മലയായ്മയുടെ തെളിമാധുര്യം
അഭിമുഖം
ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി / ജെക്കോബി
കടപ്പാട് – ജീവനാദം ഓണ്‍ലൈന്‍
കേരളനവോത്ഥാനത്തിന്റെ ആദ്യ പ്രമാണരേഖയായി പ്രതിഷ്ഠിക്കപ്പെടേണ്ട ഉദയംപേരൂര്‍ സൂനഹദോസ് കാനോനകള്‍ മലയാളഭാഷയിലെ ഏറ്റവും പഴക്കമുള്ളതും അക്കാലത്തെ ഏറ്റവും ദീര്‍ഘവുമായ ഗദ്യരചനയായും കീര്‍ത്തിതമാണ്. ദൈവശാസ്ത്രം, വിശുദ്ധഗ്രന്ഥ വ്യാഖ്യാനം, ആരാധനക്രമം, പാരമ്പര്യ ആചാരാനുഷ്ഠാനങ്ങള്‍, സഭാനിയമം, സഭാചരിത്രം, സാംസ്‌കാരിക പൈതൃകം, സാമൂഹികജീവിതക്രമം എന്നിവയുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ ഡിക്രികളാണ് ആര്‍ച്ച്ബിഷപ് അലക്സിസ് മെനേസിസ് കൊടുങ്ങല്ലൂര്‍ കോട്ടയില്‍ വച്ച് രണ്ടുമാസം കൊണ്ട്, സുറിയാനിഭാഷയിലും മലയാളഭാഷയിലും നിപുണരായിരുന്ന ഈശോസഭാവൈദികരുടെയും മലയാളത്തിലെ കത്തനാരന്മാരുടെയും സഹായത്തോടെ പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയുണ്ടാക്കി 1599-ല്‍ കൊച്ചി രാജ്യത്തെ ഉദയംപേരൂരില്‍ വിളിച്ചുകൂട്ടിയ മതമഹാസമ്മേളനത്തില്‍ ”എല്ലാവര്‍ക്കും വായിപ്പാനും അറിവാനും തക്ക മലയാംപേച്ചിലും എഴുത്തിലും” അവതരിപ്പിച്ചത്.
എന്നാല്‍, 425 വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘മലയാഷ്മയിലും കര്‍സോനിലും’ എഴുതപ്പെട്ട കാനോനകള്‍ ആധുനിക മലയാളത്തില്‍ വായിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നത് ഇപ്പോഴാണ് – ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെ ആധുനികഭാഷാന്തരണത്തിലൂടെ. ‘മിഷണറി വ്യാകരണം പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍’ എന്ന ഗവേഷണ പ്രബന്ധത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ മലയാളം വകുപ്പധ്യക്ഷനായിരുന്ന എഴുത്തുകാരനും വിവര്‍ത്തകനുമായ പ്രഫ. പെരിഞ്ചേരി, നാലുനാലേകാല്‍ നൂറ്റാണ്ടിനു മുന്‍പത്തെ ഭാഷയുടെ ശൈലീവിന്യാസങ്ങളും നാട്ടുവഴക്കങ്ങളും കാലാന്തരത്തില്‍ പ്രചാരലുപ്തങ്ങളായിക്കഴിഞ്ഞ പദസംഘാതങ്ങളും നിറഞ്ഞ കാനോനകളെ മൂലരൂപത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുകയോ വിട്ടുകളയുകയോ ചെയ്യാതെ സത്യസന്ധമായി, തെളിമയോടെ ഇന്നത്തെ മലയാളത്തിലേക്ക് മാറ്റിയെഴുതിയത് എങ്ങനെയാണ്?
പഴയ പദങ്ങളുടെ അര്‍ഥവും ഇന്നു കാണാനില്ലാത്ത ആചാരവിശേഷങ്ങളെക്കുറിച്ചുള്ള ഹ്രസ്വവിശദീകരണവും ഉള്‍പ്പെടെ അറുനൂറ്റിഎഴുപതില്‍പ്പരം അടിക്കുറിപ്പുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഭാഷാന്തരണത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഡോ. പ്രീമൂസ് പെരിഞ്ചേരി സംസാരിക്കുന്നു:
ഉദയംപേരൂര്‍ സൂനഹദോസിന്റെ 425-ാം വാര്‍ഷികത്തില്‍, ഇന്ത്യയിലെ ക്രൈസ്തവസഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ആ മഹാമതസമ്മേളനത്തിലെ തീര്‍പ്പുകളുടെ സമ്പൂര്‍ണ രേഖ ആധുനിക മലയാളഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യാനുള്ള നിയോഗം അങ്ങ് ഏറ്റെടുക്കാനുള്ള മുഖ്യപ്രേരണ എന്താണ്?
ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടന്നിട്ടുണ്ടെങ്കിലും അത് ഇന്നത്തെ മലയാള ഭാഷയിലേക്ക് ആരും മാറ്റിയെഴുതിയിട്ടില്ലെന്നത് ഒരു വിസ്മയമായിരുന്നു. 425 കൊല്ലം മുമ്പുള്ള ശൈലീവിന്യാസങ്ങളും നാട്ടുവഴക്കങ്ങളും പ്രചാരലുപ്തങ്ങളായിക്കഴിഞ്ഞ പദസംഘാതങ്ങളും ഒരു വലിയ വെല്ലുവിളിയായതുകൊണ്ടാവാം അതിന് ആരും മുതിരാതിരുന്നത്. കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറിയും ചരിത്രഗ്രന്ഥ രചയിതാവുമായ ഡോ. ഫാ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പിലും ഭാഷാഗവേഷകനായ ഡോ. കുര്യാസ് കുമ്പളക്കുഴിസാറും നിര്‍ബന്ധിച്ചതിനാലാണ് ഒന്നു പരിശ്രമിച്ചുനോക്കാം എന്നു വിചാരിച്ചത്. എന്നാല്‍, അത് ഒരിക്കലും അത്ര എളുപ്പമുള്ള പണിയല്ല എന്നു മനസ്സിലായതുകൊണ്ടും കുടുംബസംബന്ധമായ കടുത്ത ചില അസൗകര്യങ്ങള്‍കൊണ്ടും നാലു കൊല്ലത്തോളം ഒന്നും ചെയ്യാന്‍ പറ്റിയില്ല. 2024 ജൂണ്‍ മാസം ഉദയംപേരൂര്‍ സൂനഹദോസിന്റെ 425-ാം വാര്‍ഷികമാണെന്ന് അവര്‍ ഓര്‍മപ്പെടുത്തിയപ്പോള്‍, ഇനി വൈകുന്നത് അനൗചിത്യമാകും എന്നു കരുതി ഒരു ദൈവനിയോഗംപോലെ അത് ഏറ്റെടുക്കുകയായിരുന്നു.
ഈ ഭാഷാന്തരണത്തിന്റെ ഭാഷാചരിത്രപരമായ പ്രാധാന്യത്തില്‍ നിന്നു തുടങ്ങാം. മലയാളഗദ്യത്തിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ദീര്‍ഘമായതുമായ രചന എന്ന നിലയില്‍ കാനോനകളുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?
ഈ ഭാഷാന്തരണത്തിന് ദ്വിമുഖപ്രാധാന്യമുണ്ട്. ഒന്ന്, സഭാതലത്തിലും കേരളസഭയുടെ മതസങ്കല്പനങ്ങളിലും മൗലികമായൊരു പൊളിച്ചെഴുത്ത് സൂനഹദോസ് നടത്തി. അന്ന് കേരളസമൂഹത്തില്‍ നിലനിന്നിരുന്ന ഒട്ടേറെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കുമെതിരേയുമുണ്ടായ പ്രഥമ ശബ്ദവിപ്ലവം എന്ന നിലയ്ക്ക്. അന്നത്തെ എഴുത്തുഭാഷ നാലുനാലേകാല്‍ നൂറ്റാണ്ടു പിന്നിടുമ്പോള്‍, വന്നുഭവിച്ച ആശാവഹവും ഭാവാത്മകവുമായ മാറ്റങ്ങളെക്കുറിച്ചുള്ള പഠനസാധ്യതകള്‍ നിരവധിയാണ് എന്നതാണ് രണ്ടാമത്തെ കാര്യം. പറയുന്നതിലെ വൈശദ്യത്തില്‍ കാനോനയെഴുത്തുകാര്‍ കാണിക്കുന്ന നിഷ്ഠ ശ്രദ്ധിക്കാതെ വയ്യ. വിവക്ഷിതം വായനക്കാരനും കേള്‍വിക്കാരനും അതിമാത്രം വ്യക്തമാകണമെന്ന കടുത്ത വാശി എഴുത്തില്‍ നിരന്തരം പ്രകടമാണ്. ആശയക്ലിഷ്ടത ഇവിടെ കണികാണാനില്ല. രചനാപരമായ ഐകാഗ്ര്യം, ആശയാവതരണത്തില്‍ ദീക്ഷിച്ചിരിക്കുന്നു. കെട്ടുകാഴ്ചകളോടുള്ള വൈമുഖ്യം, എഴുതുന്നതിലെ നിഷ്‌കാപട്യം എന്നിവ കാനോനകളുടെ മുഖലക്ഷണമാണ്.
