DCBOOKS
Malayalam News Literature Website

ഉള്ളു പൊള്ളയായ മനുഷ്യന്‍

ഡിസംബർ ലക്കം പച്ചക്കുതിരയിൽ

വര: തോലില്‍ സുരേഷ്

വോട്ടിംഗ് മെഷീനിന്റെ അടുത്തു നിൽക്കുമ്പോൾ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ പേരിനുനേരെ ചൂണ്ടുവിരൽ അമർത്താൻ സാധിക്കാതെ അയാൾ വിറച്ചു. അന്നേരം റൂമിൽ ശക്തിയായ കാറ്റ് വീശുന്നുണ്ടായിരുന്നു

ഒരു ചെറിയ കാറ്റിൽ പോലും പറന്നു പോകുന്നു എന്നതായിരുന്നു ഉള്ളു പൊള്ളയായ മനുഷ്യന്റെ പ്രശ്നം. കാറ്റുകൾ തന്റെ ലക്ഷ്യം തെറ്റിക്കാൻ വരുന്ന മർദ്ദനോപകരണങ്ങളാണെന്ന് അയാൾ കരുതി. കാറ്റുകളെ ഭയന്ന് മുറിക്കുള്ളിൽ അടച്ചിരിക്കാൻ അയാൾ ഇഷ്ടപ്പെട്ടു. അഥവാ നിർബന്ധിതനായി. എന്നാൽ ഭാരമില്ലായ്മ ഒരവസ്ഥയായി അയാൾ അനുഭവിക്കുന്ന കാര്യം സദാസമയവും മുറിക്കുള്ളിൽ സ്വയം അടച്ചിട്ടിരിക്കുന്നതിനാൽ ആരും അറിഞ്ഞുമില്ല.

ഭാരമില്ലായ്മ അയാൾ ആദ്യമായി അനുഭവിച്ചത് ഒരു പൊതുതെരഞ്ഞെടുപ്പുകാലത്തായിരുന്നു. രാഷ്ട്രീയപാർട്ടികളുടെ പ്രചരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്ന, പാർട്ടി സ്ഥാനാർത്ഥികൾ തങ്ങളുടെ വാഗ്ദാനങ്ങൾ നിർലോഭം വർഷിച്ചുകൊണ്ടിരുന്ന, വിവിധ വർണ്ണങ്ങളിൽ കോടികൾ ചങ്ങാത്ത മുതലാളിത്തത്തിൽ ഉയരത്തിലുയരത്തിൽ ഉലഞ്ഞുപാറിക്കൊണ്ടിരുന്ന, ഒരു തെരഞ്ഞെടുപ്പ് കാലത്ത്. വോട്ടിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോൾ തന്റെ ശരീരം ചെറുതായി വിറയ്ക്കുന്നത് വോട്ട് ചെയ്യാൻ പോകുന്നതിന്റെ പരിഭ്രമം കൊണ്ടായിരിക്കും എന്ന് അയാൾ കരുതി. അത് ഭാരം കുറയുന്നതിന്റെ തുടക്കമാണെന്ന് അയാൾക്ക് അറിയില്ലായിരുന്നു. വോട്ടിംഗ് മെഷീനിന്റെ അടുത്തു നിൽക്കുമ്പോൾ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ പേരിനു നേരെ ചൂണ്ടുവിരൽ അമർത്താൻ സാധിക്കാതെ അയാൾ വിറച്ചു. അന്നേരം റൂമിൽ ശക്തിയായ കാറ്റ് വീശുന്നുണ്ടായിരുന്നു. Pachakuthira Magazine Cover - December 2024 Editionവിരൽ ഓരോ തവണയും യന്ത്രത്തിന് നേരെ നീട്ടുമ്പോഴേക്കും കാറ്റ് ഉള്ളു പൊള്ളയായ മനുഷ്യന്റെ ലക്ഷ്യങ്ങളെ ചിതറിച്ചു കൊണ്ടിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും യന്ത്രത്തിൽ നിന്ന്വോട്ട് രേഖപ്പെടുത്തപ്പെട്ട ശബ്ദം കേൾക്കാതെ വന്നതോടെ പോളിംഗ് ഉദ്യോഗസ്ഥർ അക്ഷമരായി. “വേഗമാവട്ടെ…’’ ഉദ്യോഗസ്ഥർ തിരക്കുകൂട്ടി. “സമയം പോകുന്നു.’’ “ഈ കാറ്റിനെ ഒന്ന് പിടിച്ചുകെട്ടിത്തരാമോ?’’ നിസ്സഹായതയോടെ അയാൾ ചോദിച്ചു. “കാറ്റു കാരണം എനിക്ക് തെരഞ്ഞെടുക്കാൻ കഴിയുന്നില്ല.’’ അധികം സമയം ആ സംവാദം നീണ്ടുനിൽക്കാതെ അയാൾ കുഴഞ്ഞുവീണെങ്കിലും, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെങ്കിലും,കൃത്യമായ രോഗനിർണ്ണയം സാധ്യമാകാതെ അല്പനാളുകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ടുവെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. പോളിംഗ് ഉദ്യോഗസ്ഥരുടെ രജിസ്റ്ററിൽ ഒപ്പുവയ്ക്കപ്പെട്ടതിലും ഒന്നു കുറവായിരുന്നു യന്ത്രത്തിൽ രേഖപ്പെടുത്തപ്പെട്ട വോട്ട്. “കണക്കുകൾ ശരിയാക്കാൻ ഞാൻ നോട്ടയ്ക്ക് ഒരു വോട്ട് ചെയ്താൽ മതി.’’ പോളിംഗ് ദിവസം പോളിംഗ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞ് യന്ത്രങ്ങൾ സീൽ വയ്ക്കുന്നതിനു മുൻപ് സാക്ഷിയാകാൻ നിന്ന രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരോട് പ്രിസൈഡിംഗ് ഓഫീസർ ചോദിച്ചു. “അല്ലെങ്കിൽ കണക്കിലെ ഈ വ്യത്യാസം തെരഞ്ഞെടുപ്പിനെ ബാധിക്കും.’’

