DCBOOKS
Malayalam News Literature Website

തുമ്പച്ചിരി: കുട്ടിക്കവിതകളിലൂടെ അക്ഷരങ്ങളുടെ ലോകത്തേക്ക്

തെളിമയും ലാളിത്യവും നിറഞ്ഞ ഒരുകൂട്ടം കുട്ടിക്കവിതകളാണ് തുമ്പച്ചിരി. കൊച്ചുകുട്ടികള്‍ക്ക് പാടിക്കേട്ടും സ്വയം പാടി രസിച്ചും സ്വായത്തമാക്കാവുന്ന കവിതകള്‍. ഓരോ കവിതകളും മലയാള അക്ഷരങ്ങളെ കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് അനായാസേന ആനയിക്കുവാന്‍ സഹായിക്കുന്ന മികച്ച കവിതകളാണിതിലുള്ളത്.

പുസ്തകത്തിന് ഡോ. കെ. ശ്രീകുമാര്‍ എഴുതിയ അവതാരിക

കുട്ടിക്കവിതയുടെ മാധുര്യം

അത്രകണ്ട് ആശാവഹമാണ് മലയാളത്തിലെ ബാലകവിതാശാഖ എന്നു പറഞ്ഞുകൂടാ. അക്ഷരപ്പാട്ടുകളും നഴ്‌സറിപ്പാട്ടുകളും ഗണിതകവിതകളും നാടോടിപ്പാട്ടുകളുമായി വര്‍ഷാവര്‍ഷം പുറത്തിറങ്ങുന്ന ബാലകവിതാപുസ്തകങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. കേവലം ഉപരിപ്ലവമായ ശബ്ദഭംഗിയിലൊതുങ്ങുന്നു ഇവയിലേറെയും.

വായിച്ചുകഴിഞ്ഞാല്‍ തെല്ലുനേരമെങ്കിലും ഓര്‍മ്മയില്‍ നില്‍ക്കുന്നതുതന്നെ വിരളം. ‘കുട്ടികള്‍ക്ക് ഇത്രയും മതി’ എന്ന ലാഘവചിന്തയോടെയാണ് ഈ കവിക്കൂട്ടത്തില്‍ പലരും ബാലകവിതാരചനയ്‌ക്കൊരുങ്ങുന്നത്. വായനക്കാരായ കുട്ടികളുടെ മനസ്സില്‍ ഇവയില്‍ ബഹുഭൂരിപക്ഷവും ക്ഷിപ്രമരണം പൂകുന്നതും ഇക്കാരണംകൊണ്ടുതന്നെ. കവിത്വത്തിന്റെ കുറവാണ് ഈ ‘ഉടന്തടിക്കവിത’കളെ വളരെ വേഗം അപ്രസക്തമാക്കുന്നത്.

മുന്‍കാലം ഇങ്ങനെയായിരുന്നില്ല. കുമാരനാശാനും, പദംകൊണ്ടു പന്താടുന്ന’ പന്തളം കേരളവര്‍മ്മയും, ‘കടുകടെപ്പടു കഠിന സംസ്‌കൃത’ പ്രിയനായ ഉള്ളൂരും ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും അക്കിത്തവും കുഞ്ഞുണ്ണിമാഷുമൊക്കെ അടിത്തറയിട്ട ശക്തമായ ശാഖതന്നെയാണിത്. അവരുടെ പിന്‍ഗാമികളാവാന്‍ യോഗ്യതയുള്ളവര്‍ ഈ രംഗത്ത് കുറവാണെന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. അതുപോലെ കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഹൃദ്യമായ രചന നടത്താനുള്ള ശ്രമവും അപൂര്‍വമായേ നടക്കുന്നുള്ളൂ.

പഴമയുടെയും പുതുമയുടെയും പശ്ചാത്തലത്തിലാണ് നാല്പതിലേറെ കൊച്ചുകവിതകളടങ്ങുന്ന ഈ ബാലകവിതാസമാഹാരം വിലയിരുത്തപ്പെടേണ്ടത്. ബാലസാഹിത്യരംഗത്ത് തന്റേതായ വഴി തുറന്ന ശ്രീ രാജഗോപാലന്‍ നാട്ടുകല്ലിന്റെ പത്താമത്തെ ബാലരചനയാണിത്. മൂന്നര പതിറ്റാണ്ടിന്റെ അധ്യാപന ജീവിതത്തില്‍ ബാലമനസ്സുകളെ സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ പിന്‍ബലത്തിലാണ് അദ്ദേഹത്തിന്റെ ഓരോ രചനയും യാഥാര്‍ത്ഥ്യമാവുന്നത്. ചെറിയ കുട്ടികളെ മാത്രം ഉദ്ദേശിച്ചുള്ള താളാത്മകമായ കവിതകളാണ് ഇവ. പലതും പേരെടുത്ത ബാലപ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചം കണ്ടതും.