അങ്ങ് മിഷണറിഗദ്യത്തെക്കുറിച്ച് നടത്തിയിട്ടുള്ള ഗവേഷണങ്ങളുടെ പശ്ചാത്തലത്തില്‍, ഭാഷാശാസ്ത്രം, വ്യാകരണം, ശൈലി, ലിപിവിന്യാസം, വാക്യഘടന, വ്യവഹാരഭാഷ തുടങ്ങി ഫിലോളജിയുമായി ബന്ധപ്പെട്ട് കാനോനകളെ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
മിഷണറി വ്യാകരണത്തെപ്പറ്റിയായിരുന്നു എന്റെ ഗവേഷണം. അതും പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ സംഭാഷണശൈലിയുടെ വ്യാകരണം. അതിനും രണ്ടുരണ്ടര നൂറ്റാണ്ടിനപ്പുറമാണല്ലോ കാനോനകളുടെ രചനാകാലം. അതുമാത്രമല്ല, വിദേശ മിഷണറിമാര്‍ വ്യാകരണം രചിച്ചത് മുഖ്യമായും അവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും അത്യാവശ്യം വേദപാഠങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ്. അത് പ്രയോഗസാധുത മുന്‍നിര്‍ത്തിയുള്ള ഒന്നായിരുന്നു. പക്ഷേ, പദങ്ങളുടെ അര്‍ഥം നിജപ്പെടുത്തുന്ന ശബ്ദകോശം – നിഘണ്ടു – നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ ഭാഷയിലെ പ്രഥമഗദ്യവ്യാകരണവും നിഘണ്ടുവും നമുക്ക് സമ്മാനിച്ചു എന്നതാണ് മിഷണറി സംരംഭങ്ങളുടെ ധന്യസാഫല്യം. പില്‍ക്കാല വ്യാകരണ രചനയ്ക്ക് മിഷണറിമാരുടെ വ്യാകരണ പദ്ധതി മാര്‍ഗദര്‍ശകമായി എന്ന് കേരളപാണിനിയും മറ്റും വാഴ്ത്തുന്നത് ഈ ഭൂമികയിലാണ്. കാനോനകള്‍ എഴുതുമ്പോള്‍, മിഷണറി വ്യാകരണം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നുതന്നെ വേണം കരുതാന്‍. അലക്‌സിസ് മെനേസിസ് മെത്രാപ്പോലീത്ത പോര്‍ച്ചുഗീസ് ഭാഷയില്‍ തയ്യാറാക്കിയ കാനോനകളുടെ മലയാള വിവര്‍ത്തനമാണ് 1599-ലെ കാനോനകള്‍. അതു വിവര്‍ത്തനം ചെയ്തത് പള്ളുരുത്തിക്കാരന്‍ ചാക്കോ കത്തനാരും (ഫാ. ജേക്കബ് വെളിപ്പറമ്പില്‍) ബഹുഭാഷാനിപുണനായിരുന്ന ഫ്രാന്‍സിസ് റോസ് മെത്രാനും ചേര്‍ന്നാണ്. കാനോനകളിലെ ഭാഷ പരിശോധിക്കുമ്പോള്‍, അന്നത്തെ മലയാള വിചാരധാരകളെ ലാവണ്യസുരഭിയാക്കിയ ജൈവസംസ്‌കൃതീസംഘാതം നമ്മെ അമ്പരിപ്പിക്കുകതന്നെ ചെയ്യും.
