DCBOOKS
Malayalam News Literature Website

കെ.ആര്‍ നാരായണന്‍; കേരളത്തിന്റെ അഭിമാനതിലകം

ഡിസി ബുക്‌സ് രജതജൂബിലി ആഘോഷം (1998 ഓഗസ്റ്റ് 8, എറണാകുളം) – ടി കെ രാമകൃഷണൻ, രാഷ്ട്രപതി കെ ആർ നാരായണൻ, ഡി സി കിഴക്കെമുറി
ഡിസി ബുക്‌സ് രജതജൂബിലി ആഘോഷം (1998 ഓഗസ്റ്റ് 8, എറണാകുളം) – ടി കെ രാമകൃഷണൻ, രാഷ്ട്രപതി കെ ആർ നാരായണൻ, ഡി സി കിഴക്കെമുറി

കെ.ആര്‍ നാരായണന്റെ ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയും മലയാളിയുമായിരുന്നു കെ.ആര്‍ നാരായണന്‍. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്. (‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഏപ്രിൽ 20, 1992

രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള കാലം അടുത്തു വരുന്നു. ശരിക്കും പറഞ്ഞാല്‍ അതിക്രമിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും മറ്റും തിരുപ്പതി സമ്മേളനത്തിന്റെ കൂടെയായിരുന്നതുകൊണ്ടാവും ഇത്രയും വൈകിയത്. രാജ്യം ഭരിക്കുന്നത് കോണ്‍ഗ്രസ്സാണെങ്കിലും അവര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയെ അവരുടെ വോട്ടുകൊണ്ടു മാത്രം വിജയിപ്പിച്ചെടുക്കുക സാധ്യമാവില്ല. അപ്പോള്‍ നരസിംഹറാവുവിന്റെ സുപ്രസിദ്ധമായ ‘അഭിപ്രായസമന്വയം. ആവശ്യമായിവരുന്നു. അതിനിടെ മറ്റൊരു ചിന്താഗതിക്കും സ്വാധീനം കൂടിവരുന്നതായി കാണുന്നു. ഒരു ഹരിജനായിരിക്കണം പുതിയ രാഷ്ട്രപതി എന്ന കാര്യം. ആരും ഇതിനെ എതിര്‍ത്തുകണ്ടില്ല. എതിര്‍ക്കണമെന്നാഗ്രഹമുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ, തുറന്നു പറയാന്‍ കഴിവില്ല. വോട്ടുപെട്ടിയില്‍ വീഴുന്ന ഓരോ കടലാസും ബ്രാഹ്മണന്റെയോ ഹരിജന്റെയോ എന്നു തിരിച്ചറിയാന്‍ കഴിയാത്തതുതന്നെ കാരണം. ഹരിജനങ്ങളുടെ എണ്ണം കൂടുതലാണ്. ശരിക്കും സംഘടിപ്പിച്ചെടുത്താല്‍ അവര്‍ നാടുഭരിക്കും. യോഗ്യനായ ആളെ കിട്ടാനില്ല എന്ന ചിന്താഗതി ഉയര്‍ന്ന ജാതിക്കാരുടെ ഉള്ളിന്റെ ഉള്ളില്‍ തീര്‍ച്ചയായുമുണ്ട്. അംബേദ്ക്കറുടെ കാര്യത്തില്‍തന്നെ ഇങ്ങനെ ചിന്തിച്ചിരുന്നവരെ കാണാം.