തെളിമയും ലാളിത്യവുമാണ് ഈ കവിതകളുടെ മുഖമുദ്ര. അനുവാചകരായ കുട്ടികളെ രസിപ്പിക്കുക എന്നതിലപ്പുറം മറ്റ് അവകാശവാദങ്ങളൊന്നും ഗ്രന്ഥകാരനില്ല. ഈണവും താളവുമുള്ള ഏതു പാട്ടും കുട്ടികളെ ആകര്‍ഷിക്കുമെന്നതില്‍ അദ്ദേഹത്തിന് സംശയമേതുമില്ല. അക്ഷരപരിചയം, വാക്കുവഴക്കം, നാട്ടുശീലുകള്‍, നാവുവഴങ്ങല്‍പ്പാട്ടുകള്‍, ഉത്സവാഘോഷങ്ങള്‍ എന്നിങ്ങനെ നീളുന്നു ഇവയിലെ സവിശേഷതകള്‍. വരണ്ട ഭാഷ ഒഴിവാക്കി കുഞ്ഞുമനസ്സുകളില്‍ സ്‌നേഹ-ദയാ-കാരുണ്യങ്ങളുടെയും ബന്ധങ്ങളുടെയും ഇഴയടുപ്പങ്ങളുടെയും വിശാലാമുറ്റം തീര്‍ക്കുന്നു ചില കവിതകള്‍.

മനോജ്ഞമായ പ്രകൃതിപാഠങ്ങള്‍ വരച്ചുവെക്കുന്നു, ഇനി ചിലത്. കുട്ടികള്‍ക്കു ചുറ്റുമുള്ള സകല ചരാചരങ്ങളും കവിതകള്‍ക്കു വിഷയമാവുന്നു. വര്‍ത്തമാനകാലത്തെ കുട്ടികള്‍ക്ക് നഷ്ടമായ, നമ്മുടെ മണ്ണിന്റെ ചൂരും ചൂടും, പൂത്താങ്കീരിയും കൊത്താങ്കല്ലുമടക്കമുള്ള നാടന്‍ കളികളും ആചാരങ്ങളുമെല്ലാം താളാത്മകമായ വരികളിലൂടെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. അമ്മയും മുത്തശ്ശിയും ചാച്ചാജിയുമൊക്കെ കുട്ടികളുടെ പ്രിയപ്പെട്ടവരാകുന്നു. പാടിക്കേട്ടും സ്വയം പാടി രസിച്ചും കവിതയുടെ രസക്കൂട്ടിലേക്ക് ഊളിയിട്ടിറങ്ങാന്‍ ഇവ വായനക്കാരെ വാത്സല്യപൂര്‍വ്വം ക്ഷണിക്കുന്നു.

അക്ഷരവും ആഴ്ചയും സനാതനമൂല്യങ്ങളും മനുഷ്യബന്ധങ്ങളുടെ പവിത്രതയുമൊക്കെ കവിതപ്പുറങ്ങളിലൂടെ അവര്‍ക്ക് പരിചിതമാവുന്നു. പദാവര്‍ത്തനവും വിവിധ പ്രാസങ്ങളും ലളിതകോമളകാന്തപദാവലികളും അവസരോചിതവും സയുക്തികവുമായി ഉപയോഗിക്കാനും ഗ്രന്ഥകാരന്‍ സാമര്‍ത്ഥ്യം കാട്ടുന്നു. കിച്ചണും സിസ്റ്ററും അങ്കിളും ബെഞ്ചുംപോലെ ആവശ്യമെങ്കില്‍ ആംഗലേയ-അന്യഭാഷാപദങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം വിമുഖത കാട്ടുന്നില്ല.

രസനീയതയാണ് കവിതയില്‍ മറ്റെന്തിനെക്കാളും പ്രമുഖം എന്നു സാരം; ഒപ്പം സല്‍
സന്ദേശങ്ങളും. ഇവ വായനക്കാരായ കുട്ടികളിലേക്ക് പ്രചരിക്കട്ടെ. കുഞ്ഞുമനസ്സുകളെ വശീകരിച്ചും കീഴടക്കിയും ഈ വരികള്‍ക്ക് ‘ഇരട്ടി മധുരം’ ലഭിക്കട്ടെ. അവര്‍ക്കുവേണ്ടിയുള്ള എന്തിലും വിധിയെഴുതാനുള്ള അവകാശം മറ്റാര്‍ക്കുമല്ലല്ലോ. സ്വാദിഷ്ഠമായ വിഭവങ്ങള്‍ നിറഞ്ഞ ഈ അക്ഷരസദ്യ പ്രിയപ്പെട്ട കുരുന്നുകള്‍ക്ക് വിളമ്പാനുള്ള നിയോഗം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ശ്രീ രാജഗോപാലന്‍ നാട്ടുകല്ലിന്റെ എഴുത്തുവഴികള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു.

 

Comments are closed.