മലയാള സിനിമാമേഖലയില്‍ വിവേചനമില്ല: ടൊവീനോ തോമസ്
മലയാളസിനിമാമേഖലയില്‍ വിവേചനമുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്ന് പ്രശസ്തനടന്‍ ടൊവിനോ തോമസ്. വ്യക്തിഗതമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്നതാണ് വിവേചനത്തെ കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍. ആളുകളുടെ അപകര്‍ഷതാബോധവും അഹംഭാവവും ഇത്തരം തോന്നലുകള്‍ക്ക് കാരണമാകുന്നതായും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ടൊവീനോ പറഞ്ഞു.
മലയാളസിനിമ വളരെ വേഗത്തില്‍ ചലിക്കുകയാണ്. ധാരാളം പുതിയ പ്രതിഭകളെ ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയും. കഴിവും ആഗ്രഹവും പ്രയത്‌നവും ഉണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുമെന്നു തന്നെയാണ് വിചാരിക്കുന്നത്. മലയാള സിനിമയില്‍ തന്നേക്കാള്‍ മുതിര്‍ന്നവരാണ് പ്രചോദനമായിട്ടുള്ളത്. ടൊവീനോ പറഞ്ഞു.
മനസ്സില്‍ തട്ടുന്ന വൈകാരികാംശമുള്ള തിരക്കഥകളാണ് അഭിനയിക്കാനായി തിരഞ്ഞെടുക്കുന്നത്. കലാമൂല്യം, സാമ്പത്തികസുരക്ഷ, വിനോദമൂല്യം എന്നിവ ഒത്തിണങ്ങിയ സിനിമകളെയാണ് പൂര്‍ണ്ണവിജയമായി താന്‍ കണക്കാക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഘടകം പരാജയപ്പെട്ടാല്‍ ആ സിനിമ ഭാഗികവിജയം നേടിയെന്നേ പറയാനാകൂ. താന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളെയും തനിക്കിഷ്ടമാണ്.
തീവണ്ടി എന്ന സിനിമയിലെ കഥാപാത്രത്തിനായി ധാരാളം പുകവലിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, പുകവലിച്ചത് സിനിമയിലെ കഥാപാത്രമാണെന്നും വ്യക്തിജീവിതത്തില്‍ താന്‍ പുകവലിക്കാറില്ലെന്നും ടൊവീനോ പറഞ്ഞു. ചെയ്യാനാഗ്രഹിക്കുന്ന സ്വപ്ന കഥാപാത്രങ്ങളായി ഒന്നുമില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നേ ആഗ്രഹമുള്ളൂ. ഇന്‍ ടു ദി വൈല്‍ഡ് എന്ന സിനിമ ഇഷ്ടമാണ്. അത്തരം കഥാപാത്രങ്ങള്‍ ഇഷ്ടമാണെന്നും ടൊവീനോ മറുപടി പറഞ്ഞു.
സ്വന്തം വായനയെ കുറിച്ചുള്ള ചോദ്യത്തിന്, കുട്ടിക്കാലത്ത് ബാലപ്രസിദ്ധീകരണങ്ങള്‍ വായിച്ചതിന് ശേഷം 2009 വരെ കാര്യമായൊന്നും വായിച്ചിരുന്നില്ലെന്ന് ടൊവീനോ പറഞ്ഞു. കോയമ്പത്തൂരില്‍ പഠിക്കുന്ന സമയത്ത് പുതിയ താമസസ്ഥലത്തുനിന്നും കളഞ്ഞുകിട്ടിയ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് വായനയിലേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയത്. സമീപകാലത്തെ ജനപ്രിയരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. എഴുത്തുകാരില്‍, ഖാലിദ് ഹൊസെയ്‌നിയെ ഏറെയിഷ്ടവുമാണ്. ടൊവീനോ പറഞ്ഞു.
സ്വന്തമായി കൂട്ടിവച്ച പണം കൊടുത്താണ് താന്‍ പുസ്തകങ്ങള്‍ വാങ്ങുന്നത്. അങ്ങനെ വാങ്ങിയ പുസ്തകങ്ങളുടെ ഒരു ചെറിയ ശേഖരം വീട്ടിലുണ്ട്. പിതാവിന്റേതായി വീട്ടിലുള്ള പുസ്തകശേഖരങ്ങളില്‍ നിന്ന് എം.ടി.യേയും വൈക്കം മുഹമ്മദ് ബഷീറിനേയും മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട എഴുത്തുകാരേയും ഇപ്പോള്‍ വായിക്കുന്നുണ്ട്. പുസ്തകം തുറന്നുവായിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി മറ്റേത് സാങ്കേതികവിദ്യ ഉപയോഗിച്ച് വായിച്ചാലും ലഭിക്കില്ലെന്ന് ടൊവീനോ പറഞ്ഞു.
എല്ലാവരും ടൊവീനോയെ സ്‌നേഹിക്കണമെന്നും, അതുപോലെതന്നെ പരസ്പരം സ്‌നേഹിക്കണമെന്നുമാണ് എളിയ സന്ദേശമെന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്ന് ടൊവീനോ പറഞ്ഞു.
ഷാര്‍ജ പുസ്തകമേളയുടെ ഭാഗമായി എക്‌സ്‌പോ സെന്ററില്‍ നടന്ന മീറ്റ് ദി യൂത്ത് സ്റ്റാര്‍ പരിപാടിയില്‍ അതിഥിയായെത്തിയ ടൊവീനോ തൊമസിനെ ബാള്‍ റൂമില്‍ തിങ്ങിനിറഞ്ഞിരുന്ന ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. ഷാര്‍ജ പുസ്തകമേളയിലേക്ക് ക്ഷണിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു.
എഴുത്തുകാരായ കെ.വി.മോഹന്‍കുമാര്‍, സംവിധായകന്‍ സലിം അഹമ്മദ്, നാന എഡിറ്റര്‍ കെ. സുരേഷ്, ലിപി അക്ബര്‍ എന്നിവരും പരിപാടിയില്‍ ടൊവീനോയ്‌ക്കൊപ്പം പങ്കെടുത്തു. റേഡിയോ അവതാരകരായ വൈശാഖും മീര നന്ദനുമായിരുന്നു പരിപാടിയുടെ അവതാരകര്‍.
ടൊവീനോ തോമസ് അഭിനയിച്ച ‘ലൂക്ക’, ‘ആന്റ് ദി ഓസ്‌കാര്‍ ഗോസ് റ്റു’ എന്നീ സിനിമകളുടെ തിരക്കഥകളുടെയും, കെ. സുരേഷ് രചിച്ച ‘നക്ഷത്രങ്ങള്‍ പറയാന്‍ ബാക്കി വച്ചത്’ എന്ന പുസ്തകത്തിന്റെയും പ്രകാശനം പരിപാടിയുടെ ഭാഗമായി നടന്നു. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകങ്ങളുടെ പ്രസാധകര്‍.
Comments are closed.