ഇവിടെ ‘ഒരുവെടിക്ക് രണ്ടുപക്ഷി’ എന്ന പ്രമാണമനുസരിച്ചു ചെയ്യാന്‍കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. ഒന്ന്, പുതിയ രാഷ്ട്രപതി ഹരിജനാവണം. രണ്ട്, അതൊരു കേരളീയനുമാവണം. തെക്കേ ഇന്ത്യയ്ക്കു രാഷ്ട്രപതിമാരുടെ കാര്യത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയിട്ടില്ല എന്നു പറഞ്ഞുകൂടാ. ഏറ്റവും പ്രഗല്ഭനായ രാഷ്ട്രപതിയെ ഇന്ത്യയ്ക്കു ലഭിച്ചതു തെക്കുനിന്നാണ്. ഡോ.എസ്.രാധാകൃഷ്ണന്‍. വി.വി.ഗിരിയും സഞ്ജീവ്‌റെഡ്ഡിയും (ഇടയ്ക്കു സ്വല്പം ജെട്ടിയും) ഇപ്പോള്‍ വെങ്കട്ടരാമനുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, നമ്മുടെ അത്യുന്നതനേതാക്കള്‍ക്ക് ഒരിക്കലും കേരളത്തെപ്പറ്റി ആലോചിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ നമ്മുടെ പ്രമുഖദിനപത്രം ചെറിയൊരു ബോംബ് പൊട്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് കെ.ആര്‍.നാരായണന്‍ ആയിക്കൂടാ? എന്ന തലക്കെട്ടില്‍ മുഖപ്രസംഗം എഴുതിയിരിക്കുന്നത് കേരളകൗമുദിയാണ്. പലരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായ ചൂടുള്ള ഒരു മുഖപ്രസംഗമാണത്. നാരായണനെപ്പോലെ പരിചയസമ്പന്നനും പക്വമതിയുമായ ഒരു രാജ്യതന്ത്രജ്ഞനെ കണ്ടുപിടിക്കാന്‍ വിഷമമാണ്. വിദ്യാഭ്യാസത്തിനിടയില്‍ അദ്ദേഹം തന്റെ കഴിവുതെളിയിച്ചു–തിരുവനന്തപുരത്തും ലണ്ടനിലും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍നിന്നു ബിരുദമെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍, ലോകപ്രസിദ്ധനായ പ്രൊഫ. ലാസ്‌കി, ജവാഹര്‍ലാല്‍ നെഹ്രുവിന്, നാരായണന്‍വശം കൊടുത്തയച്ച ഒരു കത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ‘ഈ ചെറുപ്പക്കാരന്‍ ഒരു അസാധാരണ വ്യക്തിയാണ്. നിങ്ങള്‍ ഇയാളെ ശരിക്കും പ്രയോജനപ്പെടുത്തുക’ (നെഹ്രുവിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ലാസ്‌കി). നെഹ്രു അത് അക്ഷരംപ്രതി അനുസരിച്ചു. ഏറ്റവും പ്രധാനപ്പെട്ട ഒരു രാജ്യത്തിന്റെ അംബാസഡറായിട്ടാണ് അദ്ദേഹം എട്ടുവര്‍ഷംമുമ്പ് ഉദ്യോഗത്തില്‍നിന്നു പിരിഞ്ഞത്. ഇടയ്ക്ക് ഇന്ത്യയിലെ പ്രമുഖമായ ഒരു സര്‍വ്വകലാശാലയുടെ ഭരണവും അദ്ദേഹത്തെ ഏല്പിച്ചിരുന്നു.

എങ്കിലും ഉദ്യോഗംകഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പാര്‍ലമെന്റിലേക്ക് ഒരു സീറ്റ് നല്കാന്‍തന്നെ നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്ക് അത്ര ഇഷ്ടമില്ലായിരുന്നു. ഒടുവില്‍ ഇന്ദിരാഗാന്ധി ഇടപെട്ടാണ് സീറ്റ് ലഭിച്ചത്. ജയിച്ചാല്‍ മന്ത്രിയാകുമെന്നുള്ള കാര്യം ഉറപ്പായിരുന്നു. ജയിക്കുകയും മന്ത്രിയാകുകയും ചെയ്തു. നിര്‍ഭാഗ്യമെന്നുതന്നെ പറയട്ടെ, നാരായണനെ കാബിനറ്റ് റാങ്കുള്ള മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. ഇതെല്ലാം കഴിഞ്ഞ അദ്ധ്യായങ്ങള്‍. തല്‍ക്കാലം മറക്കുക.

ഇന്നു നമ്മുടെ മുമ്പിലുള്ള പ്രശ്‌നം രാഷ്ട്രപതിസ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിനിര്‍ണ്ണയമാണ്. അതും ഒരു ഹരിജനെ. അതിനുള്ള വലിയ മനസ്സ് നമ്മുടെ വലിയ നേതാക്കന്മാര്‍ക്കുണ്ടാകണം. രാഷ്ട്രപിതാവിന്റെ ലക്ഷ്യം ഭാരതത്തിന്റെ ആദ്യത്തെ രാഷ്ട്രപതി ഒരു ഹരിജനായിരിക്കണമെന്നായിരുന്നു. ‘ഗാന്ധി ഇങ്ങനെ എന്തെല്ലാം വിവരക്കേട് പറഞ്ഞിരിക്കുന്നു’ എന്നമട്ടില്‍ ചിന്തിക്കുന്നവരാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ഒരു ഭാഗമെങ്കിലും. ഇവര്‍ക്കും കൂടി മാനസാന്തരമുണ്ടാക്കാന്‍ നരസിംഹറാവുവിനു കഴിഞ്ഞാല്‍ രാജ്യത്തിന് അതു പ്രയോജനകരമാവും.

