കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു
കാട്ടുതീ മൂലം തേനിയിലുണ്ടായ അത്യാഹിതത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു. കടുത്ത ചൂടില്‍ കരിഞ്ഞുണങ്ങിയ കാടുകള്‍ക്ക് വേഗത്തില്‍ തീപിടിക്കാം എന്നതിനാലാണ് നിരോധനം.അതേ സമയം ഏതെങ്കിലും വിധത്തിലുള്ള അത്യാഹിതമുണ്ടായാല്‍ മതിയായ രക്ഷാപ്രവര്‍ത്തനത്തിനുള്ള അഭാവവും വനമേഖലയിലേക്കുള്ള ട്രക്കിങ് നിരോധിക്കാന്‍ കാരണമായി. ഒപ്പം വനമേഖലയിലേക്കുള്ള യാത്രയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് ആലോചിക്കുന്നുണ്ട്.
നാട്ടില്‍ ചൂട് കൂടിയതോടെ വിനോദയാത്രികര്‍ പച്ചപ്പ് തേടി വന്‍തോതില്‍ കാട്ടിലേക്ക് പോകുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സംവിധാനമോ സുരക്ഷ നിര്‍ദ്ദേശം നല്‍കാനുള്ള ആള്‍ബലമോ വനം വകുപ്പിനില്ല. തേനിയിലെ അപകടത്തിന് പുറമേ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ മുഴുവന്‍ കൊടും വറുതിയുടെ പിടിയിലാണ്.
രാമക്കല്‍മേട് ,പൂക്കളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വേനലിന്റെ കാഠിന്യം രൂക്ഷമായതോടെ വന്യമൃഗങ്ങളും ഉള്‍ക്കാടുകളില്‍ നിന്നും പുറത്തുവരാന്‍ സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ട്രക്കിങ്ങ് നിരോധനം ഏര്‍പ്പെടുത്തിയത്.
Comments are closed.