DCBOOKS
Malayalam News Literature Website

‘ട്രോട്‌സ്‌കി ജീവിതവും സമരവും’: സ്റ്റാലിന്‍ നടത്തിയ ഭീകര താണ്ഡവ നൃത്തത്തിന്റെ ചരിത്ര ഭൂപടം

പി.എം.രാധാകൃഷ്ണന്റെ ‘ട്രോട്‌സ്‌കി-ജീവിതവും സമരവും‘ എന്ന പുസ്തകത്തിന് ആര്‍.സുനില്‍ എഴുതിയ വായനാനുഭവം

ഫാഷിസം നമ്മുടെ പാടിവാതിക്കൽ നിൽക്കുമ്പോൾ മലയാളികൾ വായിച്ചിരിക്കേണ്ട പുസ്തകമാണ് പി.എം. രാധാകൃഷ്ണന്റെ ‘ട്രോട്സ്കി ജീവിതവും സമര’വും. സോവിയറ്റ് യൂനിയനിൽ സ്റ്റാലിൻ നടത്തിയ ഭീകര താണ്ഡവ നൃത്തത്തിന്റെ ചരിത്ര ഭൂപടമാണിത്. ചരിത്രത്തിലെ വിസ്മയവും ദുരന്തവും ആണ് ട്രോട്സ്കിയുടെ ജീവിതം. റഷ്യൻ വിപ്ലവത്തിന്റെ നായകനും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രതിഭാശാലികളിൽ ഒരാളുമായ ട്രോട്സ്കിയുടെ ജീവിത ദുരന്തത്തിലേക്കാണ് ഈ പുസ്തകം പ്രകാശം പരത്തുന്നത്.

ട്രോട്സ്കി ലെനിനോടൊപ്പം വിപ്ലവ പ്രവർത്തനം തുടങ്ങി. ലെനിനു ശേഷം ട്രോട്സ്കി എന്നായിരുന്നു ഒരു കാലത്തെ സോവിയറ്റ് ജനയുടെ ചിന്ത. ട്രോട്സ്കിയുടെ കഴിവുകൾക്ക് മുന്നിൽ സ്റ്റാലിൻ ഒന്നുമായിരുന്നില്ല. നിഷ്കളങ്കതയായിരുന്നു ട്രോട്സ്കി യുടെ കൈമുതൽ. അധികാര മത്സരവും വ്യക്തിയുടെ ആധിപത്യവും ഇല്ലാത്ത സമത്വ സുന്ദരമായ സമൂഹമായിരുന്നു ട്രോട്സ്കിയുടെ സ്വപ്നം.

എന്നാൽ, ലെനിന്റെ മരണശേഷം അധികാരം സ്റ്റാലിന്റെ പിടിയിലമർന്നു. ക്രമേണ ട്രോട്സ്കി എല്ലാം സ്ഥാനങ്ങളിൽ നിന്നും നീക്കംചെയ്തു. സ്റ്റാലിന്റെ കാലത്ത് പ്രത്യയശാസ്തപരമായി വിയോജിപ്പ് ഉയർത്തിയ നേതാക്കളും പ്രവർത്തകരും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അട്ടിമറികളുടെ പരമ്പര സൃഷ്ടിക്കുവാൻ ട്രോട്സ്കി ശ്രമിച്ചു എന്നായിരുന്നു സ്റ്റാലിന്റെ ആരോപണം. ശരിയെന്ന് കേൾവിക്കാർക്ക് തോന്നാവുന്ന വിധം മെനഞ്ഞെടുത്ത കഥകളാണ് ട്രോട്സ്കിക്കെതിരെ അവതരിപ്പിച്ചത്. സ്റ്റാലിൻ ഉയർത്തിയ ആരോപണങ്ങളെല്ലാം കെട്ടിച്ചമക്കുകയാണെന്ന് ജോൺഡിവേയുടെ കമീഷൻ കണ്ടെത്തിയരുന്നു. എന്നിട്ടും ട്രോട്സ്കിയെ ജീവിതാവസാനം വരെ വേട്ടയാടി.

