അനന്യയുടെ മരണവും ലിംഗമാറ്റ ശസ്ത്രക്രിയയും
ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്നും
2021 ജൂലായില്‍ എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട അനന്യയുടെ ആത്മഹത്യ ഏറെ വിവാദമായി. പ്രത്യേകിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട്. അനന്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയശേഷം വലിയ രീതിയിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളിലൂടെയായിരുന്നു അനന്യ കടന്നുപോയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രിക്കും വലിയ വീഴ്ച സംഭവിച്ചതായും അവര്‍ തന്നോട് നീതിപുലര്‍ത്തിയില്ല എന്നും അനന്യ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അവരുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ പൊലീസ് അന്വേഷണം നടത്തി പുറത്തു കൊണ്ടുവരേണ്ടതാണ്.
സംസ്ഥാനത്തെ ട്രാന്‍സ് സമൂഹത്തിനു തീരാവേദന സമ്മാനിച്ച ഈ സംഭവത്തിനുശേഷം ലിംഗമാറ്റശസ്ത്രക്രിയയെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരമൊരു ശസ്ത്രക്രിയ അനാവശ്യമാണെന്നു വാദിക്കുന്ന വലിയൊരു വിഭാഗമുണ്ട്. വാസ്തവത്തില്‍
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട എല്ലാവരും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരല്ല. ട്രാന്‍സ് സെക്ഷ്വല്‍ എന്നു വിളിക്കപ്പെടുന്ന ചെറിയ ഒരു വിഭാഗമാണ് അധികവും ലിംഗമാറ്റം ആഗ്രഹിക്കുന്നത്. ഒരു വ്യക്തി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി ഐഡന്റിഫൈ ചെയ്യുക എന്നത് മാനസികരോഗമായി വിലയിരുത്തിയിരുന്ന കാലമുണ്ടായിരുന്നു. ആ നിലപാട് തെറ്റാണെന്ന് ഇന്ന് ലോകം പൊതുവില്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോഴും സമൂഹവും കുടുംബവും വെച്ചുപുലര്‍ത്തുന്ന അവജ്ഞയും അവഗണനയും വിവേചനവും മൂലം പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളില്‍കൂടിയാണ് അവര്‍ കടന്നു പോകുന്നത്. തങ്ങളാഗ്രഹിക്കുന്ന ജെന്‍ഡര്‍ ഐഡന്റിറ്റിയില്‍ ജീവിക്കാനാവാത്തതും തങ്ങളുടെ ജെന്‍ഡര്‍ ഐഡന്റിറ്റിക്കു ചേരാത്ത ശരീരത്തില്‍ ജീവിക്കേണ്ടി വരുന്നതും പലര്‍ക്കും മാനസികസംഘര്‍ഷം ഉണ്ടാക്കും. ചിലര്‍ക്ക് ‘ജെന്‍ഡര്‍ ഡിസ്‌ഫോറിയ’ എന്ന അവസ്ഥ ഉണ്ടാവുകയും തങ്ങളുടെ ജെന്‍ഡര്‍ ഐഡന്റിറ്റിക്കു യോജിച്ച ശാരീരികമാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. അങ്ങനെയുള്ളവരാണ് ഹോര്‍മോണ്‍ ചികിത്സയ്ക്കും ലിംഗമാറ്റശസ്ത്രക്രിയയ്ക്കും തയ്യാറാകുന്നത്. ഇതൊരിക്കലും മാനസികരോഗമല്ല എന്ന് ആധുനികലോകം അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെ ആഗ്രഹിക്കുന്നവരില്‍തന്നെ പലരും മുഖത്തില്‍ മാത്രം മാറ്റം വരുത്തുന്നുള്ളു. ചിലര്‍ ശബ്ദം മാറ്റാനാഗ്രഹിക്കുന്നു. ചിലര്‍ മാറിടവും. വലിയൊരു വിഭാഗം ഹോര്‍മോണ്‍ ചികിത്സ നടത്തും. വളരെ കുറച്ചുപേര്‍ മാത്രമേ പൂര്‍ണ്ണമായ രീതിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നുള്ളു. പലരുടെയും ജെന്‍ഡര്‍ ഫ്‌ലൂയിഡിറ്റി മാറിവരുകയും ചെയ്യാം. ലിംഗമാറ്റശസ്ത്രക്രിയയാല്‍ പൂര്‍ണ്ണമായും ആണാകാനും പൂര്‍ണ്ണമായും പെണ്ണാകാനും കഴിയുമോ എന്ന ചോദ്യംതന്നെ അപ്രസക്തമാണ്. പൂര്‍ണ്ണമായ പെണ്ണ്, പൂര്‍ണ്ണമായ ആണ് എന്ന അവസ്ഥതന്നെ നിലവിലില്ല എന്ന് ഇന്ന് ശാസ്ത്രം അംഗീകരിക്കുന്നുണ്ടല്ലോ.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍തന്നെ നിരവധി ഗൈഡ് ലൈനുകളും പ്രോട്ടോക്കോളുകളും നിലവിലുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മുന്‍കൂട്ടി തിരിച്ചറിയുകയും അവ എത്രത്തോളം യാഥാര്‍ത്ഥ്യബോധമുള്ളതാണ് എന്ന് മനസ്സിലാക്കുകയും അതിനെക്കുറിച്ച് ശരിയായ അറിവ് നല്‍കുകയും ചെയ്യുക എന്നത് സര്‍ജറി ചെയ്യുന്ന ഡോക്ടറുടെ ചുമതലയാണ്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ആ മേഖലയില്‍ പ്രത്യേക വിദഗ്ധപരിശീലനം ലഭ്യമായിട്ടുണ്ട് എന്നുള്ളതും ഉറപ്പാക്കണം. ഹോര്‍മോണ്‍ ചികിത്സ/ ശാസ്ത്രക്രിയയ്ക്ക് വേണ്ട മാനസികമായ തയ്യാറെടുപ്പുണ്ടോ; മാനസിക ബുദ്ധിമുട്ടുകള്‍ നിലവില്‍ അനുഭവിക്കുന്നുണ്ടോ; എടുക്കാന്‍ പോകുന്ന ചികിത്സകളെക്കുറിച്ച് ശരിയായ അറിവുണ്ടോ എന്നിവയെല്ലാം പരിശോധിച്ച് സര്‍ജറിക്ക് മാനസികമായി ഫിറ്റ് ആണെന്നുള്ള സൈക്യാട്രിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. സര്‍ജറിക്ക് ശേഷമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് സമയത്തും ഇവര്‍ക്ക് കൃത്യമായ സേവനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടതുണ്ട്. എന്തെങ്കിലും തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ കണ്ടെത്തിയാല്‍ അതിനെക്കുറിച്ച് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയോട് പറയുകയും അതിനുള്ള പരിഹാരം വ്യക്തിയുടെ താത്പര്യത്തിനനുസരിച്ച് നടത്താന്‍ ശ്രമിക്കുകയും വേണം. ഏതൊരു ശസ്ത്രക്രിയയും പോലെ ഇതും 100 ശതമാനം വിജയമാകുമെന്ന് ഉറപ്പു പറയാനുമാകില്ല. ഓപ്പറേഷന്‍ കഴിഞ്ഞുള്ള സമയത്തും ഹോര്‍മോണ്‍ ചികിത്സയും അതോടൊപ്പം മാനസിക ആരോഗ്യസേവനങ്ങളും നല്‍കണം.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.