പലേതരം യാത്രകള്‍; പ്രശസ്ത എഴുത്തുകാരുടെ യാത്രകളും അനുഭവങ്ങളും
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ യാത്രാവിവരണപുസ്തകങ്ങള്‍. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന, അനുപമമായ ആഖ്യാന വൈഭവത്താല്‍ വായനക്കാരെ വിസ്മയിപ്പിക്കുന്ന ചില യാത്രാവിവരണ പുസ്തകങ്ങള്‍ പരിചയപ്പെടാം.
വിവിധ ദേശങ്ങളിലൂടെയുള്ള ഒരു നോവലിസ്റ്റിന്റെ യാത്രാനുഭവങ്ങളാണിത്. ദേശചരിത്രവും ദേശവര്‍ത്തമാനവും സ്ഥലരാശിയുടെ സവിശേഷതകളും അവിടെനിന്നുള്ള അനുഭവങ്ങളും ദേശജീവിതവുമെല്ലാം സേതു ഈ യാത്രാക്കുറിപ്പുകളില്‍ വരച്ചിടുന്നു. ഓരോ യാത്രാനുഭവവും ഓരോ സാഹിത്യാനുഭവമാക്കി മാറ്റിയ എസ്. കെ. പൊറ്റെക്കാട്ടാണ് അദ്ദേഹത്തിനു മാത്യക. അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള യാത്രാക്കുറിപ്പുകള്‍. അധികമാരും പോകാത്ത, ഏറെയൊന്നും എഴുതപ്പെടാത്ത ദേശങ്ങളിലൂടെയുള്ള ഈ യാത്രാനുഭവങ്ങള്‍ ഹൃദ്യമായ ഒരു വായനാനുഭവമാകുന്നു.
തന്നത്താന്‍ നഷ്ടപ്പെട്ടും പിന്നെത്താന്‍ കണ്ടെത്തിയും, സി.വി.ബാലകൃഷ്ണന്‍
ഹിമാലയന്‍ താഴ്വരകളിലൂടെയും ജനപഥങ്ങളിലൂടെയും അറേബ്യന്‍ മണലാരണ്യങ്ങളിലൂടെയും നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകള്‍. കശ്മീര്‍ താഴ്വരകള്‍, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ-ചരിത്രവും സംസ്‌കാരവും അതിജീവനത്തിന്റെ വഴികളും അവതരിപ്പിക്കുന്ന ഈ പുസ്തകത്തില്‍ ഏണസ്റ്റ് ഹെമിങ്വേ, ഇംഗ്മാര്‍ ബെര്‍ഗ്മാന്‍, ഴാന്‍ മോറോ, ഉറൂബ്, തുടങ്ങി സാഹിത്യ-ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖരെക്കുറിച്ചുള്ള ലേഖനങ്ങളും ചേര്‍ത്തിരിക്കുന്നു. ഒപ്പം എഴുത്തിന്റെ വഴികളെ അടയാളപ്പെടുത്തുന്ന അഭിമുഖങ്ങളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
മാര്‍കേസ് ഇല്ലാത്ത മക്കൊണ്ടോ, ബെന്യാമിന്‍
പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ ലാറ്റിനമേരിക്കയിലേക്കും യൂറോപ്യന്‍ നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാവിവരണം. കഥപോലെ വായിക്കാവുന്ന ഹൃദ്യമായ ഈ അനുഭവ ക്കുറിപ്പുകളില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസും ഫ്രാന്‍സ് കാഫ്കയും റോസാ ലക്സംബര്‍ഗും ചെഗുവേരയും മറ്റനേകം എഴുത്തുകാരും വിപ്ലവകാരികളും ദൃശ്യമാകുന്നു. സഞ്ചരിച്ച ഓരോ രാജ്യത്തിന്റെയും സാമൂഹിക-സാംസ്‌കാരിക സ്ഥിതിവിവരങ്ങളും അടയാളപ്പെടുത്തുന്നു. യാത്രയെ ഒരു സാംസ്‌കാരികോത്സവംകൂടിയാക്കുന്ന കൃതി.