1992 ആഗസ്റ്റ് 2

കെ.ആര്‍.നാരായണന്‍ ഉപരാഷ്ട്രപതിയാവുന്നതില്‍ ഞങ്ങള്‍ക്ക് പ്രത്യേക സന്തോഷമുണ്ട്–ഇവിടെ ഞങ്ങള്‍ എന്നു പറഞ്ഞാല്‍ കോട്ടയംകാര്‍ എന്നു സാരം. കോട്ടയം നഗരത്തില്‍നിന്നു കഷ്ടിച്ച് 25 കിലോമീറ്റര്‍ ദൂരം വരുന്ന ഉഴവൂരാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. കോട്ടയത്തെ സി.എം.എസ്. കോളേജിലാണ് വിദ്യാഭ്യാസം നിര്‍വ്വഹിച്ചത്. കോട്ടയത്തുനിന്ന് ഉഴവൂര്‍വരെ നടക്കുക സാധാരണമായിരുന്നു. അര രൂപ ഫീസ് കൊടുക്കാന്‍ കഴിയാതെ ബെഞ്ചിന്റെ മുകളില്‍ കയറിനില്‌ക്കേണ്ട അവസ്ഥ പലപ്പോഴും വന്നിട്ടുണ്ട്. ഇതിനെപ്പറ്റി നാരായണന്‍തന്നെ പറയുന്നതു കേള്‍ക്കുക: ”ഇത്തരം നാണക്കേടുകള്‍ ഏറ്റു ജീവിതം നയിച്ചത് പില്ക്കാലത്ത് നയതന്ത്രപ്രതിനിധിയുടെ ഉദ്യോഗം വഹിച്ചപ്പോള്‍ അനുഗ്രഹമായി തോന്നി!” മാതൃഭൂമിയുടെ ഒരു തലക്കെട്ട് ‘ഒറ്റപ്പാലത്തുനിന്ന് ഒരു ഉപരാഷ്ട്രപതി’ എന്നാണ്. ഇത് ഞങ്ങള്‍, കോട്ടയത്തുകാര്‍ സഹിക്കില്ല എന്നുമാത്രം പറഞ്ഞിട്ട് ഒറ്റപ്പാലത്ത് ഒരു മിനിട്ട് തങ്ങട്ടെ. കെ.ആര്‍.നാരായണന്‍ ഉദ്യോഗത്തില്‍നിന്നു പിരിഞ്ഞപ്പോള്‍ രാഷ്ട്രീയരംഗത്ത് വരാനാഗ്രഹിച്ചു. കേരളത്തിന്റെ നേതൃത്വത്തിന്റെ നിലപാട് കടകവിരുദ്ധമായിരുന്നു. ഒടുവില്‍ ഇന്ദിരാഗാന്ധി ഇടപെട്ടിട്ടാണ്, ഒറ്റപ്പാലത്ത് ഒരു റിസര്‍വേഷന്‍ സീറ്റ് ലഭിച്ചത്. ഇവിടത്തെ കോണ്‍ഗ്രസ്സുകാര്‍ക്ക് 25 ശതമാനം ബുദ്ധിയോ വിവരമോ ഉണ്ടായിരുന്നെങ്കില്‍ നാരായണന് ഒരു ജനറല്‍സീറ്റുതന്നെ നല്കുമായിരുന്നു. എന്നിട്ട് അന്തസ്സായി ജയിപ്പിക്കുമായിരുന്നു. എന്നിട്ടോ, ജയിച്ചുകഴിഞ്ഞപ്പോള്‍ ഒരു സഹമന്ത്രിസ്ഥാനം നല്കി ആദരിച്ചു! ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായിരുന്ന, ചൈനയിലും അമേരിക്കയിലും അംബാസഡറായിരുന്ന കെ.ആര്‍.നാരായണന് കാബിനറ്റ്‌റാങ്ക് നല്കിയാല്‍ ഇന്ത്യയുടെ മുകളിലത്തെ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ? നാരായണനു പറ്റിയ ഏറ്റവും വലിയ അബദ്ധം ഈ സഹമന്ത്രിസ്ഥാനം സ്വീകരിച്ചതാണെന്നുകൂടി പറയാന്‍ ഞാനാഗ്രഹിക്കുന്നു.