”എല്ലാവര്‍ക്കും വായിപ്പാനും അറിവാനും തക്ക മലയാംപേച്ചിലും എഴുത്തിലും സൂനഹദൊസ എഴുതപ്പെട്ടു.” മലയാഷ്മയിലും കറുസോനിലും എഴുത്തുപ്പെട്ട കാനോനകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഓലയില്‍ എഴുതിയ ‘മലയാഷ്മ’ പതിപ്പിലും കടലാസില്‍ എഴുതിയ കര്‍സോന്‍ (ഗര്‍ഷുനി) പതിപ്പിലും സൂനഹദോസില്‍ പങ്കെടുത്ത പ്രതിനിധികളെല്ലാം ഒപ്പുകുത്തണമെന്നായിരുന്നു നിര്‍ദേശം. തുഞ്ചത്തെഴുത്തച്ഛന്‍ ആധുനിക മലയാളലിപി അവതരിപ്പിക്കുന്നതിനു മുന്‍പ് കോലെഴുത്തും തെക്കന്‍ തിരുവിതാംകൂറിലെ മലയാണ്മയും കലര്‍ന്ന ഒരു ഭാഷാസ്വരൂപമായിരുന്നോ പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്ന് മൊഴിമാറ്റിയ ഡിക്രികളില്‍ നാം കാണുന്നത്?
എല്ലാവര്‍ക്കും ഉതകുന്ന മലയാംപേച്ചിലും (മലയാഴ്മ) കര്‍സോനിലും (മലയാളം സുറിയാനി ലിപിയില്‍ എഴുതുന്ന രീതി) കാനോനകള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ പരിഗണനയ്ക്കുവന്നത് മലയാളഭാഷയില്‍ എഴുതപ്പെട്ട കാനോനകളാണ്. അത് 1952-ല്‍ കെ.എന്‍. ഡാനിയേല്‍ സാറും 1976-ല്‍ പാഠവും പഠനവും എന്ന നിലയില്‍ ഡോ. സ്‌കറിയാ സക്കറിയാ സാറും തയ്യാറാക്കിയതാണ്. ഡാനിയേല്‍സാറ് അവതരിപ്പിക്കുന്നത്, മൂലപാഠം അങ്ങനെതന്നെ എന്ന നിലയ്ക്കാണ്. എന്നാല്‍, ഗവേഷക പ്രമുഖനായ ഡോ. സ്‌കറിയാ സക്കറിയ മൂലപാഠം അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹത്തിന്റേതായ ഒരു വ്യാഖ്യാനസമേതമാണ്. അദ്ദേഹം നല്‍കുന്ന വ്യാഖ്യാനവും വിശദീകരണങ്ങളും ഏതാണ്ടൊക്കെ മുന്‍വിധിയോടും സ്വന്തം താത്പര്യങ്ങള്‍ക്കനുസൃതമായുമാണെന്ന് കരുതുന്നവരുണ്ട്. വിയോജിപ്പുള്ളവര്‍ അതു സ്വീകരിക്കണമെന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിരവധി പ്രാചീനപദങ്ങളുടെയും പ്രചാരലുപ്തമായ വാക്കുകളുടെയും അര്‍ഥവും ആശയവും വ്യക്തമാക്കുന്നുണ്ട്.
ഞാന്‍ ആധുനിക ഭാഷാന്തരണം നടത്തിയപ്പോള്‍, മൂലരൂപം (ടെക്സ്റ്റ്) അങ്ങനെതന്നെ വായനക്കാര്‍ക്ക് സുവ്യക്തമാക്കാനാണ് ശ്രമിച്ചത്. ഒന്നും കൂട്ടിച്ചേര്‍ക്കുകയോ വിട്ടുകളയുകയോ ചെയ്യാത്ത സത്യസന്ധമായ സമീപനം വേണമെന്നായിരുന്നു എന്റെ താത്പര്യം. ആശയവ്യക്തതയ്ക്കുവേണ്ടി ചില വാക്കുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് വലയിതഭാഗങ്ങളായി (ബ്രാക്കറ്റ്) ചേര്‍ത്തിരിക്കുന്നു. പഴയ പദങ്ങളുടെ അര്‍ഥവും ഇന്നു കാണാനില്ലാത്ത ആചാരവിശേഷങ്ങളെക്കുറിച്ചുള്ള ഒറ്റ വാക്യത്തിലുള്ള അതിഹ്രസ്വ വിശദീകരണങ്ങളുമുള്‍പ്പെടെ അറുനൂറ്റിഎഴുപതില്‍പ്പരം അടിക്കുറിപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. അത് വായന സുഗമവും ഗ്രഹണസുകരവുമാക്കുമെന്നാണ് വിശ്വാസം.
