എട്ട് ദിവസമായി പട്ടിണി; ഭക്ഷണം ലഭിക്കാതെ ദില്ലിയില്‍ മൂന്ന് കുട്ടികള്‍ വിശന്ന് മരിച്ചു
ദില്ലി: എട്ട് ദിവസത്തോളം ഭക്ഷണം ലഭിക്കാതെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ വിശന്ന് മരിച്ചു. എട്ടും നാലും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ ഒഴിഞ്ഞ അവസ്ഥയിലായിരുന്നു കുട്ടികളുടെ ആമാശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടികള്‍ വിശപ്പ് മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമായിട്ടുണ്ട്. ആശുപത്രിയില്‍ കുട്ടികള്‍ക്കൊപ്പം എത്തിച്ച ഇവരുടെ അമ്മയുടെ ആരോഗ്യനിലയും ഗുരുതരമാണ്.
ചൊവ്വാഴ്ച രാവിലെയാണ് കുട്ടികളുമായി അമ്മ ഒരു കുടുംബസുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയത്. കുട്ടികളെ ഡോക്ടറുടെ അടുത്തെത്തിച്ച ശേഷം അവര്‍ തനിക്ക് എന്തെങ്കിലും കഴിക്കാന്‍ തരുമോ എന്നാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് തളര്‍ന്ന് അവശയായ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളില്‍ രണ്ട് പേര്‍ക്ക് കുറച്ചു ദിവസങ്ങളായി എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സ്‌കൂളിലെ ഉച്ചഭക്ഷണ ഉച്ചഭക്ഷണ പദ്ധതിയില്‍പെടുത്തി മൂത്ത കുട്ടിക്ക് ആഹാരം ലഭിച്ചിട്ടും അസുഖം വന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് വയറിളക്കത്തിനുള്ള മരുന്നുകുപ്പികള്‍ ഫോറന്‍സിക് സംഘം കണ്ടെടുത്തിട്ടുണ്ട്.
ബംഗാളില്‍ നിന്നുള്ള അഞ്ചംഗ കുടുംബം ശനിയാഴ്ചയാണ് കിഴക്കന്‍ ദില്ലിയിലെ മന്‍ഡാവലില്‍ എത്തിയത്. കുട്ടികളുടെ പിതാവ് ജോലിയന്വേഷിച്ച് പോയെന്നാണ് അമ്മ പറയുന്നത്. റിക്ഷാ തൊഴിലാളിയായിരുന്ന ഇയാള്‍ റിക്ഷ മോഷണം പോയതിനെ തുടര്‍ന്നാണ് ജോലി തേടി പോയത്. പിതാവ് പോയിട്ട് ദിവസങ്ങളായെന്നാണ് സമീപവാസികളുടെ ഭാഷ്യം. കുട്ടികളുടെ മാതാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവത്തില്‍ മജിസ്‌ട്രേറ്റു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും നിര്‍ദ്ദേശമുണ്ട്.
അതേസമയം രാജ്യതലസ്ഥാനത്തുണ്ടായ ഈ ദാരുണസംഭവം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. റേഷന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയങ്ങളാണ് പ്രധാന തടസ്സമെന്ന് ആം ആദ്മി പാര്‍ട്ടിയും തിരിച്ചടിച്ചു.
Comments are closed.