അക്രമവും ഹിസയും വിതച്ച് നേടിയെടുക്കുന്ന വിജയങ്ങള്‍
പ്രശാന്ത് മിത്രന്റെ ‘ഉമാനാട് വേണാട്‘ എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം
‘ചിദംബരനാഥപിള്ളയുടെ പട്ട എത്താറായോ മല്ലന്‍പിള്ളേ?’ മുന്നില്‍ വാളും ധരിച്ചുനിന്ന തന്റെ സേനാധിപനെ നോക്കി കേരള വര്‍മ്മ ആരാഞ്ഞു.
‘മുന്‍ നിശ്ചയിച്ച സമയക്കണക്കുപ്രകാരം അവര്‍ അസ്തമയെത്തിനുമുമ്പേ എത്തും തിരുമനസ്സേ…’ മല്ലന്‍പിള്ള മറുപടി പറയും മുമ്പ് തമ്പുരാന്റെ പിന്നില്‍നിന്ന സഞ്ചാരിബ്രാഹ്‌മണന്‍ മറുപടിയുമായി മുന്നോട്ടു വന്നു: സാധാരണഗതിയില്‍ സദ്യയ്ക്കു മുമ്പിലും പടയ്ക്കു പിമ്പിലുമാണ് ബ്രാഹ്‌മണരുടെ നിലപാട്. ആ പൊതു നിലപാടില്‍നിന്നുമാറി സഞ്ചാരിബ്രാഹ്‌മണന്‍ പടയ്ക്കും മുമ്പിലേക്കിറങ്ങിയതില്‍ കേരളവര്‍മ്മയ്ക്ക് വലിയ കൗതുകമുണ്ടായില്ലെങ്കിലും പടയാളികള്‍ക്ക് അതൊരു കൗതുകംതന്നെയായിരുന്നു.
”ഉം, എത്തട്ടെ…” തന്റെ സൈന്യത്തിന്റെ പ്രതിരോധം മതിയായ കവചമല്ലെന്നറിയുന്ന കേരളവര്‍മ്മ തെല്ലൊരസഹിഷ്ണുതയോടെ പറഞ്ഞു. തനിക്കുമുന്നില്‍ ഉടവാളുവച്ച് കീഴടങ്ങിനില്‍ക്കുന്ന ഉമയമ്മയുടെ ചിത്രമായിരുന്നു അപ്പോള്‍ അയാളുടെ മനസ്സില്‍. പടയാളികള്‍ യുദ്ധസന്നദ്ധരായിരുന്നെങ്കിലും ഇടയ്ക്ക് കൈവന്ന വിശ്രമവേള അവര്‍ ആസ്വദിച്ചു. മൂച്ചുടയ്ക്കുംമട്ടില്‍ പരസ്പരം ഗുസ്തികൂടിയും വാളും പരിചയും നീട്ടി സൗഹൃദപൊയ്ത്തു നടത്തിയും സമയം പോക്കി. ഒരു യുദ്ധമുഖത്തേക്ക് നീങ്ങുന്ന സൈനികരുടെ പിരിമുറുക്കം അവരില്‍ ആരിലും കാണാനുണ്ടായിരുന്നില്ല. പടയാളികളുടെ ഈ നിര്‍ദ്ദോഷവിനോദങ്ങളില്‍ വിലക്കേര്‍പ്പെടുത്താതെ മല്ലന്‍പിള്ളയും സഹസേനാധിപന്മാരും പടനീക്കത്തിന്റെ അതിസൂക്ഷ്മപദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ കൂടിയിരുന്നു.
സന്ധ്യ മയങ്ങിയതു മുതല്‍ കേരളവര്‍മ്മയ്ക്ക് ഇരിപ്പുറയ്ക്കാതെയായി. അത്താഴം കഴിക്കാതെ ഒരു വെറ്റിലമുറുക്കുപോലും നടത്താതെ അയാള്‍ തന്റെ കുടീരത്തിനുമുന്നില്‍ നടന്നുകൊണ്ടിരുന്നു. അപ്പോഴാണ് അങ്ങകലെ കിഴക്കുദിക്കില്‍ പൊട്ടുപോലെ വെളിച്ചം കണ്ടുതുടങ്ങിയത്. അതോടെ കേരളവര്‍മ്മയ്ക്ക് ആശ്വാസമായി.
ഇരുളുപുതച്ചുകൊണ്ട് ചിദംബരനാഥപിള്ളയുടെ സൈന്യം ആരുവാമൊഴിയില്‍ വന്നിറങ്ങിയപ്പോള്‍ മല്ലന്‍പിള്ളയും സഹസേനാധിപന്മാരും വാളുമടക്കി അവരെ സ്വീകരിച്ചു. ആകെ അഞ്ഞൂറു കുതിരക്കാരും മൂവായിരം കാലാളും അതിനുവേണ്ട അനുസാരികളും
*തമ്പുരാന്‍ പള്ളിക്കുറുപ്പ് കൊണ്ടാവോ?’ ചിദംബരനാഥപിള്ള തിരക്കി.