ജൂലൈ 13, 1997

നമ്മുടെ കെ.ആര്‍.നാരായണന്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നു. ജൂലൈ 14-ന് അദ്ദേഹം അധികാരം ഏറ്റെടുക്കുമെന്നു പ്രതീക്ഷിക്കാം. കേരളത്തില്‍നിന്ന് ആദ്യമായി ഒരാള്‍ ഈ സ്ഥാനത്ത് എത്തുന്നു. സ്വാതന്ത്ര്യത്തിനുശേഷം 50 വര്‍ഷം തികയുന്ന സുവര്‍ണമുഹൂര്‍ത്തത്തില്‍ത്തന്നെ.

കോട്ടയം ജില്ലയിലെ ഉഴവൂര്‍, ഭാരതം മുഴുവന്‍ ഇന്നറിയപ്പെടുന്നു. വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ്, അദ്ദേഹം ജനിച്ചത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഫീസ് കൃത്യസമയത്ത് അടയ്ക്കാന്‍ കഴിയാതെ വന്നതുകൊണ്ട്, ക്ലാസിനു പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി. കോട്ടയം കോളേജില്‍ പഠിക്കുന്ന കാലത്ത് 25 കിലോമീറ്ററിലധികം നടക്കേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് മഹാരാജാസ് കോളേജില്‍ (ഇന്നത്തെ യൂണി. കോളേജ്) നിന്നു വളരെ പ്രശസ്തമായ നിലയില്‍ പാസ്സായപ്പോള്‍, ഉദ്യോഗം കിട്ടുമെന്നു കരുതി. അതും കോളേജില്‍ അദ്ധ്യാപകനായിട്ട്. പക്ഷേ, ഒരു ഹരിജന്‍ യുവാവിനെ കലാലയത്തില്‍ അദ്ധ്യാപകനായി വയ്ക്കാന്‍ മാത്രം അന്നത്തെ തിരുവിതാംകൂര്‍ വളര്‍ന്നിരുന്നില്ല.

ഒരു ടാറ്റാ സ്‌കോളര്‍ഷിപ്പോടുകൂടി, ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനു സിദ്ധിച്ചു. ഇതിനു മുമ്പുതന്നെ ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും കുറച്ചുകാലം ജോലി നോക്കാനുള്ള അവസരം നാരായണനു ലഭിച്ചിരുന്നു. ഒതുങ്ങിക്കഴിയാനാഗ്രഹിച്ച ആ യുവാവിന് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ പുസ്തകങ്ങളായിരുന്നു. ഇതിന് എത്രയോ മുമ്പുതന്നെ അദ്ദേഹം മലയാളത്തില്‍ കവിത എഴുതിയിരുന്നു. അത് മനോരമവാരികയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

ആ ചെറുപ്പക്കാരനെ പ്രധാനമന്ത്രി വിദേശകാര്യവകുപ്പിലേക്കയച്ചു. പിന്നെ കയറിയ പടവുകള്‍ മുകളിലേക്ക്, മുകളിലേക്ക് മാത്രമായിരുന്നു. ചൈനയുടെ അംബാസഡറാകുക അത്ര ചെറിയ കാര്യമൊന്നുമല്ല (സര്‍ദാര്‍ കെ.എം.പണിക്കരും കെ.പി.എസ്. മേനോനും ഈ സ്ഥാനം വഹിച്ചിരുന്നു). പിന്നീടാണ്, ഇന്ത്യയുടെ ഏറ്റവും മികച്ച സര്‍വകലാശാലയായ ജെ.എന്‍.യു.വിന്റെ വൈസ്ചാന്‍സലറായി നിയമിക്കപ്പെട്ടത്. പിന്നെ അമേരിക്കയിലെ അംബാസിഡറുമായി. അങ്ങനെ ഇന്ത്യയുടെ സിവില്‍സര്‍വീസില്‍നിന്നും റിട്ടയര്‍ ചെയ്തശേഷമാണ്, ലോക്‌സഭയിലേക്കു മല്‍സരിച്ചു ജയിച്ചതും കേന്ദ്രത്തില്‍ മന്ത്രി ആയതും. തുടര്‍ന്ന്, 1992-ല്‍ സര്‍വസമ്മതനായി, ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് അവരോധിക്കപ്പെട്ടു.