സുറിയാനി ലിപിയില്‍ (ഒന്‍പത് മലയാള വര്‍ണങ്ങളും ചേര്‍ത്ത്) മലയാളരചന കേരളത്തിലെ മാര്‍തോമാ ക്രൈസ്തവരുടെ ഭാഷാസാഹിത്യ പൈതൃകത്തിന്റെ ഭാഗമാണല്ലോ. ജൂത മലയാളം, അറബി മലയാളം എന്നിവയ്ക്കു സമാനമായി കേരളതീരത്ത് സുറിയാനി മലയാളവും പോര്‍ച്ചുഗീസ് കാലത്തിനു മുന്‍പ് നിലവിലുണ്ടായിരുന്നതായി നമുക്കറിയാം. ഉദയംപേരൂരില്‍ അംഗീകരിച്ച് ഒപ്പുകുത്തിയ സൂനഹദോസ് കാനോനകളുടെ ഒറിജിനല്‍ പകര്‍പ്പുകള്‍ ഇതേവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ബാംഗളൂര്‍ ധര്‍മാരാം കോളജിലും മാന്നാനത്തെ സിഎംഐ ആശ്രമത്തിലും മറ്റുമായി സുറിയാനി മലയാളത്തിലുള്ള കാനോനകളുടെ ആധികാരിക പകര്‍പ്പുകളെന്നു കരുതപ്പെടുന്ന കൈയെഴുത്തുപ്രതികള്‍ പഠനവിധേയമാക്കിയിട്ടുണ്ട്. കെ.എന്‍. ഡാനിയേലിന്റെയും (1952) ഡോ. സ്‌കറിയ സക്കറിയയുടെയും (1976) കാനോനാ പാഠങ്ങളാണല്ലോ മലയാളത്തിലെ മൂലകൃതികളായി നാം ഇതുവരെ അച്ചടിച്ചു കണ്ടിട്ടുള്ളത്. ഇപ്പോള്‍ 2024-ല്‍ അവയുടെ അധുനിക മലയാളഭാഷാന്തരം ഡോ. പ്രീമൂസ് പെരിഞ്ചേരിയുടേതായി പുറത്തുവരുന്നു. ഇതിലെ ഭാഷാസാഹിത്യ വികാസചരിത്രത്തെക്കുറിച്ച് ഒന്നു വിവരിക്കാമോ?
ആധുനിക ഭാഷാന്തരണത്തിന് ഞാന്‍ നേരത്തേ പറഞ്ഞ കെ.എന്‍. ഡാനിയേല്‍, ഡോ. സ്‌കറിയാ സക്കറിയാ എന്നീ രണ്ടു പേരുടെ ഗ്രന്ഥങ്ങളെ മാത്രമേ ആശ്രയിച്ചിട്ടുള്ളൂ. അതിലൊന്നും ഉള്ളടക്കത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യതിയാനങ്ങളൊന്നുമില്ല. എന്നാല്‍, കാനോനകളുടെ എണ്ണം കൃത്യമായി പറയാന്‍ നിര്‍വാഹമില്ലെന്നാണ് എന്റെ പക്ഷം. ചിലപ്പോള്‍ ദീര്‍ഘമായ ഒരു ഖണ്ഡിക ഒരു കാനോന മാത്രമായിരിക്കും. വേറെ ചില ഖണ്ഡികകളിലാവട്ടെ, രണ്ടും മൂന്നും കാനോനകള്‍, അതിന്റെ അവാന്തരവിഭാഗങ്ങള്‍ എന്നിവ കാണുന്നു. ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളുടെ എണ്ണത്തെപ്പറ്റി പലരും പറയുന്നത്, അവരുടെ നിഗമനങ്ങള്‍ മാത്രമാണെന്ന് ഞാന്‍ നിരീക്ഷിക്കുന്നു.
മിഷണറിശൈലിയിലെ മലയാളത്തിലെ ആദ്യ ബൃഹത്ഗ്രന്ഥമെന്ന നിലയ്ക്ക് ഭാഷ, സംസ്‌കാരം, സഭാചരിത്രം, കൊളോണിയല്‍ ആഖ്യാനം, നാട്ടുചരിത്രം, ജ്ഞാനോത്പാദനം, ചിഹ്നവ്യവസ്ഥ എന്നിങ്ങനെ വിവിധ തലങ്ങളില്‍ വിപുലമായ ഗവേഷണപഠനങ്ങള്‍ക്കു വിധേയമായ കാനോനകളെ സംബന്ധിച്ച് മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ള അക്കാദമിക പണ്ഡിതന്‍ ഡോ. സ്‌കറിയാ സക്കറിയ ആണെന്നു തോന്നുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം വകുപ്പ് മേധാവിയായിരുന്ന അദ്ദേഹം ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് എഴുതിയ പല കാര്യങ്ങളിലും പിന്നീട് ഒരു പൊളിച്ചെഴുത്ത് വേണമെന്ന ബോധ്യത്തില്‍ ചെന്നെത്തിയതായി നാം കാണുന്നുണ്ട്. അങ്ങയുടെ മിഷണറിഗദ്യ ഗവേഷണകാലത്ത് ഇതേക്കുറിച്ച് ഡോ. സ്‌കറിയാ സക്കറിയയുമായി ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടന്നിട്ടുണ്ടോ?
