DCBOOKS
Malayalam News Literature Website

കാലവും മനുഷ്യരും

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

വിനു ഏബ്രഹാം

ഒരാള്‍, അല്ലെങ്കില്‍ ഒരു സമൂഹം അല്ലെങ്കില്‍ ഒരു രാഷ്ട്രം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, വീണ്ടും ജീവിക്കാന്‍ ആഗ്രഹിക്കുന്ന കാലം, കൃത്യമായി പറഞ്ഞാല്‍ പതിറ്റാണ്ട് എന്ന ആശയമാണ് ‘ടൈം ഷെല്‍റ്ററി’ന്റെ ആധാരശില. എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാശയത്തിന്റെയോ ആനന്ദത്തിന്റെയോ ഉദാത്തഗംഭീരമായ ഒരു നോവല്‍ ഇതാ ലോകസാഹിത്യത്തിനു പിറന്നിരിക്കുന്നു. ഒപ്പംതന്നെ കാലത്തിന്റെ പ്രയാണം, ഓര്‍മ്മ എന്നിങ്ങനെ എന്നെ വളരെ പ്രചോദിപ്പിക്കുന്ന എന്റെ ഒരുപിടികഥകളില്‍ മുഖ്യപ്രമേയമായി വന്നിട്ടുള്ള വിഷയങ്ങളും ഈ നോവലിലെ പ്രധാന ആഖ്യാന ഘടകങ്ങളാണ്.

മുമ്പൊരിക്കല്‍ ഞാന്‍ ജീവിക്കാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്ന ‘നോവല്‍’ ഏതെന്ന് സ്വയം ഒരു ചോദ്യമുന്നയിച്ച് അതിനുത്തരം പറഞ്ഞുകൊണ്ട് ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഉറൂബിന്റെ ‘അണിയറ’ ആയിരുന്നു ആ നോവല്‍. അതിനുശേഷം എപ്പോഴോ മറ്റൊരു ചിന്ത മനസ്സിലേക്ക് കടന്നുവന്നു. ഇതേവരെയുള്ള എന്റെ ജീവിതത്തില്‍ കാതരമായി ചേര്‍ത്തുപിടിക്കാന്‍ സാധ്യമെങ്കില്‍ പുനഃസൃഷ്ടിക്കാന്‍ ഏറ്റവും ആഗ്രഹമുള്ള Pachakuthiraഒരു കാലം ഏതായിക്കും, എഴുപതുകള്‍ എന്നായിരുന്നു അതിനുത്തരം.

തീര്‍ച്ചയായും കലയിലും സാഹിത്യത്തിലും രാഷ്ട്രീയ ചൂഷണങ്ങളിലും ജീവിതനിലപാടുകളിലും അതേ വരെയുള്ളതില്‍നിന്ന് കുതറിമാറുന്ന സ്വാതന്ത്ര്യത്തിന്റെ മോഹനമായ ആവിഷ്‌കാരങ്ങള്‍ നിറഞ്ഞ കാലഘട്ടം എന്ന നിലയില്‍ എഴുപതുകള്‍ അതൊക്കെ അനുഭവിച്ചവരും ആസ്വദിച്ചവരും ധാരാളമായി ആഘോഷിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എന്റെ എഴുപതുകള്‍ അതാണെന്ന് പറയാനാവില്ല. എഴുപതുകളില്‍ ബാല്യത്തിന്റെയും കൗമാരതുടക്കത്തിന്റെയും നാളുകളായിരുന്നു എനിക്കുണ്ടായിരുന്നത്. മേല്പറഞ്ഞ എഴുപതുകളുടെ ചില അനുരണനങ്ങള്‍ എന്നിലേക്കും പല സ്രോതസ്സുകളില്‍ നിന്നായി കടന്നുവരുന്നുണ്ടായിരുന്നെങ്കിലും അതൊക്കെ പ്രായത്തിന്റെയും പരിതഃസ്ഥിതികളുടെയും പ്രത്യേകതകളാല്‍ വളരെ പരിമിതവും അവ്യക്തവുമായിരുന്നു.

എന്റെ എഴുപതുകള്‍ എന്നാല്‍ ജീവിതത്തിലെ വളരെ സുരക്ഷിതവും സുഖകരവുമായ ഒരു കാലമാണ്. സ്നേഹസമ്പന്നവും സാമ്പത്തികഭദ്രതയാര്‍ന്നതുമായ മധ്യവര്‍ഗ്ഗ കുടുംബം, പഠനത്തിലെയും പാഠ്യേതര പ്രവര്‍ത്തനങ്ങളിലെയും മികവ്, രൂപസൗകുമാര്യം എന്നിങ്ങനെയെല്ലാം അനുഗൃഹീതമായ അവസ്ഥ. അതേസമയം സിനിമകളോടുള്ള പ്രണയത്താല്‍ ഞാനൊരു ‘സിനിമാച്ചെറുക്കനു’മായിരുന്നല്ലോ. പ്രേംനസീറും മധുവും ഷീലയും ജയഭാരതിയും വിജയശ്രീയും ശാരദയും വിന്‍സെന്റും സോമനും ജയനും സുധീറും രാഘവനും റാണിചന്ദ്രയും ശ്രീ
വിദ്യയും ഒക്കെ നിറഞ്ഞുനിന്ന ആ സിനിമാക്കാലം എന്റെ ഗ്രാമമായ നെടുങ്ങാടപ്പള്ളി കവലയിലെ പോസ്റ്ററുകളായും സിനിമാനോട്ടീസുകളായും പത്രത്തിലെ പരസ്യങ്ങളായും സിനിമാമാസികകളായും ചുറ്റും അലയടിച്ചു. പിന്നെ പലയിടത്തുനിന്നും കേള്‍ക്കുന്ന സിനിമാഗാനങ്ങളായും വല്ലപ്പോഴുള്ള സിനിമാക്കാഴ്ചകളായും. എന്തായാലും ഇതെല്ലാംകൂടി എന്റെ എഴുപതുകള്‍ക്ക് ആ സിനിമകളുടെ കാഴ്ചകളും നിറങ്ങളും ശബ്ദങ്ങളും ഒരുക്കി. പില്ക്കാലങ്ങളില്‍ അവയുടെ ഓര്‍മ്മകള്‍ പലവിധ ജീവിതകാഠിന്യങ്ങളുടെയും വരള്‍ച്ചയ്ക്കിടയില്‍ കുളിര്‍മ പകര്‍ന്നു.

പൂര്‍ണ്ണരൂപം 2023 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

വിനു ഏബ്രഹാമിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.