ഇന്ന് നാരായണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാഷ്ട്രപതിസ്ഥാനത്ത്, അദ്ദേഹം എത്തിച്ചേരുമെന്ന് നേരത്തെതന്നെ സ്വാഭാവികമായും വിശ്വസിക്കാമായിരുന്നു. പക്ഷേ, ഇതിനിടെ ഡോ. ശങ്കര്‍ദയാല്‍ശര്‍മ്മയ്ക്ക് ഒരു ടേംകൂടി നല്‍കാനുള്ള ശ്രമം നടന്നു. (സ്വതന്ത്ര ഇന്ത്യയുടെ അരനൂറ്റാണ്ടു ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ ഒരു രാഷ്ട്രപതി രണ്ടു ടേം തുടര്‍ച്ചയായി ഇരുന്നിട്ടുള്ളു. അത് ഒന്നാമത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ആയിരുന്നു. 1950 ജനുവരി 26 മുതല്‍ (ഇന്ത്യപരമാധികാര റിപ്പബ്ലിക്കായ ദിനം) 1962 മേയ് 13 വരെ) ആദ്യം അങ്ങനെ സംഭവിച്ചുവെങ്കിലും പിന്നീട് ആ പാരമ്പര്യം വേണ്ടെന്നു വയ്ക്കുകയാണ്, നമ്മുടെ നേതാക്കള്‍ ചെയ്തത്. തീര്‍ച്ചയായും ഒരു നല്ല പാരമ്പര്യം.

പത്മഭൂഷണ്‍ ബഹുമതി ഡി സി കിഴക്കെമുറിയുടെ മരണാന്തരം, പത്‌നി ശ്രീമതി പൊന്നമ്മ ഡി സി രാഷ്ട്രപതി കെ ആര്‍ നാരായണനില്‍നിന്ന് ഏറ്റുവാങ്ങുന്നു (1999 മാര്‍ച്ച് 23 ഡല്‍ഹി)

മറ്റൊരു പാരമ്പര്യവും നാം ഏതാണ്ട് പാലിച്ചിരുന്നു. ഉപരാഷ്ട്രപതിമാരായിരുന്നവരെ രാഷ്ട്രപതിയാക്കുക എന്ന പാരമ്പര്യം. ഡോ. രാധാകൃഷ്ണനും ഡോ. സക്കീര്‍ഹുസൈനും വി.വി. ഗിരിയും ശങ്കര്‍ദയാല്‍ശര്‍മ്മയുമൊക്കെ അങ്ങനെ ഇന്ത്യയുടെ അത്യുന്നത് സ്ഥാനത്ത് എത്തിയവരത്രെ. ആ നിലയ്ക്കും നാരായണന്‍ 100 ശതമാനം സ്വാഭാവികമായി രാഷ്ട്രപതിഭവനില്‍ എത്തേണ്ടതായിരുന്നു. ഇതിനിടയ്ക്ക് കുഴപ്പങ്ങളുണ്ടാക്കാന്‍ ദില്ലിയിലെ ഉന്നതന്‍മാര്‍ ശ്രമിക്കാതിരുന്നില്ല. ദേവഗൗഡ, കരണ്‍സിംഗ് തുടങ്ങി പലരുടെയും പേരുകള്‍ അന്തരീക്ഷത്തിലെത്തുകയും ചെയ്തു. എങ്കിലും ഒടുവില്‍ കോണ്‍ഗ്രസ്സും ഭരണകക്ഷിയും ഒരേദിവസം ഒരേ സമയത്ത് ഒരുപോലെ നാരായണന്റെ പേര് നിര്‍ദ്ദേശിക്കുകയാണുണ്ടായത്. ജൂണ്‍ 16-ന് ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും ഭാഗ്യം എന്നു പറയട്ടെ.