ഉദാഹരണമായി 1937 ജൂലൈയിൽ യൂറോപ്പിലെ റഷ്യൻ രഹസ്യ പൊലീസ് തലവൻ ഇഗ്നാസ് റെയ്സ് Textപൊലീസ് നരനാട്ടിൽ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. സ്റ്റാലിന്റെ കൊടും ക്രൂരതകളെപറ്റി അദ്ദേഹം തുറന്നു പറഞ്ഞു. മരണ ശിക്ഷക്ക് വിധിക്കപ്പെട്ട യുവ കമ്യൂണിസ്റ്റുകൾ ‘ട്രോട്സ്കി നീണാൾ വാഴട്ടെ’ എന്ന മുദ്രാവാക്യം വിളിച്ച് ഫയറിങ് സ്ക്വാഡിന്‍റെ മുന്നിലേക്ക് നീങ്ങുന്ന ചിത്രം അദ്ദേഹം വെളിപ്പെടുത്തി. അത് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി. രഹസ്യ പൊലീസ് ചോക്ലേറ്റുകളിൽ വിഷം പുരട്ടിയാണ് ഇഗ്നാസ് റെയ്സിന്‍റെ കുടുംബത്തെ കാലപുരിയിലേക്ക് അയച്ചത്.

ഇരുപതാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് നടത്തിയ വെളിപ്പെടുത്തലുകൾക്ക് ശേഷം സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് ഗവൺമെൻറ് പുറത്തുവിട്ട വിവരങ്ങളും പുരാരേഖകളും സമാനതകളില്ലാത്ത കൊടുംക്രൂരതകളുടെ ചിത്രമാണ് വരച്ചുകാട്ടിയത്. ഹിറ്റ്ലറുടെ ഫാഷിസവും സ്റ്റാലിന്റെ കൊടുംക്രൂരതകളോട് മത്സരിച്ചാൽ ജയിക്കില്ലെന്നാണ് അത് ലോകത്തോട് പറഞ്ഞു. സ്റ്റാലിൻ ഭരണത്തെ എതിർത്തവരെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ ഇല്ലായ്മ ചെയ്തു.

ട്രോട്സ്കിയുടെ ആദ്യ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു ലേബർ ക്യാമ്പിലാക്കി. അവർ നരകയാതനകൾ അനുഭവിച്ച് മരിച്ചു. അവരോടൊപ്പം ഉണ്ടായിരുന്ന ട്രോക്സിയുടെ മൂത്തമകൾ സീനയുടെ ഇളയ കുട്ടി പൊലീനക്ക് (മൂന്നു വയസ്) എന്തുപറ്റിയെന്ന് ആർക്കും അറിയില്ല. ട്രോട്സ്കിയുടെ ഇളയ സഹോദരി ഓൾഗയെ 1941ൽ അറസ്റ്റ് ചെയ്തു വെടിവെച്ചു കൊന്നു. ഇളയ മകൻ സെറിയോഷ പോളിടെക്നിക് അധ്യാപകനായിരുന്നു. സ്റ്റാലിന്റെ മകന്റെ കൂട്ടുകാരൻ. അദ്ദേഹത്തിന് രാഷ്ട്രീയം ഉണ്ടായിരുന്നില്ല അതിനാൽ സോവിയറ്റ് യൂനിയനിൽ തന്നെ കഴിഞ്ഞു. 1937 ജനുവരി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ലേബർ ക്യാമ്പിലാക്കി. പിന്നീട് വെടിവെച്ചു കൊന്നു. ട്രോട്സ്കിയുടെ മുത്തമകനെ 1938ൽ പാരീസിൽ വച്ച് വിഷം കുത്തിവെച്ച് കൊന്നു. മരുമക്കളായ അലക്സാണ്ടറും യൂറിക്കാമനേവും അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് വധിച്ചു.

