ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ. ജിതകുമാര്‍, ശ്രീകുമാര്‍ എന്നീ പൊലീസുകാര്‍ക്കാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. രണ്ടു ലക്ഷം രൂപ വീതം പിഴയും ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്. കേസിലെ നാല് മുതല്‍ ആറ് വരെയുള്ള പ്രതികളായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ടി.അജിത് കുമാര്‍, മുന്‍ എസ്.പിമാരായ ഇ.കെ. സാബു, ടി.കെ ഹരിദാസ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും 5000 രൂപ വീതം പിഴയും ഇതോടൊപ്പം കോടതി വിധിച്ചിട്ടുണ്ട്.
കേസിലെ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം, കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കുറ്റസമ്മതത്തിനായി അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, ഇതിനായി കുറ്റകരമായ ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്. 2005-ല്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അഡീഷണല്‍ കോടതിയിലെ വിചാരണക്കിടെ പൊലീസുകാര്‍ കൂട്ടത്തോടെ കൂറുമാറിയപ്പോള്‍ അട്ടിമറിക്കപ്പെട്ട കേസില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം വന്നതും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായതും.
Comments are closed.