വ്യാജ പുസ്തകങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍
കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് വ്യാജപുസ്തകങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശി മിഷാല്‍ കെ. കമാല്‍, തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.സി ബുക്‌സ് ഉള്‍പ്പെടെ നിരവധി പ്രസാധകരുടെ പുസ്തകങ്ങള്‍ പുസ്തകപ്പുഴു, വായനശാല എന്നീ പേരുകളിലുള്ള വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്നും സമൂഹ്യമാധ്യമങ്ങളിലെ ഇത്തരം പ്രവര്‍ത്തികള്‍ പൊലീസും സൈബര്‍ സെല്ലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അംഗങ്ങളില്‍ പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതുവിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അനേകം ഉപ ഗ്രൂപ്പുകളുള്ള വായനശാല, പുസ്തകപ്പുഴു എന്നിവയിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് പുസ്തകങ്ങളുടെ വ്യാജ പതിപ്പുകള്‍ പിടിയിലായവര്‍ എത്തിച്ചത്. ഇതില്‍ മലയാളത്തിലെ മിക്ക എഴുത്തുകാരുടെയും പുസ്തകങ്ങള്‍ ലഭ്യമായിരുന്നു. വ്യാജ പുസ്തകങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി തവണ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു. പിന്നീട് ഡി.സി ബുക്‌സ് ഉള്‍പ്പെടെയുള്ള പ്രസാധകരുടെ കൂട്ടായ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. കേരളാപൊലീസിന്റെ സ്തുത്യര്‍ഹമായ നടപടിക്ക് ഓള്‍ കേരള പബ്ലിഷേഴ്‌സ് & ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തി.
എഴുത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന നിരവധി എഴുത്തുകാര്‍ കേരളത്തിലുണ്ട്. പല മുതിര്‍ന്ന എഴുത്തുകാരുടെയും ഉപജീവനമാര്‍ഗം എഴുത്തു മാത്രമാണ്. അവരുടെ ജീവനത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പി.ഡി.എഫ് പതിപ്പുകള്‍ പ്രചരിച്ചുകൊണ്ടിരുന്നത്. പുസ്തക വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനുപേരുടെ ഭാവിയെക്കൂടി ബാധിക്കുന്ന ഒരു വലിയ വിഷയമാണ് വ്യാജ പുസ്തക പ്രചാരണം. ഭാഷയുടെ നിലനില്പിനും പുസ്തകങ്ങളെയും എഴുത്തുകാരെയും സംരക്ഷിക്കാനും വായനക്കാരുടെ കൂട്ടായ ശ്രമം ആവശ്യമാണ്. ഇത്തരത്തിലുള്ള പകര്‍പ്പവകാശ ലംഘനങ്ങള്‍ തടഞ്ഞു കൊണ്ട് എഴുത്തിനെയും ഭാഷയേയും പുസ്തക പ്രസാധനത്തെയും നിലനിര്‍ത്താന്‍ എല്ലാവിധ സഹകരണങ്ങളും വായനക്കാരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതായി കേരള പബ്ലിഷേഴ്‌സ് & ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
Comments are closed.