കശ്മീര്‍ നിയന്ത്രണരേഖയില്‍ ഷെല്‍ ആക്രമണം തുടരുന്നു
കശ്മീര്‍ നിയന്ത്രണരേഖയില്‍ പാക്ക് ഷെല്‍ ആക്രമണത്തിന് ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ ഷെല്‍ ആക്രമണത്തില്‍ പാക്കിസ്ഥാനികളായ ഒരു സ്ത്രീയും, കൗമാരക്കാരനും കൊല്ലപ്പെട്ടു. ഷെല്‍ ആക്രമണത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.പാക്കിസ്ഥാനിലെ ഹവേലി ജില്ലയില്‍ നെസാപിര്‍ സെക്ടറിലായിരുന്നു ആക്രമണം. രാവിലെ 11 ന് ആരംഭിച്ച ഷെല്ലിംഗ് വൈകുന്നേരം നാലുവരെ തുടര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പാക് ഷെല്ലാക്രമണത്തില്‍ ഓഫീസര്‍ അടക്കം നാലു സൈനികര്‍ കൊല്ലപ്പെട്ടരുന്നു. രജൗരി ജില്ലയിലായിരുന്നു പാക് ഷെല്ലിംഗ് ഉണ്ടായത്. ഒരു ജവാനു പരിക്കേറ്റിരുന്നു. ജില്ലയിലെ ഭിംബിര്‍ ഗാലി സെക്ടറില്‍ ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.ഇന്ന് രാവിലെ മുതല്‍ പൂഞ്ച് രാജൗരി മേഖലകളിലെ നിയന്ത്രണ മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ശക്തമായ ആക്രമണമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തുന്നത്. പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ പ്രദേശത്തുണ്ടായ ആക്രമണത്തില്‍ 15 വയസുകാരിക്കും സൈനികനും പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇവിടെ ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യം പൂഞ്ച് മേഖലയില്‍ മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുന്നത്. കഴിഞ്ഞയാഴ്ച പന്ത്രണ്ടോളം സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു.
ജനുവരി 18നും 22 നും ഇടയില്‍ ജമ്മുവിലുണ്ടായ ആക്രമണങ്ങളില്‍ ഏഴ് പ്രദേശവാസികളും ആറ് സൈനികരുമുള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷ കണക്കിലെടുത്ത് ജനുവരി 21 മുതല്‍ 28 വരെ രാജൗരി, പൂഞ്ച്, ജമ്മു, സാമ്പ, കത്വ ജില്ലകളിലെ 300 ഓളം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയിലുള്ള നൂറുകണക്കിനാളുകള്‍ കൃഷിയും മൃഗങ്ങളെയും ഉപേക്ഷിച്ച് വീടുവിട്ടുപോവുകയും ചെയ്തു.
Comments are closed.