DCBOOKS
Malayalam News Literature Website

ആധാര്‍ സുരക്ഷയ്ക്ക് ഇനിമുതല്‍ വെര്‍ച്വല്‍ ഐഡി

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതുതടയാനായി ആധാര്‍ അതോറിറ്റി (യുഐഡിഎഐ) രണ്ട് പുതിയ സുരക്ഷാമാര്‍ഗങ്ങള്‍ അവതരിപ്പിച്ചു. വെര്‍ച്വല്‍ ഐഡി സംവിധാനം, ഉപയോക്താവിനെ തിരിച്ചറിയാനുള്ള കെവൈസി (നോ യുവരര്‍ കസ്റ്റമര്‍) പരിമിതപ്പെടുത്തുക എന്നീ മാര്‍ഗ്ഗങ്ങളാണ് യുഐഡിഎഐ സ്വീകരിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നുമുതല്‍ എല്ലാ ഏജന്‍സികളും ആധാര്‍ നമ്പറിനുപകരം വെര്‍ച്വല്‍ ഐഡി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം. സമയപരിധി കഴിഞ്ഞും സംവിധാനം ഒരുക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും യുഐഡിഎഐ സര്‍ക്കുലറില്‍ അറിയിച്ചു.

ആധാറിന്റെ സുരക്ഷ അപകടത്തിലാണെന്ന് വിശദീകരിച്ച് ആര്‍ബിഐയുടെ ഗവേഷണവിഭാഗമായ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ബാങ്കിങ് ധവളപത്രം പുറത്തിറക്കിയിരുന്നു. സൈബര്‍ കുറ്റവാളികള്‍ക്കും രാജ്യത്തിന്റെ ശത്രുക്കള്‍ക്കും എപ്പോഴും ലക്ഷ്യവയ്ക്കാവുന്ന ഒന്നായി ആധാര്‍ വിവരങ്ങള്‍ മാറിയെന്ന് ധവളപത്രം ചൂണ്ടിക്കാട്ടി. 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന വിവരം ‘ട്രിബ്യൂണ്‍ പത്രം’ പുറത്തുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുഐഡിഎഐ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്.

വെര്‍ച്വല്‍ ഐഡി സംവിധാനം;
ആധാര്‍ നമ്പര്‍ നല്‍കേണ്ട സാഹചര്യങ്ങളിലെല്ലാം ബയോമെട്രിക് വിവരത്തിനൊപ്പം (വിരലടയാളം) ഉപയോക്താവിന് വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാം. ഒരോ തവണയും പുതിയ 16 അക്ക വെര്‍ച്വല്‍ ഐഡി ഉണ്ടാക്കാം. എന്ത് ആവശ്യത്തിനാണെന്നത് പരിഗണിച്ചാകും ഉപയോക്താവിന്റെ വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് കൈമാറുക. ഉദാഹരണമായി മൊബൈല്‍ കമ്പനിക്ക് പേര്, വിലാസം, ഫോട്ടോ എന്നീ വിവരങ്ങള്‍ മാത്രമാകും ലഭ്യമാക്കുക. മാര്‍ച്ച് ഒന്നുമുതല്‍ വെര്‍ച്വല്‍ ഐഡി ലഭിച്ചുതുടങ്ങും.

ഉപയോക്താവിനെ തിരിച്ചറിയാനുള്ള കെവൈസി (നോ യുവരര്‍ കസ്റ്റമര്‍)) പരിമിതപ്പെടുത്തുക എന്നതാണ് രണ്ടാമത്തെ സുരക്ഷാമാര്‍ഗം. വിവിധ ഏജന്‍സികള്‍ ഉപയോക്താവിന്റെ ആധാര്‍ നമ്പരുകള്‍ ശേഖരിച്ചുവയ്ക്കുന്നത് ഇതുമൂലം തടയാനാകും.

 

Comments are closed.