പാറക്കല്ലോ ഏതന്‍സ്, സന്തോഷ് ഏച്ചിക്കാനം
ചരിത്രത്തിന്റെ ഈറ്റില്ലമാണ് ഗ്രീസ്. കസാന്‍ദ് സാക്കിസിന്റെ ജന്മഗേഹം. അനേകം പടയോട്ടങ്ങളും യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും അതിജീവിച്ച, മഹാന്മാരായ യോദ്ധാക്കളെയും സഞ്ചാരികളെയും എഴുത്തുകാരെയും പാലൂട്ടി വളര്‍ത്തിയ മഹാനഗരത്തിലേക്ക് മലയാളത്തിലെ ഒരു സര്‍ഗ്ഗാത്മക സാഹിത്യകാരന്‍ നടത്തിയ യാത്രയാണ് പാറക്കല്ലോ ഏതന്‍സ്. കൃതഹസ്തനായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ പുസ്തകം. സുതാര്യവും ലളിതവുമായ രചനാസൗഷ്ഠവത്തിലൂടെ സന്തോഷ് ഏച്ചിക്കാനം നമ്മെ സോല്‍സാഹം ക്രീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം, സി.അനൂപ്
പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് നിന്ന് അവ നമ്മെ തുറിച്ചു നോക്കും. ജോഹന്നസ്ബര്‍ഗില്‍ തുടങ്ങി പീറ്റര്‍ മാരിസ്ബര്‍ഗിലൂടെ നാം കേപ് ടൗണിലെത്തുമ്പോള്‍ ‘തെന്നാഫ്രിക്ക’ നമ്മെ അത്ഭുതപ്പെടുത്തും. ഈ മണ്ണും മനുഷ്യരും കടന്നു വന്ന അന്ധനീതിയുടെ പിരിയന്‍പുക ഇന്നും ഈ ആകാശത്ത് കാണാം. പുതിയ കാലം തൊടുക്കുന്ന സമകാലീന ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്ക്കുന്ന യുവത്വം. അധികാരത്തിന്റെ നഖമൂര്‍ച്ചയില്‍ സാധാരണ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്ന അധികാരവര്‍ഗ്ഗം- ഈ രണ്ടവസ്ഥകളുടെയും നേര്‍ക്കാഴ്ച ഈ കൃതിയില്‍ നമുക്ക് കാണാം. നെല്‍സണ്‍ മണ്ഡേല സ്വന്തം ജീവിതം നല്കി ഉദിപ്പിച്ച സൂര്യന്‍ അസ്തമയശോഭയോടെ നില്‍ക്കുമ്പോള്‍ ഇനിയുമൊരു പ്രഭാതം അകലെയെങ്ങാനുമുണ്ടോ എന്ന വിലാപവും കേള്‍ക്കാം.
സെന്റ് മാര്‍ക്‌സ് ചത്വരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍, വി മുസഫര്‍ അഹമ്മദ്
കോവിഡ് 19 ലോകത്തിനെ കീഴടക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ യാത്രാസാഹിത്യകാരനായ മുസഫര്‍ അഹമ്മദും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ യൂറോപ്യന്‍ യാത്രയുടെയും കോവിഡ് കാലം സ്ഥലരാശികളെ എങ്ങനെ മാറ്റിത്തീര്‍ത്തു എന്നതിന്റെയും വിവരണമാണ് ഈ യാത്രാപുസ്തകം. യാത്രകള്‍തന്നെ വിലക്കപ്പെടുന്ന അവസ്ഥാവിശേഷത്തെയും എല്ലാം വെര്‍ച്വലാകുമ്പോള്‍ യാത്രകളും വെര്‍ച്വലാകുന്നതിന്റെ അനുഭവച്ചുരുങ്ങലിനെയും കുറിച്ചുള്ള ആശങ്കളും ഈ പുസ്തകം പങ്കുവയ്ക്കുന്നു.
Comments are closed.