കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായി ഇഷാനും സൂര്യയും
കേരളത്തിന് ഇതൊരു ചരിത്രമൂഹൂര്‍ത്തമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മിഥുനങ്ങളാണ് ഇരുവരും. ഒരുപക്ഷെ രാജ്യത്തെ ആദ്യത്തേതും.
ഇരുവരുടെയും കുടുംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളര്‍ത്തുപുത്രിയാണ് സൂര്യ. ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയ കുമാരന്‍ നായരുടേയും ഉഷാ വിജയന്റേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാന്‍. ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ പ്രശസ്തയാണ് സൂര്യ. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഉണ്ടായില്ല.
തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി. കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു.
Comments are closed.