നിരന്തരജനനം
ഒറ്റയ്ക്കുള്ള യാത്രകള്‍ ഉള്ളിലെ ഭീതികളെ പുറത്തേക്കു കുടഞ്ഞിട്ട് നേര്‍ക്കുനേര്‍ നിര്‍ത്തിത്തരും. സ്വന്തം ഭീതികളെ മുള്‍മുനയില്‍ നിര്‍ത്തി ചോദ്യം ചെയ്യുമ്പോള്‍ കണ്ടെത്തുന്ന തിരിച്ചറിവുകള്‍ ജീവിതകാലം ഉടനീളം നമ്മെ സഹായിക്കും. എന്റെ ഭീതികളെ എനിക്കല്ലാതെ മറ്റാര്‍ക്കാണ് വ്യക്തമായി അറിയാനാവുക! ഒറ്റയ്ക്കുള്ള യാത്രകള്‍ ഒരിക്കലും ഏകാന്തമല്ല. അപ്പോഴാണ് നാം ചുറ്റുമുള്ള മനുഷ്യരെ കാണുകയും അവരിലേക്കെത്താന്‍ ശ്രമിക്കുകയും ചെയ്യുക. കൂട്ടമായുള്ള യാത്രകളില്‍ നാം നമ്മിലേക്കുുതന്നെ ചുരുങ്ങി പോകുന്നു. കൂടെയിരുന്ന് സംസാരിക്കാന്‍ ഒരു സുഹൃത്തുള്ളപ്പോള്‍ മുന്നിലിരിക്കുന്ന അപരിചിതനായ സഹയാത്രികനോട് സംവദിക്കുവാന്‍ ആരും തയ്യാറാവില്ലല്ലോ.
ഒരു മനുഷ്യജന്മം ഒറ്റപ്പാളിയായോ അനേക അസദൃശ അടരുകളായോ ചെലവിടാം. ഏതാണ് അനുയോജ്യം എന്ന തിരഞ്ഞെടുപ്പ് വ്യക്തിനിഷ്ഠമാണ്. ഒരേ ജന്മത്തിലെ പല ഏടുകള്‍ എന്നതിനുപരി ഏകജന്മത്തില്‍ തന്നെ വിഭിന്ന പിറവികള്‍ സാധ്യമാവുക എന്നത് അതുല്യാനുഭമാണ്. പലവട്ടം ജനിക്കുന്നൊരാള്‍ തത്തുല്യമായ മരണങ്ങളും സ്വീകരിക്കുന്നു. ഓരോ മരണത്തിലും അസ്തമിക്കുന്ന തീരാദുഷിപ്പുകള്‍ ഉദയം നല്‍കുന്നത് പുത്തന്‍ പൊരുളുകള്‍ക്കാണ്. ഇത്തരത്തില്‍ നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയിലേക്കെത്താന്‍ പല മാര്‍ഗങ്ങള്‍ ഉള്ളതില്‍ ഒന്നാണ് യാത്ര.
അവനവനിലേക്കുള്ള സൂക്ഷ്മദര്‍ശിനിക്കുഴലുകളാണ് യാത്രകള്‍. ലെന്‍സ് അകത്തിയും അടുപ്പിച്ചും ക്രമീകരിച്ചുകൊണ്ട് സ്വയം നിരീക്ഷിക്കാനുള്ള അവസരമാണ് യാത്രകള്‍ ഒരുക്കുന്നത്. സ്വയംഅറിയുക എന്നത് ഏറ്റവും വലിയ തിരിച്ചറിവുകളില്‍ ഒന്നാണെന്നിരിക്കെ അത് ഒരു മനുഷ്യായുസ്സിന്റെ ഏത് ഘട്ടത്തില്‍ സംഭവിക്കുന്നു എന്നത് സുപ്രധാനമാണ്. യാത്രകള്‍ പൊതുവെ ഏതൊരു വ്യക്തിയും മാറ്റിവയ്ക്കുന്ന അഭിലാഷങ്ങളില്‍ ഒന്നാണ്. കൃത്യമായ സമയവും കാലവും നിശ്ചയിച്ച് വളരെ ആസൂത്രിതമായി ചെയ്യേണ്ടുന്ന പ്രവൃത്തിയാണെന്ന പൊതുധാരണ കാരണം അതെപ്പൊഴും ആയുസ്സിന്റെ വരമ്പുകള്‍ പൂകുന്ന കാലഘട്ടത്തിലേക്ക് നീക്കിവയ്ക്കപ്പെടുന്നു. എന്നാല്‍ കലണ്ടര്‍ നോക്കി സമയബന്ധിതമായി നടത്തുന്ന യാത്രകള്‍ ബന്ധുവീട് സന്ദര്‍ശനമോ ഔദ്യോഗികസന്ദര്‍ശനമോ പോലെ വിരസമായ അനുഭവങ്ങളാകുന്നു. യഥാര്‍ത്ഥയാത്ര എന്നത് ഒരു പുതിയ മനസ്സോടെ എവിടെയോ വായിച്ച/കണ്ട/ ഓര്‍മയിലുള്ള ഗന്ധത്തെ, രുചികളെ, സ്പര്‍ശത്തെ ഒക്കെ തിരിച്ചറിഞ്ഞ് അനുഭവിക്കലാണ്.
