വിദ്യാഭ്യാസമുള്ള ജനതയില്‍ പ്രതീക്ഷയുണ്ടെന്ന് സന്തോഷ് ഏച്ചിക്കാനം
വിദ്യാഭ്യാസമുള്ള ജനതയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. നമ്മുടെ ഒരു മുപ്പത് കൊല്ലം പിറകിലാണ് ആഫ്രിക്ക എന്ന് അഭിപ്രായപ്പെട്ട സന്തോഷ് ഏച്ചിക്കാനം എന്നാല്‍ അവിടെയുള്ള സ്‌കൂളുകളില്‍ വിദ്യാഭ്യാസമുണ്ടെന്നും ആ ജനതയില്‍ തനിക്കൊരു പ്രതീക്ഷയുണ്ടെന്നും അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യയില്‍ ഗ്രാമങ്ങളിലെ മിക്ക കുട്ടികളും സ്‌കൂളില്‍ പോകുന്നില്ലെന്നും നാളെ വിദ്യാഭ്യാസം കൊണ്ട് ഇവരില്‍ പ്രതീക്ഷയില്ലെന്നും ഏതു ഗവണ്‍മെന്റ് ഭരിച്ചാലും അവര്‍ക്കാര്‍ക്കും വിദ്യാഭ്യാസം കൊടുക്കുന്നതിനോട് താല്‍പര്യമില്ലെന്നും കാരണം അറിവുണ്ടായാല്‍ ചോദ്യം ചോദിക്കുമെന്നും അതിനുത്തരം പറയാതിരിക്കാനുളള സാഹചര്യങ്ങളാണ് ഗവണ്‍മെന്റ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയിലെ കുട്ടികളുടെ ജീവിതം തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചു എന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
ബംഗ്ലാദേശിലെ ധാക്കയില്‍ ഒരു പ്രശ്‌നവുമില്ല; മനോഹരമായ ആ നഗരത്തില്‍ നിന്ന് ആരും ഇവിടേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ ഹിന്ദുക്കളും മുസ്‌ലീങ്ങളും സാഹോദര്യത്തോടെയാണ് കഴിയുന്നത്. എന്‍. ആര്‍.സി കൊണ്ട് ഉദ്ദേശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. എന്നാല്‍ അവിടെ ഒരു വംശീയപ്രശ്‌നം വന്നാല്‍ അത് അവരെ രണ്ടായി തിരിക്കുമെന്നും അതു പരിഹരിക്കാന്‍, വിദ്യാഭ്യാസം കുറവുള്ള അവിടത്തെ ജനതയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യോത്സവത്തിന്റെ വേദിയില്‍ മാനവയാത്രയുടെ ചരിത്രപഥങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ഏച്ചിക്കാനം. ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനത്തോടൊപ്പം ബെന്യാമിന്‍, വി മുസഫര്‍ അഹമ്മദ്, ലിജീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
നമ്മള്‍ ആധുനികരാണ് എന്നു പറയുമ്പോഴും നമുക്കൊപ്പവും നമ്മുടെ പിന്നിലും അഭയാര്‍ത്ഥികളുടെ മാര്‍ച്ചുണ്ട്. അതാണ് മാനവ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്ര എന്ന് അഭിപ്രായപ്പെട്ട മുസഫര്‍ അഹമ്മദ് നമുക്ക് നോക്കാനുള്ളത് ഈ അഭയാര്‍ത്ഥികളുടെ ജീവിതത്തിലേക്കാണെന്നും ഇന്നും എന്തുകൊണ്ട് ഈ അഭയാര്‍ത്ഥി പ്രവാഹം തുടരുന്നു എന്നും എന്തുകൊണ്ട് ഇന്ത്യ രേഖകളില്ലാത്തവരെ സൃഷ്ടിക്കാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നും ചോദിച്ചു. അതാണ് ഒരു യാത്രക്കാരന്‍ ഇന്ന് ഉന്നയിക്കേണ്ട ചോദ്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലൂടെ അലയാന്‍ വിധിക്കപ്പെട്ടവരും കൂടിച്ചേര്‍ന്നതാണ് ഇന്ത്യ എന്നാണ് ബെന്യാമിന്‍ പറഞ്ഞത്. ദൃശ്യമാധ്യമങ്ങളിലിരുന്നു കൊണ്ട് കാണേണ്ട കാഴ്ചയല്ല യാത്രകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യാത്ര എന്റെ ജീവിതത്തിന്റെ ഭാഗമാണ് സന്തോഷ് ഏച്ചിക്കാനം കൂട്ടിച്ചേര്‍ത്തു
Comments are closed.