പാർട്ടിപ്രതിനിധികൾ പരസ്പരം നോക്കി. അന്നേരം തങ്ങളുടെ തലച്ചോറിൽ ഭാരം കുറയുന്നതായി അവർക്ക് തോന്നി. “അയാൾ കുഴഞ്ഞുവീണതായതുകൊണ്ട്… ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതായതുകൊണ്ട്… അതൊക്കെ എല്ലാവരും കണ്ടതായതുകൊണ്ട്…’’ ഒന്നു രണ്ടു പേർ
സംശയിച്ചു പറഞ്ഞു നിർത്തി. “അത് ശരിയാവില്ല.’’ വളരെ നേരത്തെ കൂടിയാലോചനയ്ക്ക് ശേഷം പാർട്ടിപ്രതിനിധികൾ തീരുമാനം പറഞ്ഞു. “ജനാധിപത്യം, ജനാധിപത്യം തന്നെയാണ്. അതിലേക്ക് സൂത്രപ്പണികളില്ല’’. ദിവസങ്ങൾക്ക് ശേഷം അയാൾ വിശ്രമിക്കുകയായിരുന്ന വീട്ടിലെ
മുറിയിലേക്ക് പോളിംഗ് ഉദ്യോഗസ്ഥർ ഒരു പേപ്പറുമായി കടന്നുചെന്നു. “താങ്കളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖകരമാണെങ്കിലും പറയാതിരിക്കാൻ സാധിക്കുന്നില്ല. താങ്കൾ ഞങ്ങളോട് സഹകരിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയപൂർത്തിയാക്കാൻ താങ്കളുടെ വോട്ട്
പൂർത്തീകരിക്കണം.’’

പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റൽ പതിപ്പിനായി സന്ദർശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

 

 

Leave A Reply