കാനോനകളെപ്പറ്റിയും അതിന്റെ ഭിന്നഘടകങ്ങളെപ്പറ്റിയും ആധികാരികവും വിപുലവും സമഗ്രവുമായ പഠനം ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെയായി നടത്തിയിട്ടുള്ളത് ഡോ. സ്‌കറിയാ സക്കറിയാ സാര്‍ തന്നെയാണ്. ആദ്യകാലത്ത് അദ്ദേഹം സൂനഹദോസ് കാനോനകളെപ്പറ്റി സംസാരിച്ചപ്പോള്‍ മുന്‍വിധിയോടെയായിരുന്നു എന്നും പക്ഷപാതപരമായിരുന്നു എന്നും കരുതുന്നവരുണ്ട്. എന്നാല്‍, പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ഉദയംപേരൂര്‍ സൂനഹദോസ് മതമേഖലയിലും പൊതുസമൂഹഘടനയിലും ആശാവഹവും ഭാവാത്മകവുമായ മാറ്റങ്ങളുടെ പ്രഭണതം മുഴക്കുകയായിരുന്നു എന്ന് സിദ്ധാന്തരൂപേണ ഉപപാദിച്ചിട്ടുണ്ട്.
എന്റെ ഗവേഷണം നടക്കുമ്പോള്‍ അദ്ദേഹം കാലടി യൂണിവേഴ്‌സിറ്റിയില്‍ മലയാളം വകുപ്പധ്യക്ഷനായിരുന്നു. അതിനാല്‍, അദ്ദേഹവുമായി പലപ്പോഴും ആശയവിനിമയം നടത്തേണ്ടിവന്നിട്ടുണ്ട്. അതൊക്കെയും മിഷണറി വ്യാകരണവുമായി ബന്ധപ്പെട്ടായിരുന്നു. കാനോനകളെപ്പറ്റി സംസാരിക്കേണ്ട ആവശ്യം അന്ന് ഉണ്ടായിരുന്നില്ല.
കാനോനകളില്‍ നിരവധി പ്രാചീനപദങ്ങളും അന്യഭാഷാപദങ്ങളും നാം വായിക്കുന്നുണ്ട്. ആധുനിക ഭാഷാന്തരത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ പദങ്ങളുടെ നീണ്ട ഗ്ലോസറി തന്നെയുണ്ടാകും. മൗത്വ, യൊഗവിചാരം എന്നിവയില്‍ നിന്നു തുടങ്ങി ഇന്ന് പ്രചരിതമല്ലാത്ത നിരവധി പദപ്രയോഗങ്ങള്‍ പഴയ കാനോനകളില്‍ കാണാം. ഇത്തരം പദങ്ങളുടെ നീണ്ട പട്ടികയില്‍ ഏറ്റവും രസകരമായ ചിലത് എടുത്തുപറയാമോ? എകാര ഒകാരങ്ങളുടെ ഹ്രസ്വദീര്‍ഘഭേദം, പദാവസാനത്തിലെ അരയുകാരം എന്നിവയുമായി ബന്ധപ്പെട്ട ലിപിവ്യവസ്ഥയുടെയും വ്യാകരണത്തിന്റെയും മറ്റും സാങ്കേതിക പ്രശ്നങ്ങള്‍ വേറെയും. അവയെ അങ്ങ് എങ്ങനെയാണ് കൈകാര്യം ചെയ്തത്?