1928ൽ ട്രോട്സ്കിയെ അറസ്റ്റ് ചെയ്ത് അലമഅറ്റയിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന കാലത്താണ് 26 വയസുള്ള ഇളയ മകൾ നീന മരിച്ചത്. ക്ഷയരോഗത്തിന് മതിയായ ചികിത്സ കിട്ടിയില്ല. മൂത്തമകൾ മരണവിവരം അറിയിച്ചുവെങ്കിലും 73 ദിവസങ്ങൾക്ക് ശേഷമാണ് ആ സന്ദേശം ട്രോട്സ്കിക്ക് ലഭിച്ചത്. നീനയുടെ ഭർത്താവ് നെവൽസനെ വെടിവെച്ചു കൊന്നു. മകളെ മുത്തശിയെ ഏൽപ്പിച്ചിട്ടാണ് നീന മരിച്ചത്. മുത്തശിയെ പിന്നീട് അറസ്റ്റ് ചെയ്തു നാടുകടത്തി. അതോടെ ആ കുഞ്ഞ് അനാഥാലയത്തിലായി. മൂത്തമകൾ സീനയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു ലേബർ ക്യാമ്പിലേക്ക് അയച്ചു. ഒടുവിൽ ജർമനയിൽ എത്തിയ സീനയും മകനും അവിടെ വിട്ടു പോകണമെന്ന് ജർമ്മൻ സർക്കാർ ഉത്തരവിട്ടു. പണമില്ല, പാസ്പോർട്ട് ഇല്ല, മാതൃരാജ്യത്ത് പ്രവേശിക്കാൻ അനുവാദമില്ല, പോകാൻ ഒരു ഇടവുമില്ല എന്ന അവസ്ഥയിൽ ആറു വയസുള്ള മകനെ (സേവിയെ) അയൽപക്കതാക്കിയ ശേഷം വീട്ടിലെ ഗ്യാസ് തുറന്ന് അവർ മരിച്ചു.

ഒക്ടോബർ വിപ്ലവത്തിന്റെ ലക്ഷ്യങ്ങളിൽ നിന്ന് പാർട്ടി അകന്നുപോകുന്നു എന്നായിരുന്നു ട്രോട്സ്കി ഉയർത്തിയ വിമർശനം. പാർട്ടിയുടെ നയവ്യതിയാനത്തിന്റെ സ്വഭാവം അക്കമിട്ട് നിരത്തി. പാർട്ടിയിലെ ആശയ സമരം രൂക്ഷമായി. ട്രോട്സ്കിയുടെ നിലപാടിനെ പിന്തുണച്ച ലക്ഷക്കണക്കിന് പ്രവർത്തകരാണ് പിന്നീട് സ്റ്റാലിൻ തടവറയിൽ അടച്ചത്. അനേകലക്ഷം പ്രവർത്തകരെ സ്റ്റാലിൻ കശാപ്പു ചെയ്തു. ഔദ്യോഗിക പക്ഷത്തെ നേതാക്കളെക്കാൾ ട്രോട്സ്കിയുടെ പ്രസംഗം കേൾക്കാനാണ് അക്കാലത്ത് ജനങ്ങൾ തടിച്ചുകൂടിയത്. പതിനഞ്ചാം പാർട്ടി കോൺഗ്രസ് പ്രതിപക്ഷത്തെ ഒന്നടങ്കം പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു. പുറത്താക്കിയവരെ സ്റ്റാലിന്റെ ഭീകര പൊലീസ് വിഭാഗത്തിന്റെ കസ്റ്റഡിയിലായി.

