ഇന്ന് അന്താരാഷ്ട്ര പിക്‌നിക് ദിനം, യാത്രചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ചില പുസ്തകങ്ങള്‍ ഇതാ!
ഇന്ന് അന്താരാഷ്ട്ര പിക്‌നിക് ദിനം. യാത്രകളെ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. യാത്രചെയ്യും തോറും യാത്രയോടുള്ള അഭിനിവേശം കൂടിക്കൊണ്ടേയിരിക്കും. തിരക്കുപിടിച്ച ജീവിതത്തിലെ ഓട്ടപാച്ചിലുകള്‍ക്കിടയില്‍ പ്രതീക്ഷയുടെ വെളിച്ചം തേടിയുള്ള യാത്രകള്‍ പലപ്പോഴും അനിവാര്യമാണ്. ഇന്ന് അന്താരാഷ്ട്ര പിക്‌നിക് ദിനത്തില്‍ നിങ്ങളെ യാത്ര ചെയ്യാന്‍ പ്രേരിപ്പുക്കുന്ന, യാത്രകള്‍ക്ക് സഹായിക്കുന്ന ചില പുസ്തകങ്ങള്‍ പരിചയപ്പെടാം.
ബങ്കറിനരികെ ബുദ്ധന്‍– വി.മുസഫര്‍ അഹമ്മദ് വിവിധ ദേശങ്ങളിലൂടെ, വിവിധ കാലങ്ങളിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി. മുസഫര്‍ അഹമ്മദ് നടത്തിയ യാത്രാക്കുറിപ്പുകള്‍. പൗരത്വം സംരക്ഷിക്കുന്നതിന് വിയര്‍പ്പും കണ്ണീരും ചോരയും മാത്രമല്ല, ജീവന്‍ തന്നെ ബലി നല്‍കേണ്ടിവരുന്ന ഭീതിതമായ കാലത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ വായനക്കായി തെരഞ്ഞെടുക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണ് ‘ബങ്കറിനരികിലെ ബുദ്ധന്‍’.
പാറക്കല്ലോ ഏതന്‍സ്-സന്തോഷ് ഏച്ചിക്കാനം ചരിത്രത്തിന്റെ ഈറ്റില്ലമാണ് ഗ്രീസ്. കസാന്‍ദ് സാക്കിസിന്റെ ജന്മഗേഹം. അനേകം പടയോട്ടങ്ങളും യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും അതിജീവിച്ച, മഹാന്മാരായ യോദ്ധാക്കളെയും സഞ്ചാരികളെയും എഴുത്തുകാരെയും പാലൂട്ടി വളര്‍ത്തിയ മഹാനഗരത്തിലേക്ക് മലയാളത്തിലെ ഒരു സര്‍ഗ്ഗാത്മക സാഹിത്യകാരന്‍ നടത്തിയ യാത്രയാണ് പാറക്കല്ലോ ഏതന്‍സ്. കൃതഹസ്തനായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ പുസ്തകം. സുതാര്യവും ലളിതവുമായ രചനാസൗഷ്ഠവത്തിലൂടെ സന്തോഷ് ഏച്ചിക്കാനം നമ്മെ സോല്‍സാഹം ക്രീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ജിഗ്‌സോ പസ്സില്‍- കവിത ബാലകൃഷ്ണന്‍ കല എന്നൊരു വിമോചകരൂപം ഉള്ളിലുള്ളവര്‍ ഏതു ദേശത്തിലേക്ക് യാത്രനടത്തിയാലും അതിരുകളില്ലാത്ത ലോകത്തിന്റെ രുചിമുകുളങ്ങളാണ് പകരുക. അക്കാദമിക് പഠനഗവേഷണാര്‍ത്ഥം ഇംഗ്ലണ്ടിലേക്കു നടത്തിയ ഹ്രസ്വയാത്രയെ പല ലോകങ്ങളുടെയും കലാചരിത്രചിന്തകളുടെയും ജിഗ്‌സോകൊണ്ട് രസകരമായി അവതരിപ്പിക്കുകയാണ് ചിത്രകാരിയും കലാഗവേഷകയുമായ കവിത ബാലകൃഷ്ണന്‍. ഇംഗ്ലണ്ട് എന്ന ഭൂമിശാസ്ത്രപരമായയിടത്തെ കൗതുകകരമായ ഒറ്റച്ചിത്രമായി അവതരിപ്പിക്കുകയല്ല മറിച്ച്, ഇംഗ്ലണ്ടിലെ ആര്‍ട്ട്ഗാലറികളിലും അവിടുത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും അവരുടെ ദൈനംദിനജീവിതത്തിലും പ്രശസ്തരിലും അപ്രശസ്തരിലുമായി ചിതറിക്കിടക്കുന്നു.
സില്‍ക്ക് റൂട്ട്- ബൈജു എന്‍ നായര്‍ സഹസ്രാബ്ദാങ്ങളുടെ ചരിത്രമുറങ്ങുന്ന പുരാതന നഗരങ്ങളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച താഷ്‌ക്കെന്റും അമീര്‍ ടിമൂറിന്റെ ജന്മദേശമായ സഹ്‌രിസബ്‌സും ഇതിലൂടെ അടുത്തറിയുന്നു. ചരിത്രത്താളുകളിലൂടെ മാത്രം കേട്ടറിഞ്ഞ കാര്യങ്ങള്‍ നമ്മുടെ അനുഭവങ്ങളും കാഴ്ചകളും ബോധ്യങ്ങളും ആയി മാറ്റുന്നതിന് എഴുത്തുകാരന് സാധിച്ചിരിക്കുന്നു. മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം.
ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം-സി അനൂപ് പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് നിന്ന് അവ നമ്മെ തുറിച്ചു നോക്കും. ജോഹന്നസ്ബര്‍ഗില്‍ തുടങ്ങി പീറ്റര്‍ മാരിസ്ബര്‍ഗിലൂടെ നാം കേപ് ടൗണിലെത്തുമ്പോള്‍ ‘തെന്നാഫ്രിക്ക’ നമ്മെ അത്ഭുതപ്പെടുത്തും. ഈ മണ്ണും മനുഷ്യരും കടന്നു വന്ന അന്ധനീതിയുടെ പിരിയന്‍പുക ഇന്നും ഈ ആകാശത്ത് കാണാം. പുതിയ കാലം തൊടുക്കുന്ന സമകാലീന ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്ക്കുന്ന യുവത്വം. അധികാരത്തിന്റെ നഖമൂര്‍ച്ചയില്‍ സാധാരണ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്ന അധികാരവര്‍ഗ്ഗം ഈ രണ്ടവസ്ഥകളുടെയും നേര്‍ക്കാഴ്ച ഈ കൃതിയില്‍ നമുക്ക് കാണാം. നെല്‍സണ്‍ മണ്ഡേല സ്വന്തം ജീവിതം നല്കി ഉദിപ്പിച്ച സൂര്യന്‍ അസ്തമയശോഭയോടെ നില്‍ക്കുമ്പോള്‍ ഇനിയുമൊരു പ്രഭാതം അകലെയെങ്ങാനുമുണ്ടോ എന്ന വിലാപവും കേള്‍ക്കാം.
ഒരു ആഫ്രിക്കന്‍ യാത്ര-സക്കറിയ ലോകചരിത്രത്തിലെ രണ്ടു കാലങ്ങളെ അടയാളപ്പെടുത്തുന്ന ആഫ്രിക്കന്‍ നാമങ്ങളാണ് ഗുഡ്‌ഹോപ്പ് മുനമ്പും ഉംതാത്തയും. പാശ്ചാത്യര്‍ വര്‍ഷങ്ങളായി തേടിക്കൊണ്ടിരുന്ന ഇന്ത്യയിലേക്കുള്ള സമുദ്രപാത വാഗ്ദാനം ചെയ്തത് ഗുഡ്‌ഹോപ്പ് മുനമ്പായിരുന്നെങ്കില്‍ ഉംതാത്ത കറുത്തവന്റെ എക്കാലത്തെയും പോരാട്ടങ്ങളുടെ പ്രതീകമായ നെല്‍സണ്‍ മണ്ടേലയുടെ ജന്മഗ്രാമമാണ്. ഈ രണ്ടു സ്ഥലരാശികള്‍ക്കിടയിലെ ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സക്കറിയയുടെ സഞ്ചാരമാണ് ഈ പുസ്തകം. ഒരു ആഫ്രിക്കന്‍ യാത്ര എന്ന പുസ്തകത്തില്‍ നിന്നും തിരഞ്ഞെടുത്ത യാത്രാനുഭവങ്ങള്‍.
Comments are closed.