ഗാന്ധിജിയുടെ ഒരു ആഗ്രഹം സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയില്‍ത്തന്നെ പൂവണിഞ്ഞു എന്ന നിലയില്‍ കാണുന്ന ധാരാളം നേതാക്കന്‍മാരുണ്ട്, ഇന്ത്യയില്‍. ഒപ്പം പത്രങ്ങളും. ഒരു ഹരിജന്‍ രാഷ്ട്രപതിയാകണമെന്ന് ഗാന്ധിജി പ്രതീക്ഷിച്ചിരുന്നു; പ്രഖ്യാപിച്ചിരുന്നു. അത്, ഒരു ദളിതനെ ആ വലിയ കസേരയില്‍ പ്രതിഷ്ഠിച്ചുകാണുക എന്നതായിരുന്നില്ല. ദളിതരുടെ പൊതുവായ ഉന്നമനത്തിന്റെ ഒരു പ്രതീകം എന്ന നിലയില്‍ മാത്രമായിരുന്നു അത്. അക്കാര്യം ഇന്നത്തെ മട്ടില്‍ നീങ്ങിയാല്‍ (അഥവാ നീക്കിയാല്‍) 21-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും നടക്കുമെന്നു പ്രതീക്ഷിച്ചുകൂടാ. ഞാനിവിടെ പറയാന്‍ വന്നത് മറ്റൊരു കാര്യമാണ്, നാരായണനെ രാഷ്ട്രപതിയാക്കുന്നത് ഒരു ‘ഔദാര്യം’ എന്ന നിലയില്‍ കാണുന്നവരുണ്ട്. അത് തികച്ചും തെറ്റായ ഒരു കാഴ്ചപ്പാടാണെന്നു പറയേണ്ടിയിരിക്കുന്നു. കെ.ആര്‍. നാരായണനു ദളിത്‌വിഭാഗത്തില്‍പ്പെട്ട ആളെന്ന നിലയിലുള്ള ഔദാര്യം ഒട്ടുംതന്നെ ആവശ്യമില്ല. ആ മൂടുപടം എടുത്തുമാറ്റിയാല്‍, ഇന്ത്യയുടെ രാഷ്ട്രപതി എങ്ങനെയുള്ള ആളാകണമോ ആ യോഗ്യതകളെല്ലാം ഉള്ള ആളാണ് കെ.ആര്‍.നാരായണന്‍. വഴിവിട്ട് ഒരു കാരുണ്യവും അദ്ദേഹത്തിനുവേണ്ടി ആരും കാണിക്കേണ്ടതില്ല എന്നതാണു സത്യം.

ഇനി ശ്രദ്ധിക്കാനുള്ള കാര്യം രാഷ്ട്രപതിസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്, മല്‍സരം കൂടാതെ കഴിക്കാനാണ്. ശേഷന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. എങ്കിലും അത് യഥാസമയം പിന്‍വലിക്കാനുള്ള ‘ഔദാര്യം’ അദ്ദേഹം പ്രകടിപ്പിക്കുമെന്നാശിക്കാം. അമ്പതു എം.പി.മാരുടെ പിന്തുണയുണ്ടെങ്കിലേ മല്‍സരിക്കാനാവൂ എന്നതാണു പുതിയ നിയമം. ശിവസേന ശേഷനെ സഹായിച്ചു. എങ്കിലും നിരവധി പ്രാദേശികപാര്‍ട്ടികളും നാരായണന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട്, തിരഞ്ഞെടുപ്പ് ഐകകണ്‌ഠ്യേനയാവുമെന്നും അങ്ങനെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിക്കാണിക്കാനിടയാകുമെന്നും നമുക്കാശിക്കാം.

രാഷ്ട്രപതിയുടെ അധികാരങ്ങളെപ്പറ്റി ജസ്റ്റിസ് കെ.സുകുമാരന്‍ എഴുതിയ ഒരു ലേഖനം കേരളകൗമുദി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിലെ കൗതുകമുളവാക്കുന്ന ചില കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കട്ടെ.

