DCBOOKS
Malayalam News Literature Website

ദുരന്തങ്ങളും മരണഭീതിയും: ജീവന്‍ ജോബ് തോമസ്

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

മാനസികമായ ഭയങ്ങൾ നമ്മുടെ കാഴ്ച്ചപ്പാടുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഏതു സാഹചര്യത്തെയും നമ്മുടെ മനസ്സ് എങ്ങനെയാണ് മനനം ചെയ്‌തു സൂക്ഷിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ഭയവും ധൈര്യവും എല്ലാം രൂപപ്പെട്ടുവരുന്നത്. എത്ര സുരക്ഷിതമായ കവചത്തിനുള്ളിൽ ജീവിച്ചുകൊണ്ടിരുന്നാലും അയഥാർത്ഥങ്ങളായ സാഹചര്യങ്ങൾ നിർമ്മിച്ചെടുത്ത് മനസ്സ് നമ്മെ ഭയപ്പെടുത്തിയേക്കാം. ആ ഭയങ്ങൾ ചിലപ്പോൾ എത്ര വലിയ സുരക്ഷിത കവചത്തിനകത്തെ ജീവിതത്തെയും നരകതുല്യമാക്കി മാറ്റും. സമീപ വർഷങ്ങളിലെ പ്രളയ-പകർച്ചവ്യാധി ദുരന്തങ്ങൾക്കുശേഷമുണ്ടായിരിക്കുന്ന ഭയങ്ങളെ വിശകലനം ചെയ്യുന്നു.

റങ്ങാൻ വല്ലാത്ത പേടിയാണ്. ഉണർന്നെണീറ്റില്ലെങ്കിലോ എന്ന തോന്നൽ, കിടക്കുന്ന വീടും പറമ്പും അപ്പാടെ നിമിഷങ്ങൾകൊണ്ട് തൂത്തുതുടച്ചെടുക്കുന്ന മലവെള്ളം വന്നാലോ എന്ന ചിന്ത.  ഇരുട്ടുവീണാൽ കൈയും കാലും വിറയ്ക്കാൻ തുടങ്ങും. മഴ ചാറുന്നുണ്ടെങ്കിൽ പറയുകയും വേണ്ട. വിറങ്ങലിച്ച് കു ട്ടികളെയും കെട്ടിപ്പിടിച്ച് ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിക്കുന്നു.

Pachakuthiraഭയം ശരീരത്തെയപ്പാടെ ബാധിച്ചവരുടെ പലവിധത്തിലുള്ള വിവരണങ്ങൾ കേൾക്കുന്നു. വയനാട് മുണ്ടക്കൈ  ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വിവരങ്ങൾ സാമൂഹിക മനസ്സിനെ ഭയത്തിന്റെ ക്രൂരവൈറസുകളായി ബാധിച്ചിട്ടുണ്ട്. ആ ബാധ മുല്ലപ്പെരിയാർ പൊട്ടുമോ എന്ന കാലങ്ങളായി മറന്നുകിടന്ന മറ്റൊരു ഭയത്തെ ഓർമ്മകളുടെ അടിത്തട്ടിൽനിന്നും പൊടിതട്ടിയെടുത്ത് കൊണ്ടുവന്നിരിക്കുന്നു.

കേരളം സവിശേഷമായ പ്രകൃതിസാഹചര്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നാടാണ്. സഹ്യപർവ്വതത്തിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള ഈ നാട്ടിലെ ജനങ്ങളുടെ ജീവിതം വലിയ യുദ്ധങ്ങളൊന്നും ബാധിക്കാതെ, ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും വലിയ രക്തച്ചൊരിച്ചിലുകളുടെയും വേദനകളിലേക്ക് എത്തിനോക്കാതെ പൊതുവേ ലോകത്തെ മറ്റുപല മേഖലകളെക്കാളും സുരക്ഷിതമായി കരുതപ്പെട്ടുപോന്നതാണ്. പക്ഷേ, 2018-ലെ പ്രളയത്തോടെ ആ സ്ഥിതിക്ക് സാരമായ മാറ്റം വരുകയാണോ എന്ന് സംശയം തോന്നുന്ന വിധത്തിൽ പ്രകൃതിദുരന്തങ്ങൾ ഈ പ്രദേശത്തെ ബാധിക്കുന്നു. കാലങ്ങൾക്കു മുന്നേ പ്രവചിക്കപ്പെട്ടിരുന്ന കാലാവസ്ഥാവ്യതിയാനം സ്യഷ്ടിക്കുന്ന മാറ്റങ്ങൾ രൂക്ഷമായ പ്രകൃതിക്ഷോഭങ്ങൾക്ക് വഴിയൊരൊക്കുന്നു. 570 കിലോമീറ്റർ നീളമുള്ള നമ്മുടെ തീരപ്രദേശങ്ങളിൽ 65% വും കടലിന്റെ കൈയേറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കിഴക്കൻ മലനിരകളിൽ ഉണ്ടാകുന്ന ഉരുൾപൊട്ടലുകളുടെയും മണ്ണിടിച്ചിലിന്റെയും പ്രഹരശേഷി പതിൻമടങ്ങ് വർദ്ധിച്ചിരിക്കുന്നു. പത്തു വർഷങ്ങൾക്ക് മുൻപ് പ്രധാനപ്പെട്ട സയന്റിഫിക്ക് റിപ്പോർട്ടുകളിൽ പ്രവചിക്കപ്പെട്ടിരുന്ന സംഗതികൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു.

പാരിസ്ഥിതിക ദുർബല പ്രദേശത്തെ അടയാളപ്പെടുത്തുന്ന മാപ്പുകളിൽ സ്ഥാനം പിടിക്കുന്നതോടെ, കേരളം അത്ര സുഖകരമായ ഒരു വാസസ്ഥലമാണോ എന്ന സംശയം ഇവിടെ ജീവിക്കുന്ന സാധാരണ മനുഷ്യന്റെ ജീവിതവീക്ഷണത്തിൽ ഇടപെടാൻ തുടങ്ങിയിരിക്കുന്നു. കാലം നമ്മെ കൂടുതൽ ദുർബലമാക്കിയിരിക്കുന്നോ എന്ന ചോദ്യം നമുക്ക് മുന്നിൽ ഉയർന്നുവരുന്നു.

പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

ജീവന്‍ ജോബ് തോമസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.