DCBOOKS
Malayalam News Literature Website

‘നിണബലി’ കാമനകള്‍ കെട്ടുപിണഞ്ഞ മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍ ചുരുള്‍ നിവര്‍ത്തുന്ന 5 നോവെല്ലകള്‍

മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ ജീവിതാനുവങ്ങള്‍ യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും ഇടകലര്‍ത്തിക്കൊണ്ട് അതീവസൂക്ഷ്മതയോടെയാണ് അദ്ദേഹം തന്റെ രചനകളിലൂടെ പകര്‍ത്തിക്കാട്ടിയത്.

സി.വി ബാലകൃഷ്ണന്റെ ഏറ്റവും പുതിയ അഞ്ച് നോവെല്ലകളുടെ സമാഹാരമാണ് നിണബലി. ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്ന നാള്‍, ഭൂതബാധിത സൗഖ്യം പ്രാപിച്ചതെങ്ങനെ?, പറക്കുന്ന പക്ഷിയുടെ പിറകെ, ഓരോ പുസ്തകത്തിന്റെയും പ്രാണന്‍, നിണബലി എന്നീ രചനകളാണ് ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.

രചനാസമാഹാരത്തിന് സി.വി ബാലകൃഷ്ണന്‍ എഴുതിയ ആമുഖം

‘ദ പാരിസ് റിവ്യൂ’വില്‍ സില്‍വാനാ പെറ്റെര്‍ നോസ്‌ട്രോ (Silvana Peter nostro) കുറെ മുമ്പെഴുതിയഒരു ലേഖനത്തില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, ‘അദ്ദേഹത്തിന്റെ മനസ്സിനെ സദാ മഥിച്ചിരുന്ന ഒരേയൊരു കാര്യം കഥ പറയുകയെന്നതാണ്. ‘സില്‍വാനാ വെളിപ്പെടുത്തിയതനുസരിച്ച് ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി’ലെ കഥയാകെ നോവലെഴുതുന്നതിന് എത്രയോ മുമ്പേ മാര്‍ക്വേസ് പലരെയുംപറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. ആ ശീലം മാര്‍ക്വേസിനെ സംബന്ധിച്ച് ഒരു ഒഴിയാബാധയായിരുന്നു.കാശുണ്ടാക്കാനോ പുരസ്‌കാരങ്ങള്‍ നേടുന്നതിനോവേണ്ടിയല്ല അദ്ദേഹം കഥ പറഞ്ഞതെന്ന് സില്‍വാനാ കൂട്ടിച്ചേര്‍ക്കുന്നു. കഥ പറയാനുള്ള ദൃഢാഗ്രഹംകൊണ്ടുമാത്രം.

നോവലിനും ചെറുകഥയ്ക്കും പുറമേ അവയുടെ നടുവിലായുള്ള നോവെല്ല എന്ന ആഖ്യാനരൂപത്തെയും മാര്‍ക്വേസ് കഥ പറയാനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. No one writes to the Colonel, Leafstorm, Memories of My Melancholy whores തുടങ്ങിയവ നോവെല്ലകളായിരുന്നു. പുതിയത് എന്നര്‍ത്ഥമുള്ള ഇറ്റാലിയന്‍ പദമാണ് നോവെല്ല. ഒരു ചെറുകഥയെക്കാള്‍ വലിപ്പമാര്‍ന്നതും, പക്ഷേ, ഒരു നോവലിനെ അപേക്ഷിച്ച് ചെറുതുമായ കല്പിതകഥയെന്ന് സാമാന്യമായി നിര്‍വചിക്കപ്പെടുന്നു. നവോത്ഥാനദശയുടെ തുടക്കംതൊട്ട് ഇറ്റാലിയന്‍ എഴുത്തുകാരും ഫ്രഞ്ച് എഴുത്തുകാരും വികസിപ്പിച്ചെടുത്തതാണ് ഈ സാഹിത്യശാഖയെന്നു ചരിത്രം പറയുന്നു. ജോവന്നി ബൊക്കാച്ചിയോ രചിച്ച ഡെകാമറണ്‍ കഥകള്‍ യൂറോപ്യന്‍ നവോത്ഥാനപ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായി വിശേഷിപ്പിക്കപ്പെടുന്നു. പ്ലേഗ് ബാധിച്ച് ശ്മശാനതുല്യമായിത്തീര്‍ന്ന ഫ്‌ളോറന്‍സ് നഗരത്തില്‍നിന്ന് പലായനം ചെയ്ത ഏഴു സ്ത്രീകളും മൂന്നു പുരുഷന്മാരുമടങ്ങിയ സംഘം ആളൊഴിഞ്ഞ ഒരു മാളികയില്‍ അഭയം തേടിഅവിടെ കഴിച്ചുകൂട്ടിയ പത്തു നാള്‍കൊണ്ട് പറഞ്ഞുതീര്‍ത്ത നൂറു കഥകള്‍ പല നൂറ്റാണ്ടുകള്‍ക്കുശേഷവും അവയുടെ ആവിഷ്‌കാരചാരുതയും മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങളും വികാരങ്ങളുടെ വൈചിത്ര്യവും ലൈംഗികതയുടെ തീക്ഷ്ണ സൗന്ദര്യവുമൊക്കെച്ചേര്‍ന്ന് വായനക്കാരെ ആകര്‍ഷിക്കുന്നു. രസനിഷ്യന്ദികളായ ആ കഥകളുടെ മാധുര്യമോ പുതുമയോ അല്പംപോലും നഷ്ടപ്പെട്ടിട്ടില്ല ഇന്നും. പാമിനയും ഫാമെറ്റയും ഫിലോമിനയും എമിലിയും ലോറെറ്റയും നിഫിലയും എലിസയും സൗന്ദര്യവതികളായിത്തന്നെ തുടരുന്നു.