35 വയസ്സ് പൂര്‍ത്തിയായ ഏത് ഇന്ത്യന്‍ പൗരനും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാം. ലോകസഭാംഗമാകാനുള്ള യോഗ്യതകളും വേണം. ഏതെങ്കിലും സഭയില്‍ അംഗമാണെങ്കില്‍ രാഷ്ട്രപതിയാകുമ്പോള്‍ അത് സ്വയം ഇല്ലാതാകും. രാഷ്ട്രപതിക്ക് ഒരു ഔദ്യോഗിക വസതി ഉണ്ടാവണം. വാടക നല്‍കാതെ ഉപയോഗിക്കാവുന്ന വിധമുള്ളത്. രാഷ്ട്രപതിയുടെ അധികാരങ്ങള്‍ അതിവിപുലമാണ്. സേനകളുടെ എല്ലാം സര്‍വസൈന്യാധിപനാണു രാഷ്ട്രപതി. ഏത് കോടതിയുടെ ശിക്ഷാവിധിയും റദ്ദാക്കാന്‍ അദ്ദേഹത്തിനു കഴിയും. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയുടെ വാറന്റ്പ്രകാരമത്രെ. ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിയമപ്രശ്‌നങ്ങള്‍ വരുമ്പോള്‍ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറന്‍സിനു വിടുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെപ്പോലും പിരിച്ചുവിടാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. അതിന്റെ ആദ്യത്തെ ഉദാഹരണമാണ് 1959-ല്‍ കേരളത്തില്‍ നടന്നത്. രാഷ്ട്രപതിയായിരിക്കുമ്പോള്‍ ഉള്ള ആനുകൂല്യങ്ങള്‍ പിന്നീട് വെട്ടിക്കുറച്ചുകൂടാ. അധികാരം ഏറ്റെടുക്കുമ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ മുമ്പിലാണ്. മന്ത്രിമാരെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് രാഷ്ട്രപതിയുടെ ചുമതലയത്രെ.

രാഷ്ട്രപതിയെ പുറത്താക്കാനുള്ള വകുപ്പും ഭരണഘടനയിലുണ്ട്; 61-ാം അനുച്ഛേദം. ഇതുവരെ പ്രയോഗിക്കേണ്ടിവന്നിട്ടില്ല. ജഡ്ജിമാരെ പുറത്താക്കാനും ഇതുപോലൊരു വകുപ്പുണ്ട്.

ഇനി ഞാന്‍ ജസ്റ്റിസ് സുകുമാരന്റെ വാക്കുകള്‍ അതുപടി പകര്‍ത്തട്ടെ: ”രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി, അധികാരം ജനേച്ഛയ്ക്ക് അനുസൃതമായി കൈകാര്യം ചെയ്യുമെന്നു വിശ്വസിക്കാവുന്ന ആളായിരിക്കണം. വിദ്യാസമ്പന്നത ഒരലങ്കാരം മാത്രമല്ല ആവശ്യംകൂടിയാണ്. ആ ഉന്നതപദവിക്ക് സുശിക്ഷിതമായ ഒരു ജീവിതരീതി അനുപേക്ഷണീയവുമാണ്. പ്രലോഭനങ്ങള്‍ക്ക് ഒരിക്കലും വഴങ്ങാത്ത മനസ്സ് ഉണ്ടായേ തീരൂ. സൂര്യനു താഴെയുള്ള എല്ലാക്കാര്യങ്ങളെപ്പറ്റിയും നല്ല ധാരണയുണ്ടാവണം. അതിതീക്ഷ്ണമായും ആശയസംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോഴോ താത്ത്വിക വൈരുദ്ധ്യങ്ങള്‍ ദര്‍ശിക്കുമ്പോഴോ വിദഗ്ദ്ധന്മാരുടെ സേവനം രാഷ്ട്രപതിക്ക് ആവശ്യപ്പെടാമെങ്കില്‍ക്കൂടി അവസാന തീരുമാനമെടുക്കുന്നതിന് എല്ലാ വിഷയങ്ങളിലും അടിസ്ഥാന വിജ്ഞാനം ഉണ്ടായിരിക്കണം.

ഇവിടെ പറഞ്ഞിട്ടുള്ള യോഗ്യതകള്‍ എല്ലാം ഒത്തിണങ്ങിയിട്ടുള്ള ഒരു വ്യക്തിയാണ്, നാരായണനെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രാജേന്ദ്രപ്രസാദും രാധാകൃഷ്ണനും സക്കീര്‍ഹുസൈനും ശങ്കര്‍ദയാല്‍ ശര്‍മ്മയും പുലര്‍ത്തിയിട്ടുള്ള ഉന്നതനിലവാരം കാത്തുസൂക്ഷിക്കാന്‍ നാരായണനു കഴിവുണ്ട്. വിദ്യയിലും വിനയത്തിലും സര്‍വഥാ സമ്പന്നനാണ് അദ്ദേഹം.

1983-നുശേഷം കെ.ആര്‍. നാരായണന്‍ കേരളത്തില്‍ വന്നിട്ടുള്ള എല്ലാ സന്ദര്‍ഭങ്ങളിലും (തിരഞ്ഞെടുപ്പു കാലമൊഴിച്ച്) ഞങ്ങള്‍ തമ്മില്‍ കണ്ടുകൂടിയിട്ടുണ്ട്.

Comments are closed.