സോവിയറ്റ് യൂനിയിൽ നിന്ന് പുറത്താക്കപ്പെട്ട ട്രോക്സി ഫ്രാൻസ്, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിച്ചു. വിദേശ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി. അത് സ്റ്റാലിനെ വീണ്ടും കുപിതനാക്കി. പ്രിങ്കിപോ ദീപിൽ ഒരു പഴയ വീട് വാടകകെടുത്ത് ലേഖങ്ങളെഴുതി. അക്കാലത്ത് ലോകത്ത് പ്രധാന പത്രങ്ങളിലെ രചനകൾക്ക് 10,000 ഡോളറാണ് പ്രതിഫലമായി ട്രോട്സ്കിക്ക് കിട്ടിയത്. ആത്മകഥക്ക് അമേരിക്കൻ പ്രസാദകൻ 7000 ഡോളർ അഡ്വാൻസ് നൽകി. റഷ്യൻ വിപ്ലവത്തിന്റെ ചരിത്രം എന്ന ലേഖന പരമ്പരക്ക് ലഭിച്ചത് 45,000 ഡോളർ.

എന്നാൽ, ട്രോട്സ്കിയുടെ രചനകൾ പാശ്ചാത്യലോകത്ത് പ്രത്യക്ഷപ്പെടുന്നത് സ്റ്റാലിനെ വിറളി പിടിപ്പിച്ചു. പ്രിങ്കിപോ ദ്വീപിലെ ട്രോട്സ്കിയുടെ ഭവനം സോവിയറ്റ് രഹസ്യ പൊലീസിന്റെ നിരീക്ഷണത്തിനായി. 1931 മാർച്ചിലെ ഒരു രാത്രിയിൽ വീടിന് തീപിടിച്ചു. പുസ്തക ശേഖരവും കൈയേഴുത്ത് പ്രതികളും ഉൾപ്പെടെ കത്തി നശിച്ചു. ട്രോട്സ്കിക്കെതിരെ സോവിയറ്റ് രഹസ്യ പൊലീസ് നടത്തിയ ആദ്യ വധശ്രമമായിരുന്നു അത്. സോവിയറ്റ് രഹസ്യ പൊലീസിന്റെ കൊലയാളി സംഘം അദ്ദേഹത്തെ തേടി വന്നുകൊണ്ടിരുന്നു.

ഒടുവിൽ ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഫ്രാൻസിൽ പ്രവേശിക്കാൻ ട്രോട്സ്കിക്ക് അനുവാദം ലഭിച്ചു. 1933 മുതൽ 40 വരെ ട്രോട്സ്കിയുടെ ചലനം സേവിയറ്റ് രഹസ്യപൊലീസിന്റെ നിരീക്ഷത്തിലായിരുന്നു. സോവിയറ്റ് യൂനിയനിലെ ബ്യൂറോക്രാറ്റിക് സർവാധിപത്യത്തെയും മുതലാളിത്ത പുനഃസ്ഥാപനത്തെയും അതിന്റെ അമരക്കാരനായ സ്റ്റാലിനെയും നിരന്തരം ട്രോട്സ്കി വിമർശിച്ചു.1940 ഓഗസ്റ്റ് 21ന് സ്റ്റാലിന്റെ ഏജൻറ് ഐസ് മുറിക്കുന്ന കോടാലി കൊണ്ട് ട്രോട്സ്കിയുടെ തലയിൽ വെട്ടി. സ്റ്റാലിന് വധിക്കാൻ കഴിയാതിരുന്ന ട്രോട്സ്കിയുടെ കുടുംബത്തിലെ ഏക വ്യക്തി സീനയുടെ മകൻ സേവ മാത്രമെന്ന് പുസ്തകം പറയുന്നു. ഫാഷിസ്റ്റ് ഭീകരതയുടെ നിഴലുകൾ ഇഴഞ്ഞുവരുന്ന കാലത്ത് ട്രോട്സ്കിയുടെ ജീവിതത്തെ രാഷ്ട്രീയമായി വിലയിരുത്തുന്ന ഈ പുസ്തകം ഗൗരവമായ വായന അർഹിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്- മാധ്യമം ഓണ്‍ലൈന്‍

Comments are closed.