മനുഷ്യജീവിതാവസ്ഥകളുടെ വായന…!
സുബിൻ അമ്പിത്തറയിൽ രചിച്ച ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന കാവ്യസമാഹാരത്തെക്കുറിച്ച് ദിവാകരൻ വിഷ്ണുമംഗലം പങ്കുവെച്ച കുറിപ്പ്
വർത്തമാനകാല മലയാളകവിതയിലെ ശ്രദ്ധേയരായ പുതുകവികളിൽ ഒരാളാണ് സുബിൻ അമ്പിത്തറയിൽ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സുബിന്റെ “ഉച്ചാന്തലമേലേ പുലർകാലേ ” എന്ന ആദ്യ കവിതാസമാഹാരം വായിച്ചപ്പോൾ എനിക്കുണ്ടായ ആനന്ദവും അതിശയവും ഏറെയാണ്. നൂതനമായ കാവ്യപരിസരവും അവയുടെ പരിചരണവും ലാളിത്യത്തിന്റെ തെളിച്ചവും ദർശനത്തിന്റെ മുറുക്കവും ഗദ്യത്തിന്റെ കാവ്യസൗന്ദര്യവും ഈ കവിതകളുടെ ജീവജലമാണ്. നിത്യജീവിത സന്ദർഭങ്ങളിലെ കവിതാസാധ്യതകളുടെ കണ്ടെത്തലുകളും പരിചിതപരിസരങ്ങളിലെ ചരവും അചരവുമായ ഏതിലേക്കും മനുഷ്യജീവിതാവസ്ഥകളുടെ വായനയും , മനുഷ്യനിലെ മരങ്ങളും പക്ഷികളും ഇതര ജീവികളും കാറ്റും കടലും വെയിലും മഴയുമെല്ലാം ഇതിൽ അത്യധികം സ്നേഹത്തോടെ വാത്സല്യമൂറുന്ന നർമോക്തികളോടെ സുബിൻ മലയോരത്തെ കാനനക്കുളിരിൽ ഭാഷയുടെ ആർദ്രതയിൽ നമുക്ക് പകർന്നു തരുന്നു. തിരിച്ച് പ്രകൃതിയിലെ എല്ലാത്തിനെയും മനുഷ്യകഥാനുഗായികളായി കവിതപ്പെടുത്തുകയും ചെയ്യുന്നു. പുതിയ കവികളുടെ നല്ല കവിതാപുസ്തകങ്ങൾ വാങ്ങിവായിക്കുമ്പോഴുള്ള നിറഞ്ഞസംതൃപ്തിയാൽ ഈ പുതുകവിതാഭാവുകത്വത്തെ ഞാൻ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു.
(ഈ സമാഹാരത്തിലെ “വീട് ” എന്ന കവിത ഇതോടൊപ്പം ) വീട്/സുബിന്‍ അമ്പിത്തറയില്‍.
ജോലിക്ക് പോകാൻ
തിരക്കിട്ട് നിരത്തിലിറങ്ങുമ്പോൾ
പിന്നിൽ എന്നേം നോക്കി
ഇളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും വീട്.
ഒരു തൊഴിലിനും പോകാതെ
സദാ സമയം മുറ്റത്തിങ്ങനെ
കുത്തിയിരിക്കുന്ന വീടിനെ
നാലെണ്ണം പറയാനോങ്ങും.
വൈകുന്നേരം ഇങ്ങോട്ട് തന്നെ
വരണമെന്നോർക്കുമ്പോൾ
ഒന്നും പറയാതെ
തിരിച്ചൊരിളി കൊടുത്തിട്ട്
ഞാനെൻറെ വഴിക്ക് പോകും.
പളളിപ്പറമ്പിൽ പൊറുതിക്ക്
പോയതിൽ പിന്നെ
അമ്മയുമപ്പനും തിരിച്ച് വന്നിട്ടില്ല.
അവിടെയാകുമ്പോള്‍
പണിക്കൊന്നും പോകാതെ
സുഖമായ് കിടന്നുറങ്ങിയാ മതിയല്ലോ.
വീടിനെ പൂട്ടിയിട്ടേച്ചാ ഞാനിപ്പോ
എവിടെങ്കിലുമൊക്കെ പോകുന്നത്.
തീനും കുടിയും ഹോട്ടലീന്നാക്കിയേ പിന്നെ
വീടിനും ആകെയൊരു ക്ഷീണം വന്നിട്ടുണ്ട്.
വല്ലപ്പോഴും അടുക്കള വഴി വരാറുളള
കളളി പൂച്ചയും ഇപ്പോ വരാറില്ല
ഒന്ന് പ്രണയിക്കാനോ,
മിണ്ടാനോ പറയാനോ
തൊട്ടടുത്തെങ്ങും മറ്റൊരു
വീടുപോലുമില്ലാത്ത
വീടിൻറെ പകലുകളെ ചിന്തിക്കുമ്പോൾ
എൻറെ അവസ്ഥ എത്ര ഭേദമെന്നോർക്കും.
രാത്രി വന്ന് ഏകാന്തതയുടെ
വലിയ കറുത്ത പുതപ്പിട്ട്
എന്നേം വീടിനേം പുതപ്പിക്കും.
എനിക്കപ്പോ വീടിനെ
കെട്ടിപ്പിടിച്ച് കരയാൻ തോന്നും.
നേരം വെളുക്കുമ്പോൾ കാണാം
മുറ്റമാകെ നനഞ്ഞ് കിടക്കുന്നത്.
എനിക്കറിയാം
മഴയൊന്നും പെയ്തിട്ടല്ലെന്ന്..
രാത്രിയിൽ വീടെന്നെ
കെട്ടിപ്പിടിച്ച് കരഞ്ഞിട്ടാണെന്ന്…
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.