നോവെല്ലയെന്നതിന്റെ നിര്‍വചനത്തില്‍ ദൈര്‍ഘ്യം ഒരു ഘടകമാകേണ്ടതില്ലെന്ന് രചനകളിലൂടെ സ്ഥാപിച്ചത് ജര്‍മന്‍ ആഖ്യാതാക്കളാണ്. ഏതാനും പേജുകളാവാം. നൂറോ ഇരുനൂറോ അതിലേറെയോ പേജുകളാവാം. പക്ഷേ, ഉദ്വേഗം ജനിപ്പിക്കുന്ന ഒറ്റസംഭവത്തിലോ സാഹചര്യത്തിലോ സംഘര്‍ഷത്തിലോ ഒതുങ്ങുന്നതായിരിക്കണം. അപ്രതീക്ഷിതമായ വഴിത്തിരിവിലൂടെ യുക്തിസഹമെങ്കിലും ആശ്ചര്യപ്പെടുത്താന്‍ പോന്നവിധത്തിലുള്ളപരിണാമദശ പ്രാപിക്കണം. തുടക്കത്തെക്കാള്‍ പ്രാധാന്യം കല്പിക്കേണ്ടത് അന്ത്യത്തിനാണ്. നോവലിലേതുപോലുള്ള സംഘര്‍ഷങ്ങള്‍ വേണ്ടതില്ല. എന്നാല്‍ ഒരുചെറുകഥയില്‍ ഉണ്ടാകാവുന്നതിനെക്കാള്‍ കൂടുതല്‍ വേണംതാനും. സാധാരണയായി ഉപാഖ്യാനങ്ങള്‍ ഉണ്ടായിരിക്കില്ല. നോവലില്‍ പതിവുള്ള ബഹുവിധ വീക്ഷണകോണുകള്‍ നോവെല്ലയ്ക്ക് ഇണങ്ങില്ലതന്നെ. വിസ്തൃതമായ സാമൂഹിക പശ്ചാത്തലത്തിന്റെ ആവിഷ്‌കാരത്തിനു പകരം വ്യക്തിഗതവും വൈകാരികവുമായ വികാസമാണ് നോവെല്ലയില്‍ നിര്‍വഹിക്കപ്പെടേണ്ടത്. ചെറുകഥയുടെ സവിശേഷമുദ്രയായ വാക്കുകളുടെ സ്വരൈക്യം നോവെല്ലയും പാലിക്കുന്നുവെങ്കിലും പാത്രസൃഷ്ടിയിലും അന്തരീക്ഷ ചിത്രീകരണത്തിലും ഈ സാഹിത്യശാഖയുടെ സമീപനം കുറെക്കൂടി ഉദാരമാണ്.

