകാരം ലഭിച്ചത്. ഉത്തരകൊറിയയോട് അനുഭാവം പുലര്‍ത്തുന്ന ചൈനയും അമേരിക്കയുടെ പ്രമേയത്തെ പിന്തുണച്ചത് ശ്രദ്ധേയമായി.

കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ നിയന്ത്രണങ്ങള്‍ വരുത്തി അവരെ ഭീഷണിമാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രമേയത്തെ റഷ്യയും പിന്തുണച്ചു. ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും എതിര്‍ക്കുന്നു.

അടുത്തിടെ ഭരണാധികാരി കിം ജോങ് ഉന്‍ ഉയര്‍ത്തിയ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അമേരിക്ക സമാധാനപ്രമേയം കൊണ്ടുവന്നത്. കഴിഞ്ഞദിവസം ജറുസലേം വിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെ എതിര്‍ത്ത് കൊണ്ടുവന്ന പ്രമേയം വന്‍ഭൂരിപക്ഷത്തില്‍ പാസായത് അമേരിക്കയ്ക്ക് തിരിച്ചടിയായിരുന്നു. യുഎന്നില്‍ എതിരില്ലാതെ പ്രമേയം പാസായത് ലോകത്തിന് സമാധാനം വേണമെന്നതിന്റെ തെളിവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Comments are closed.