ആധുനികഭാഷാന്തരണത്തില്‍ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയത്, അര്‍ഥം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതും പ്രചാരലുപ്തവുമായ പദങ്ങളും നാട്ടുവഴക്കങ്ങളുമാണ്. അവയെല്ലാംതന്നെ മതവുമായും സഭയുമായും ബന്ധപ്പെട്ട പദങ്ങളായതിനാല്‍, അവയൊന്നും നമ്മുടെ പില്‍ക്കാല നിഘണ്ടുകളില്‍ കയറിപ്പറ്റിയിട്ടില്ല. കുറച്ചൊക്കെ സ്‌കറിയാ സക്കറിയാ സാറിന്റെ പുസ്തകത്തിനൊടുവില്‍ ചേര്‍ത്തിരിക്കുന്ന ഗ്ലോസറിയില്‍ കാണാം. അതിന്റെ എത്രയോ ഇരട്ടിയാണ് അതിലുംപെടാതെ കിടക്കുന്നത്! കുറെയേറെ പഴയ സുറിയാനിയും അറബിയും പോര്‍ച്ചുഗീസുമൊക്കെയാണ്. അത് വളരെ ക്ലേശിച്ച് കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. ചില പദങ്ങള്‍ നോക്കാം. അടാത്ത (ചേരാത്ത), അംശം (പദവി, സ്ഥാനം), അരിപ്പം (പ്രയാസം), അഴിവ് (ചെലവ്), ഉടുക്ക (തവണ), എണങ്ങര്‍ (അല്മായര്‍), ഐമോസ്ത്യം (ഐക്യം), ഒരിംപാട (ഐക്യം), കരുന്തല (തലമുറ), കാവ്യര്‍ (അക്രൈസ്തവര്‍), ക്രാസു (പുസ്തകം), ചകം (ശവം), ചൊതദ്രവം (മന്ത്രവാദം), തുക്കാസാ (ക്രമ), തുടര്‍മാസം (പ്രാരംഭം), നൃള്ളാണര്‍ (നാണം കെട്ടവര്‍), പട്ടാങ്ങ (സത്യം), പുല്പം (പ്രസംഗപീഠം), പെണക്കം (പിഴകള്‍), ലെര്‍ക്ക (തര്‍ജ്ജുമ), ചൊല്ലിത്ത (ചീത്ത, മോശം), മയ്യല്‍ (സായാഹ്നം), മെനിക്ഷയം (മാനക്കേട്), യാവന (ഭക്ഷണം), വരണ (വര്‍ജനം), വിത്തം (ബീജം), ശരസിക്ക (സൂക്ഷിച്ചുവയ്ക്കുക), മൗത്വാ (സെഷന്‍), സഹ (അധ്യായം).
ഇതിനിടെ മനോഹരമായ പല പദപ്രയോഗങ്ങളും ഭാവകല്പനകളും ദൃശ്യമാണ്. ഉദാ: മാനം കാല്‍ ഊന്നിയതിനകത്തുള്ള (ഭൂചക്രവാളസീമയ്ക്കുള്ളിലെ), തൊന്നിയതിനാം പക്കം (തോന്നിയതിനാല്‍), പ്രതലിച്ചുപോക (തിരക്കിട്ട് പിരിഞ്ഞുപോകുക), വായിരില്‍ (വൈകുന്നേരം), ശുദ്ധമാന റോമാപള്ളി (പരിശുദ്ധ റോമാസഭ), കറകടപൊക്കുവാന്‍ (പാപം പൊറുക്കാന്‍), പ്രമാണത്താല്‍ എന്നിയെ (കല്പന കൂടാതെ), മാനം വളഞ്ഞതിനകത്തുപതറപ്പെട്ട (ആഗോളവ്യാപകമായി), വെളിച്ചമേ കാണുന്നു (പ്രത്യക്ഷമായി), തമ്പുരാന്റെ നെറിവാലേ (ദൈവനീതിയാല്‍), തിരിവിളവും വാണ (തിരുമനസ്സിനു കീഴ്‌പ്പെട്ട), എരപ്പുനമസ്‌കാരം (യാചനാപ്രാര്‍ത്ഥന), മിശിഹാടെ ജീവനായ സന്ധുക്കള്‍ (യേശുവിന്റെ സജീവഅവയവങ്ങള്‍), തലയൊട്ടിയിലെ എഴുത്ത് (ശിരോലിഖിതം), ചെതംഅല്ല (ശരിയല്ല), വഴക്കത്തിന്റെ ശക്തിയാലെ (പാരമ്പര്യബലത്താല്‍), മാര്‍ഗം അല്ലാത്ത (നിയമാനുസൃതമല്ലാത്ത), വിധിപ്പിനുടെ ദിവസം (അന്ത്യവിധിനാള്‍), പലപല ദുഷിപദം (ദുഷ്പ്രവാദങ്ങള്‍), ആസമുട്ടം (മുഴുവനും), മുമ്പാകുന്ന കൂദാശ (ആദ്യത്തെ കൂദാശ), കാതല്‍വചനങ്ങള്‍ (മര്‍മ്മപ്രധാന വാക്യങ്ങള്‍) ചെറുകെച്ചെറുകെ (തരിതരിയായി), വേണ്ടത്തക്കവര്‍ (യോഗ്യരായവര്‍), പെറ അണഞ്ഞു (പ്രസവം അടുത്തു), ചോദ്യത്തുംപക്കല്‍ (ചോദ്യം ചെയ്യുമ്പോള്‍), ഇടുപൊടുക്കന്ന (പെട്ടെന്ന്), എഴുത്തപെട്ട (പറഞ്ഞിട്ടുള്ള), മൊഹത്താലെ പെഴച്ചതിനാല്‍ (മോഹപാപം ചെയ്തതിനാല്‍) ഒടലില്‍ കനമായ കൊറവുള്ളവര്‍ (വികലാംഗര്‍), കുഷ്ഠവും വ്യാധിയുമുള്ളവര്‍ (മാറാരോഗികള്‍), ചരടുവാങ്ങിയിരിക്കുക (വിവാഹം വേര്‍പ്പെടുത്തുക), അവരാസം (അപരാധം – വ്യഭിചാരം), ചാര്‍ച്ചെടെ പന്തികള്‍ (ബന്ധുനിര), ചങ്കിരാതെ (വകവയ്ക്കാതെ).
ഉദയംപേരൂര്‍ സൂനഹദോസില്‍ ശപിച്ചുതള്ളിയ, വിലക്കപ്പെട്ട പുസ്തകങ്ങളുടെ ഒരു പട്ടികതന്നെ കാനോനകളില്‍ കാണാം. മാര്‍തോമാ നസ്രാണികളുടെ പൈതൃകവും വിശ്വാസപാരമ്പര്യങ്ങളും അപ്പാടെ തകര്‍ത്ത ഒരു കൊളോണിയല്‍ ചരിത്രസംഭവമായി 1599-ലെ ഈ മഹാസമ്മേളനത്തെ കാണുന്നവര്‍ ഇത്രയും കാലം അവരുടെ വ്യാഖ്യാനങ്ങള്‍ക്ക് ആധാരമാക്കിയ പാഠഭാഗങ്ങള്‍ ആധുനിക മലയാളത്തില്‍ വായിക്കുമ്പോള്‍ എന്താണു സംഭവിക്കുക? വിലക്കപ്പെട്ട പുസ്തകങ്ങളില്‍ ചിലതിലെ ‘പിണക്കങ്ങള്‍’, ദൈവശാസ്ത്രപരമായ അപഭ്രംശങ്ങള്‍ എന്തൊക്കെയാണെന്ന് ഇതില്‍ വ്യക്തമാകുന്നുണ്ടല്ലോ?
മന്ത്രവാദം, കൂടോത്രം തുടങ്ങിയ വിലക്കപ്പെട്ട കാര്യങ്ങള്‍ വിവരിക്കുന്ന പുസ്തകങ്ങള്‍, സ്ത്രീകളെ വശീകരിക്കുന്നതിനുള്ള ക്രമങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ കേരള നസ്രാണികള്‍ക്കിടയില്‍ സുലഭമായിരുന്നുവത്രെ. അന്ന് അച്ചടി പ്രചാരത്തിലില്ലല്ലോ. കൈയെഴുത്തുപ്രതികളേ ഉണ്ടാവൂ. സൂനഹദോസ് വിലക്കിയതും ശപിച്ചുതള്ളിയതുമായ പുസ്തകങ്ങള്‍ കത്തിച്ചുകളഞ്ഞത്, അവ മേലില്‍ ലഭ്യമാകാതിരിക്കാനാണ്. അവയില്‍ പലതും കൈവശം സൂക്ഷിച്ചിരുന്നവര്‍, സൂനഹദോസ് പ്രബോധനങ്ങള്‍ക്കനുസൃതം, സ്വമേധയാ സമ്മേളനസ്ഥലത്തുവച്ചുതന്നെ കത്തിച്ചുകളയുകയായിരുന്നു. പിണക്കങ്ങള്‍ (പിഴവുകള്‍) പരിഹരിക്കാം. പക്ഷേ, അപ്പാടെ ആപത്കാരിയാണെങ്കില്‍, ഉന്മൂലനാശമല്ലാതെ മാര്‍ഗമില്ലായിരുന്നല്ലോ.
Comments are closed.