യഥാര്‍ത്ഥ യാത്രിക സാഹസികയാണ്. താന്‍ എവിടുന്നു വരുന്നു എന്നത് വിസ്മരിച്ചുകൊണ്ട് നിര്‍ണയിക്കപ്പെട്ട യാതൊരു മുന്‍വിധികളുമില്ലാതെ പുതുഅനുഭവങ്ങളിലേക്ക് സ്വയം എറിഞ്ഞുകൊടുക്കുന്നവള്‍. ഊരുംപേരും മറന്നുകൊണ്ട് താന്‍ ഏതു കാലഘട്ടത്തിലെ മനുഷ്യനെന്നതുപോലും വിസ്മൃതിയിലാഴ്ത്തി ചെന്നെത്തുന്ന അപരിചിത ഭൂമിയില്‍ അവള്‍ പാദങ്ങള്‍ ഉറപ്പിക്കുന്നു. പരിചിതമായ ഒരൊറ്റ മുഖംപോലുമില്ലാത്ത നാട്ടില്‍ ആ യാത്രിക മനുഷ്യരാശിയോടുള്ള അടങ്ങാത്ത ആദരവ് പുലര്‍ത്തിക്കൊണ്ട് വര്‍ത്തിക്കുന്നു.
‘രവീന്ദ്രന്റെ യാത്രകള്‍’ എന്ന പുസ്തകത്തില്‍ രവീന്ദ്രന്‍ പറയുന്നു, ‘സംസകാരം തന്നെ ഒരു വ്യവസായമായി മാറിയതിനു സദൃശ്യമായി യാത്രകള്‍ വിനോദസഞ്ചാര വ്യവസായത്തിന് വഴിമാറുകയും പാക്കേജ് ടൂര്‍, ഹോളിഡേയിങ് ഡെസ്റ്റിനേഷന്‍ തുടങ്ങിയ പുത്തന്‍ സംജ്ഞകളിലേക്ക് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മനുഷ്യരുടെ പ്രാഥമികമായ യാത്രാരുചികളെ ക്രോഡീകരിക്കുകയും ചെയ്യുന്നു. അന്യദേശത്തെയോ, സംസ്‌കാരത്തെയോ അറിയാന്‍ സഹായിക്കുന്നതല്ല ഈ വാണിജ്യവത്കൃത യാത്രകള്‍.’ അദ്ദേഹം സൂചിപ്പിച്ചതുപോലെയുള്ള കേവലം ‘പിക്‌നിക്ക്’ അല്ലെങ്കില്‍ ‘എസ്‌കര്‍ഷന്‍’ മട്ടിലുള്ള യാത്രകള്‍ മനുഷ്യനെ പുതുജന്മങ്ങളിലേക്കോ നിരന്തര ജനനങ്ങളിലേക്കോ നയിക്കാന്‍ പ്രാപ്തമല്ല.
ഒരു മനുഷ്യായുസ്സില്‍ ശരാശരി 650,000 മണിക്കൂറുകള്‍ ഉണ്ടെന്നാണ് കണക്ക്. ജോലി ചെയ്തും ഭക്ഷണം കഴിച്ചും ഉറങ്ങിയും ഇണചേര്‍ന്നും ജീവിച്ചുതീര്‍ക്കാവുന്ന ഈ മണിക്കൂറുകളെ യാത്രകള്‍ ആവേശിക്കുന്നത് ആകസ്മികമായി ആവും. അങ്ങനെ സംഭവിക്കുന്ന അപ്രതീക്ഷിത യാത്രകളാവും പലപ്പോഴും നമ്മില്‍ പുതുജന്മത്തിന്റെ ഉണര്‍വ്വുകള്‍ സൃഷ്ടിക്കുക. ജീവന്‍ കുടികൊള്ളുന്ന ഒരേഒരിടം ഭൂമിയാണെങ്കിലും ഇവിടെ ഒരു മനുഷ്യനായി നിലനില്‍ക്കുക അത്ര സുഗമമായ സംഗതിയല്ല. കാരണം ഭൂപ്രതലത്തില്‍ മനുഷ്യന് ഇരുകാല്‍ ഉറപ്പിച്ച് നിവര്‍ന്നുനില്‍ക്കാനാവുന്ന പ്രദേശങ്ങള്‍ ഏറെ ചുരുക്കമാണ്. ഭൂമിയുടെ അതിശയപ്പെടുത്തുന്ന ഏറിയ പങ്കും അതീവ ഉഷ്ണമോ ശൈത്യമോ നിലനില്‍ക്കുന്ന പ്രദേശങ്ങളാണ്, ശിഷ്ട പ്രദേശങ്ങള്‍ ചെങ്കുത്തായതോ സമുദ്രനിരപ്പില്‍നിന്നും ഏറെ ഉയര്‍ന്നതോ ആണ്. അതായത് ജീവിതയോഗ്യമായ കരനിലം ഭൂമിയുടെ 12 ശതമാനം മാത്രമാകുന്നു. സമുദ്രം ഉള്‍പ്പെടെ ആണെങ്കില്‍ അത് കേവലം നാല് ശതമാനത്തിലേക്ക് താഴുന്നു. മനുഷ്യന് എത്തിപ്പെടാന്‍ പ്രാപ്യമായ ഈ 12 ശതമാനം ഭൂഭാഗത്തിന്റെ രണ്ടു ശതമാനമെങ്കിലും ചുറ്റിവരാന്‍ ഒരു മനുഷ്യജന്മംകൊണ്ട് സാധ്യമാകുമോ എന്നറിയില്ല.
പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്
Comments are closed.