പെരിയ ഇരട്ടക്കൊലപാതകം: സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗം പിടിയില്‍
കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യസൂത്രധാരന്‍ എന്നു സംശയിക്കുന്നയാള്‍ പിടിയില്‍. സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെയാണ് അന്വേഷണവിധേയമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിര്‍വ്വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് പീതാംബരനാണെന്നാണ് സംശയിക്കുന്നത്. സി.പി.ഐ.എം അനുഭാവികളായ മറ്റ് ഏഴുപേരെ കൂടി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു കൊല്ലപ്പെട്ട യുവാക്കളോട് മുന്‍വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നു. കൃത്യത്തില്‍ പങ്കെടുത്തവര്‍, അവര്‍ സഞ്ചരിച്ചിരുന്ന വാഹനം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച മൂന്നു ഫോണുകളില്‍ ഒന്ന് പ്രതികളിലൊരാളുടേതാണെന്നാണ് പൊലീസ് നിഗമനം. പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് പെരിയ കല്യോട്ട് സ്‌കൂള്‍- ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘമാണ് യുവാക്കളെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കല്യോട്ട് കൃഷ്ണന്റെ മകന്‍ കൃപേഷ്(19), സത്യനാരായണന്റെ മകന്‍ ശരത് ലാല്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്.
Comments are closed.