വ്യാജവാര്‍ത്തകള്‍ വായിച്ചു മടുത്തെന്ന് ട്രംപ് ; വൈറ്റ് ഹൗസില്‍ രണ്ട് പത്രങ്ങള്‍ നിര്‍ത്തലാക്കി
വാഷിങ്ടണ്‍: വ്യാജവാര്‍ത്തകള്‍ കുന്നുകൂടുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസ് പത്രവും നിര്‍ത്തലാക്കി. ട്രംപിനെതിരായ നിരന്തരമായ വിമര്‍ശനമാണ് ഇരുപത്രങ്ങളെയും ട്രംപിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. അതേസമയം ന്യൂയോര്‍ക്ക് പോസ്റ്റ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, യു.എസ്.എ ടുഡേ എന്നീ പത്രങ്ങളുടെ വായന ഇനിയും തുടരും.
വ്യാജവാര്‍ത്തകള്‍ വായിച്ചു മടുത്തതിനാല്‍ രണ്ടു പത്രങ്ങളുടെയും വരിസംഖ്യ വൈറ്റ് ഹൗസ് ഇനി പുതുക്കുന്നില്ലെന്നാണ് ഫോക്‌സ് ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്. വൈറ്റ് ഹൗസ് മാതൃക കണ്ടുപിടിക്കാന്‍ മറ്റു ഫെഡറല്‍ ഏജന്‍സികളോടും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.
വ്യാജവാര്‍ത്തകള്‍ കൊണ്ടു നിറയുന്ന പത്രങ്ങള്‍ എല്ലാ വകുപ്പുകളും നിര്‍ത്തിയാല്‍ ജനങ്ങളുടെ നികുതിപ്പണം ലാഭിക്കാമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാമിന്റെ അഭിപ്രായം.
ജനങ്ങളുടെ ശത്രുക്കള്‍ എന്നാണ് പൊതുവില്‍ ട്രംപ് പത്രപ്രവര്‍ത്തകരെ കളിയാക്കി വിളിക്കുന്നത്. പലപ്പോഴും പത്രപ്രവര്‍ത്തകരെ പൊതുഇടങ്ങളില്‍ വെച്ച് വിമര്‍ശിക്കാറുള്ള ട്രംപ് വ്യാജവാര്‍ത്ത പുരസ്‌കാരം വരെ പത്രങ്ങള്‍ക്കു മേല്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്.
Comments are closed.