‘ഇല്ല. മധുരപ്പടയുടെ വരവും കാത്ത് അദ്ദേഹം ഉണര്‍ന്നിരിക്കുന്നുണ്ട്. വരൂ…’ മല്ലന്‍പിള്ള പറഞ്ഞു.
പിന്നെ ചിദംബരനാഥപിള്ളയെയും കൂട്ടി കേരളവര്‍മ്മയുടെ അടുത്തേക്ക് നടന്നു.
‘തമ്പുരാന്‍ വിജയിച്ചാലും… ചിദംബരനാഥപിള്ളയും പുള്ളാളും വന്നൂട്ട്.’ തമ്പുരാനെ വണങ്ങി അയാള്‍ പറഞ്ഞു.
‘സമാധാനമായി ചിദംബരനാഥപിള്ള സമാധാനമായി. നാമാകെ ആശങ്കപ്പെട്ടിരിക്യാരുന്നു.’ ആശ്വാസത്തോടെ കേരള വര്‍മ്മ പറഞ്ഞു.
”മല്ലന്‍പിള്ള പറയൂ, എങ്ങനെയാണ് നമ്മള്‍ ആക്രമണവഴികള്‍ നിശ്ചയിച്ചിരിക്കുന്നത്?’ ചിദംബരനാഥപിള്ളയുടെ അറിവിലേക്കായി കേരളവര്‍മ്മ വിശദാംശങ്ങള്‍ തിരക്കി.
”കല്പിച്ച് നാളെ മഞ്ഞപ്പതിറ്റടിയാകുമ്പോ ഇവിടെനിന്ന് പുറപ്പെട്ട് ഏഴരനാഴിക വെളുക്കുംമുമ്പ് കൊട്ടാരം വളയാനാണ് യാരം. പെരുമീനുദിക്കുമ്പോ പറകൊട്ടി ആക്രമണമാരംഭിക്കണമെന്നും വിചാരമുണ്ട് തിരുമനസ്സേ.’
പകുതി കേരളവര്‍മ്മയോടും പകുതി ചിദംബരനാഥപിള്ളയോടുമായി മല്ലന്‍പിള്ള പറഞ്ഞുനിര്‍ത്തി. കേരളവര്‍മ്മയോട് ചര്‍ച്ച ചെയ്ത് ഉറപ്പിച്ചതായിരുന്നു ആ ആക്രമണപദ്ധതി. അതുകൊണ്ടു തന്നെ ചിദംബരനാഥപിള്ളയുടെ പ്രതികരണത്തിനായിരുന്നു മുന്‍ തൂക്കം.
”കേട്ടിട്ട് ചിദംബരനാഥപിള്ളയ്ക്ക് എന്തു തോന്നുന്നു?’
”ഉചിതമായ പദ്ധതി തമ്പുരാനേ. പെരുമീനുദിക്കുമ്പോ ആക്രമണം എന്നുറപ്പിച്ചാലും നമ്മള്‍ കരുതിയിരിക്കണം. ചിലപ്പോ അതിനു മുമ്പുതന്നെ ആക്രമണം തുടങ്ങേണ്ടിവന്നേക്കും.’ ചിദംബരനാഥ പിള്ള പറഞ്ഞു. അനന്തരം അവര്‍ സൈന്യത്തെക്കുറിച്ചും ആക മണവേളകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചുറപ്പിച്ചു. പിറ്റേന്ന് രാവിലെ സേനാദളങ്ങളുടെ തലവന്‍മാരെയും ഉപസേനാധിപന്മാരെയും അണിനിരത്തി അന്നു വൈകു ന്നേരം യുദ്ധസജ്ജരായി പുറപ്പെടുന്നത് മുതലുള്ള നടപടിക്രമങ്ങള്‍ വിവരിച്ചു. ചുമതലകള്‍ വിഭജിക്കപ്പെട്ടു. അതോടൊപ്പം മധുരപ്പടയും നാട്ടുപടയും ചേരുന്ന സംയുക്തസൈന്യത്തിന്റെ സര്‍വസൈന്യാധിപനായി ചിദംബരനാഥപിള്ള നിയോഗിക്കപ്പെട്ടു. അയാള്‍ക്കു കീഴില്‍ ആജ്ഞാനുവര്‍ത്തിയായ മുഖ്യസൈന്യാധിപനായിരിക്കാന്‍ മല്ലന്‍പിള്ളയോട് നിര്‍ദ്ദേശിച്ചു. മധുരയിലും വേണാടിലും പാണ്ടിനാട്ടിലും ഇതരദേശങ്ങളിലും നിരവധി പടകള്‍ നയിച്ച് പരിചയമാര്‍ജ്ജിച്ച ചിദംബരനാഥപിള്ളയുടെ മുന്നില്‍ ആദ്യയുദ്ധം നയിക്കാനിറങ്ങുന്ന മല്ലന്‍പിള്ള കേവലമൊരു ശിശുമാത്രമായിരുന്നു. അന്ന് മഞ്ഞപ്പതിറ്റടിക്കു മുമ്പുതന്നെ വേണാട് പിടിക്കാനുള്ള കേരളവര്‍മ്മയുടെ സംയുക്തസൈന്യം തക്കലയിലേക്ക് പുറപ്പെടാന്‍വേണ്ടി അണിനിരന്നു. ഏറ്റവും മുന്നില്‍ മധുരയില്‍നിന്നു വന്ന കുതിരപ്പട. അതിന്റെ രണ്ടാം നിരയുടെ ഒത്തമധ്യത്തായി സേനാധിപന്മാരായ ചിദംബരനാഥപിള്ളയും മല്ലന്‍പിള്ളയും. പിന്നെ ശേഷിക്കുന്ന കുതിരപ്പട. അതിനു പിന്നിലായി ഇടതുവശത്ത് വാള്‍ക്കാരും വലതുവശത്ത് വേല്‍ക്കാരും അണിനിരന്നു. എല്ലാത്തിനും പിന്നിലായി അധികമുള്ള ആയുധങ്ങളും ധാന്യങ്ങളും പാത്രങ്ങളും മറ്റ് സാധനങ്ങളും നിറച്ച കാളവണ്ടികളും നിരന്നു. എല്ലാം അണിനിരന്നുകഴിഞ്ഞതോടെ സഞ്ചാരിബ്രാഹ്‌മണന്‍ കേരളവര്‍മ്മയെയും കൂട്ടി പുറത്തുവന്നു.
‘തമ്പുരാന്‍ ഇപ്പോ പുറപ്പെടേണ്ടതില്ല. നമുക്കവിടെ മുന്നേറാനായിട്ടുണ്ടെങ്കില്‍ നാളെ പകല്‍ പത്തുനാഴിക കഴിയുമ്പോ തമ്പുരാന്‍ പുറപ്പെട്ടാല്‍ മതിയാകും.’ ആ സൈന്യവിന്യാസത്തില്‍ തന്റെ സ്ഥാനം എവിടെയാണെന്ന് നോക്കി അന്ധാളിച്ചുനിന്ന കേരള വര്‍മ്മയോട് ചിദംബരനാഥപിള്ള വിളിച്ചുപറഞ്ഞു.
”അങ്ങനെയോ… ശരി… ശരി.’
”നാളെ പുലര്‍ന്ന് പത്തു നാഴികയാകുന്നതുവരെയും തടസ്സം പറഞ്ഞ് ഒരു ദൂതന്‍ ഇങ്ങോട്ട് വരുന്നില്ലെങ്കില്‍ നമ്മള്‍ മുന്നേറി എന്നാണ്. അങ്ങനെയായാല്‍ തമ്പുരാന് പുറപ്പെടാം.”
ചിദംബരനാഥപിള്ള ഒന്നുകൂടി വ്യക്തത വരുത്തി. പിന്നെ ആ സൈന്യം പുറപ്പെട്ടു. വീതികുറഞ്ഞ രാജവീഥിയിലൂടെ നേര്‍ത്ത പൊടിപടലങ്ങളുയര്‍ത്തി നീങ്ങിയ ആ സൈന്യത്തിനുമേല്‍ സായാഹ്നസൂര്യന്റെ മഞ്ഞച്ച കിരണങ്ങള്‍ പതിച്ചു തിളങ്ങി. ചിതറിവീഴുന്ന പ്രകാശത്തിന് എതിര്‍നിന്ന് ആ കാഴ്ച കാണുന്ന ഒരാള്‍ക്ക് ഏതോ പ്രാചീന ശിലാശില്പസഞ്ചയംപോലെ അത് കാണപ്പെട്ടു. ”തമ്പുരാനേ, നമ്മള്‍ ജയിച്ചു എന്നുതന്നെ അടിയന്റെ മനസ്സ് പറയുന്നു.’ ആ കാഴ്ച നോക്കി ആലോചനാമഗ്‌നനായി നിന്ന കേരളവര്‍മ്മയോട് സഞ്ചാരിബ്രാഹ്‌മണന്‍ പറഞ്ഞു. അതുതന്നെയായിരുന്നു അപ്പോള്‍ കേരളവര്‍മ്മയുടെ മനസ്സും മന്ത്രിച്ചത്. അവ്യവസ്ഥിതമായ ഏതോ നീതിശാസ്ത്രങ്ങള്‍ അലുക്കിട്ടാരംഭിച്ച അധികാരസങ്കല്പങ്ങള്‍. അക്രമവും ഹിസയും വിതച്ച് നേടിയെടുക്കുന്ന വിജയങ്ങള്‍.