DCBOOKS
Malayalam News Literature Website

ഉള്‍ച്ചൂട്; സുഗതകുമാരിയുടെ ഏറ്റവും പുതിയ ലേഖനസമാഹാരം

ഉള്ളുചുടുന്ന വാക്കുകളോടെ കനിവും നീതിയും കെട്ടകാലത്തോട് വിലപിക്കുന്ന ഒരമ്മയുടെ കരുതലാണ് സുഗതകുമാരിയുടെ ഓരോ കുറിപ്പുകളും. ആള്‍ക്കൂട്ടത്തിന്റെ വിധിനടത്തിപ്പില്‍ ജീവന്‍ പൊലിഞ്ഞ ആദിവാസി മധുവും രാഷ്ട്രീയ നൃശംസതയുടെ ഇരകളായ ചന്ദ്രശേഖരനും സുധീഷും പീഡനത്തില്‍ പിച്ചിച്ചീന്തപ്പെട്ട ദലിത് ബാലികയും അടങ്ങുന്ന സമകാലികാവസ്ഥയെ മനുഷ്യത്വം മരവിച്ച നമ്മുടെതന്നെ മുമ്പിലുയര്‍ത്തിക്കാട്ടി നീതിക്കു യാചിക്കുകയാണ് ആ അമ്മ. കെട്ടകാലത്തിന്റെ സമസ്താപരാധങ്ങളും സമൂഹത്തിന്റെ മനസ്സാക്ഷിക്കുമുമ്പിലെത്തിക്കാന്‍ എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള സുഗതകുമാരിയുടെ ഏറ്റവും പുതിയ പുസ്തകമായ ഉള്‍ച്ചൂടും ഈയൊരു പ്രതിബദ്ധതതന്നെയാണ് നിറവേറ്റുന്നത്.

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലുകളിലുള്ള മുപ്പത്തിയഞ്ചോളം ലേഖനങ്ങളുടെ ഈ സമാഹാരവും തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടും. പാരിസ്ഥിതികവും സാംസ്‌കാരികവുമായ നൈതികതയ്ക്കുവേണ്ടിയുള്ള പരിദേവനങ്ങളാണ് ഇതിലെ ഓരോ ലേഖനങ്ങളും. അത്രമാത്രം ആത്മാര്‍ത്ഥവും ആഴത്തിലുമുള്ളതാണ് ഉന്നയിക്കുന്ന ഓരോ വിഷയവും അവതരിപ്പിക്കുന്ന ഒരോ സാമൂഹ്യപ്രശ്‌നങ്ങളും. മാനവികതയുടെ പതാകയാണ് ഈ കുറിപ്പുകളിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. അതൊരു കൊടുങ്കാറ്റിലും ഇളകിപ്പോകുന്നില്ല. അത് മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും ത്യാഗത്തിന്റെയും ദൃഡനിശ്ചയത്തിലുമാണുറപ്പിച്ചിട്ടുള്ളത്. കനല്‍വഴികളില്‍നിന്നു കാരുണ്യമാര്‍ഗത്തിലേക്ക് മനുഷ്യനു മാറാന്‍ കഴിഞ്ഞിങ്കിലെന്ന് പ്രത്യാശ പകരുന്നു എന്നതാണ് ഉള്‍ച്ചൂട് എന്ന പുസ്തകം നല്‍കുന്ന സന്ദേശം.

സാമൂഹിക -സാംസ്‌കാരികരംഗത്തും പാരിസ്ഥിതികരംഗത്തുമുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതപ്പെട്ടതെങ്കിലും ഈ പുസ്തകത്ത വേറിട്ടുനിര്‍ത്തുന്നത് സുഗതകുമാരിയുടെ കവിത്വമാണ്. ശക്തമായ സാമൂഹ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും അതിനുളളിലുള്ള കവിത ഭാഷയെ സുന്ദരമാക്കുന്നത് ഉള്‍ച്ചൂടില്‍ നമുക്ക് അനുഭവിച്ചറിയാം. 2012 ല്‍ സുഗതകുമാരി എഴുതിയ കാടിനുകാവല്‍ എന്ന പാരിസ്ഥിതിക ലേഖനസമാഹരവും ഇത്തരത്തില്‍ വ്യത്യസ്തപുലര്‍ത്തിയിരുന്നു. കേരളം കണ്ട പരിസ്ഥി പ്രക്ഷോഭപരമ്പരകളുടെ ഓര്‍മ്മപ്പെടുത്തലായിരുന്നു കാടിനുകാവല്‍ എന്ന പുസ്തകം. ഇതുകൂടാതെ കാവുതീണ്ടല്ലേ, മേഘം വന്നു തൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖനസമാഹാരങ്ങളും സുഗതകുമാരിയുടേതായുണ്ട്.

 

Comments are closed.