DCBOOKS
Malayalam News Literature Website

തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…? എഴുത്തനുഭവം പങ്കുവെച്ച് ഡോ. ഷിംന അസീസ്


പഠിച്ചിരുന്ന കാലത്തേ ക്ലാസുകളെടുക്കാന്‍ വല്യ ഇഷ്ടമാണ്. മെഡിക്കല്‍ ബിരുദംകൂടിയായപ്പോള്‍ ക്ലാസെടുപ്പ് ഏതാണ്ട് മുഴുവനും മെഡിക്കല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ടായി. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പുറത്തിറങ്ങി ആദ്യമെടുത്ത ക്ലാസ് ലൈംഗികാരോഗ്യത്തെ സംബന്ധിച്ചുള്ളതായിരുന്നു. അന്ന് ആകപ്പാടെ കൈവശമുണ്ടായിരുന്നത് അഞ്ചര കൊല്ലം പഠിച്ച കാര്യങ്ങളും, മൈക്ക് കണ്ടാല്‍ വിറയ്ക്കില്ല എന്ന ഉറപ്പും പിന്നെ ഈ വിഷയത്തില്‍ തയ്യാറാക്കിയ ചെറിയൊരു മോഡ്യൂളും മാത്രമായിരുന്നു.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലും മറ്റും അമ്മ-കുഞ്ഞ് വിഷയങ്ങളോട് ഒരു സൈഡ് വലിവുള്ളതുകൊണ്ടും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടും ലൈംഗികതാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കാനുള്ള അവസരങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ചെറിയ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് വരെയുള്ളവരോട് ഈ വിഷയം പല ഡോസുകളില്‍ പല ടോണുകളില്‍ സംസാരിച്ചു.

എല്ലാത്തവണയും ക്ലാസ് കഴിഞ്ഞുള്ള പ്രതികരണങ്ങളില്‍നിന്ന് കൂടുതല്‍ വ്യക്തമായി വന്നത് ഒരേയൊരു കാര്യമാണ് കൃത്യമായ ലൈംഗികതാ വിദ്യാഭ്യാസ കാര്യത്തില്‍ നമ്മളിന്നും ഏറെ പിന്നിലാണെന്ന്. കൂട്ടത്തില്‍ പരക്കെപ്രചാരം ലഭിച്ച അബദ്ധധാരണകളുടെ ബാഹുല്യവും കൂടെയായപ്പോള്‍ പൂര്‍ത്തിയായി. അങ്ങനെയാണ്, 2018 അവസാനത്തോടെ സമഗ്ര ലൈംഗികതാ വിദ്യാഭ്യാസത്തെ സംബന്ധിച്ചൊരു പുസ്തകം എഴുതാം എന്ന ചിന്ത ഉടലെടുക്കുന്നത്. എഴുത്തിലും ആക്റ്റിവിറ്റികളിലും ജീവിതത്തിലും ഉറ്റസുഹൃത്തായ ഹബിയുമായി കയ്യോടെ ഈ ആശയം ചര്‍ച്ചചെയ്തു. ക്ലാസുകളെടുക്കുന്ന മോഡ്യൂളുകള്‍ തയ്യാറാക്കുന്നതിലും വളഞ്ഞും തിരിഞ്ഞുമുള്ള സംശയങ്ങള്‍ക്ക് ലളിതമായ ഉത്തരങ്ങള്‍ കണ്ടുപിടിക്കുന്നതിലും തുടക്കം മുതലേ കൂടെയുള്ള അവന്‍ എന്തിനും അരമണിക്കൂര്‍ മുന്‍പു തന്നെ റെഡി. അതുവരെ മൊബൈലിലും ലാപ്‌ടോപ്പിലും പലയിടത്തായി നോട്ടുചെയ്തു വച്ച പോയന്റുകളൊക്കെ ഒരു ഗൂഗിള്‍ ഡോക്കിലേക്ക് വലിച്ചിട്ട് അന്നുതന്നെ ഈ പുസ്തകത്തിന്റെ അടിത്തറ കെട്ടിയിട്ടു.

ഈ അടിത്തറയില്‍നിന്നും സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം എന്ന വിഷയം ഒരു പുസ്തക
രൂപത്തിലേക്കു മാറ്റുമ്പോള്‍ അത് എങ്ങനെയൊക്കെ ചിട്ടപ്പെടുത്തിയെടുക്കണം എന്നതായിരുന്നു ആദ്യംതന്നെ നേരിട്ട കീറാമുട്ടി. കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങളില്ലാതെ, ലൈംഗികാവയവങ്ങളുടെ അനാട്ടമി പഠിപ്പിക്കലും ആര്‍ത്തവംപോലെ ഏതാനും ശാരീരികമാറ്റങ്ങളും പിന്നെചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസിനെതിരെയുള്ള ബോധവത്കരണവും എന്നിങ്ങനെ ഏതാനും ചില വിഷയങ്ങളെ മാത്രം ചുറ്റിപ്പറ്റിയാണ് മിക്കയിടത്തും ലൈംഗികതാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

എന്നാല്‍ സമഗ്ര ലൈംഗികതാ വിദ്യാഭ്യാസത്തിനായി ലോകാരോഗ്യസംഘടനയോ യുനെസ്കോയോ പോലെ ഈ വിഷയത്തിലെ വഴികാട്ടികളായ അന്താ
രാഷ്ട്ര സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍, ഒരു കുട്ടി ജനിച്ച അന്നു മുതല്‍ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും സാമൂഹികവും ജീവശാസ്ത്രപരവും വൈകാരികവുമായ ഒരുപാട് സ്വഭാവങ്ങളും മാറ്റങ്ങളും കൂടെ ഉള്‍പ്പെട്ടതാണ്. ലോകമെമ്പാടും ലൈംഗികതാ വിദ്യാഭ്യാസത്തില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ഈ ചട്ടക്കൂടിനെ നമ്മുടെ സാമൂഹ്യപശ്ചാത്തലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രാദേശികമായി ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടായിരുന്നു. കൂടാതെ, ഇത്രകാലം ലൈംഗികതയുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ എടുത്ത ഗ്രൗണ്ട് ലെവല്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമെന്ന് തോന്നിയ വിഷയങ്ങള്‍കൂടി ഇതിലേക്ക് ഉള്‍ക്കൊള്ളിച്ചാണ് ഈ പുസ്തകത്തിന്റെ സ്ട്രക്ചര്‍ ചിട്ടപ്പെടുത്തിയെടുത്തത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.