ലോകസാഹിത്യത്തില്‍ ലക്ഷണയുക്തങ്ങളായ അനേകം നോവെല്ലകളുണ്ട്. അവയൊക്കെയും വായനക്കാരെ വശീകരിച്ചവയാണ്. ജോര്‍ജ് ഓര്‍വെലും ഹെര്‍മന്‍ മെല്‍വിലും ട്രൂമാന്‍ കപോട്ടിയും ചാള്‍സ് ഡിക്കന്‍സും ഫിലിപ്പ് റോത്തും ജോസഫ് കോണ്‍റാഡും ഫ്രാന്‍സ് കാഫ്കയും ജോണ്‍ സ്റ്റീന്‍ബക്കും ഏണസ്റ്റ് ഹെമിങ്‌വേയും ആല്‍ബേര്‍ കാമുവും ആര്‍.എല്‍. സ്റ്റീവന്‍സണും എച്ച്.ജി.വെല്‍സുമൊക്കെച്ചേര്‍ന്ന് അതിസമ്പന്നമായ സാഹിത്യരൂപമാക്കി (Literary genre) മാറ്റിയിട്ടുണ്ട്. നോവെല്ലയെ. ആഖ്യാനകലയുടെ ഉത്തമ മാതൃകകളാണ് അവരെഴുതിയ നോവെല്ലയോരോന്നും. കാലാതിവര്‍ത്തികളായി അവ നിലകൊള്ളുന്നു; ലോകമെമ്പാടുമുള്ള പുതിയ തലമുറയിലെ എഴുത്തുകാരെ പ്രചോദിപ്പിച്ചുകൊണ്ട്.ആദ്യംവായിച്ച മലയാളത്തിലെ നോവെല്ല
ഏതെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഉറൂബും ബഷീറും മാധവിക്കുട്ടിയും ഒ.വി. വിജയനും പത്മരാജനുമൊക്കെ എഴുതിയ ചെറുനോവലുകളിലൂടെ വളരെ താത്പര്യപൂര്‍വം കടന്നുപോയ ഒരു വായനക്കാരനെന്ന നിലയില്‍ എഴുത്തിന്റെ ആരംഭദശയില്‍ത്തന്നെ ആ സവിശേഷമായ ആഖ്യാനരീതിയോട് എനിക്ക് പ്രതിപത്തിയുണ്ടായിരുന്നു.

വിനയത്തോടെ അവകാശപ്പെടാവുന്ന എന്റെ ‘ഏവ്‌റെ’യില്‍ (Oeuvre) അറുപതിലധികമാണ് നോവെല്ലകള്‍. പല സമാഹാരങ്ങളിലായിഅവയുണ്ട്. അവയില്‍ ചിലത് സിനിമയായി. ഏതോ രാജാവിന്റെ പ്രജ കള്‍, മറ്റൊരാള്‍, സാന്ദ്രസൗഹൃദം, പരിമള പര്‍വതം, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, മരണം എന്നു പേരുള്ളവന്‍, മീന്‍ പിടിക്കാന്‍ പോയ ഗബ്രിയേല്‍, രതിസാന്ദ്രത, ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്ന നാള്‍ തുടങ്ങിയ രചനകള്‍ ചെറുകഥയെന്ന ബീജം വളര്‍ന്ന് ലഘുനോവലുകളായി മാറിയതല്ല. നോവെല്ലയായിത്തന്നെയാണ് അവയുടെയെല്ലാം ഉരുത്തിരിയല്‍. അതൊരു ജൈവപ്രക്രിയയാണ്. എന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമായ ഒന്ന്. എല്ലായിടത്തും മനുഷ്യര്‍ സാകൂതം കാതോര്‍ക്കുന്നുവെന്നതാണ് കഥകളെ, മഹാകാവ്യങ്ങളായാലും ബൃഹദ് ആഖ്യായികളായാലും മറ്റേത് രൂപത്തിലായാലും, പ്രസക്തമാക്കുന്നത്. കഥ പറച്ചിലിന്റെ ഉത്സവം എന്നാണ് കൊടിയേറിയതെന്ന് നമുക്കറിയില്ല. പക്ഷേ, ഇത്രയുമറിയാം:ആ ഉത്സവത്തിന് അവസാനമില്ല.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.വി ബാലകൃഷ്ണന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

Comments are closed.