മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ ‘തിരുഫലിതങ്ങള്‍’
ഒരു ദിവസം മാര്‍ത്തോമ്മാ സഭയിലെ പ്രസിദ്ധനായ ഒരു അച്ചന്‍ തിരുമേനിയെ സന്ദര്‍ശിച്ച് നര്‍മ്മസല്ലാപം നടത്തുകയായിരുന്നു. സല്ലാപവേളയില്‍ അദ്ദേഹം തിരുമേനിയോടു ചോദിച്ചു. ‘ തിരുമേനീ, യേശുക്രിസ്തു ചെയ്ത ഏറ്റവും മഹത്തായ അത്ഭുതം എന്ന് അങ്ങ് കരുതുന്നതെന്താണ്?
‘സംശയമെന്താ! നമ്മളെയൊക്കെ ദൈവവേലയ്ക്കായി വിളിച്ചതുതന്നെ.’
ദൈവകൃപയുടെ ജീവിക്കുന്ന അടയാളം… ചരിത്രത്തെ നെഞ്ചിലേറ്റിയ ദൈവപുരുഷന്‍… കാലവും, ചരിത്രവും, ജനസഹസ്രങ്ങളും മനസ്സുകൊണ്ട് വാരിപ്പുണര്‍ന്ന മഹാനുഭാവന്‍..ഒരു സമൂഹത്തെയാകമാനം ചിന്തയുടേയും, അന്വേഷണത്തിന്റെയും, നാള്‍വഴികളിലേക്ക് നയിച്ച സന്യാസവര്യന്‍… സ്വയംവിമര്‍ശനത്തിന്റെയും, തിരുത്തലിന്റെയും, രൂപാന്തരത്തിന്റെയുംയും പ്രവാചകന്‍…ദൈവവചനത്തിന്റെ കാവല്‍ക്കാരന്‍… കണ്ടുമുട്ടിയവര്‍ക്കും, കേട്ടവര്‍ക്കും, അടുത്തറിഞ്ഞവര്‍ക്കും, അകലെയുള്ളവര്‍ക്കും ഒരു പോലെ സുഹൃത്തും, പിതാവും, പുരോഹിതനും, മെത്രാനച്ചനും, വഴികാട്ടിയും ഒക്കെയായി മാറിയ ധിഷണാശാലി… വാക്കുകള്‍ പൊന്നാക്കിയ, ആശയവിനിമയത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഒരു കാലഘട്ടത്തെ നയിച്ച സംവേദനത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച യഥാര്‍ത്ഥ പ്രഭാഷകന്‍… വേദപുസ്തകത്തിന് പുത്തന്‍ വ്യാഖ്യാനത്തിന്റെ പണിപ്പുരകള്‍ പണിത വേദപണ്ഡിതന്‍… അതിലുപരിയായ ഒരു മനുഷ്യസ്‌നേഹി… ഇങ്ങനെ നിര്‍വ്വചനങ്ങളും വിശേഷണങ്ങളും ഒരുപാടുള്ള വ്യക്തിത്വത്തിന് ഉടമയാണ് റവ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത.
കുറിക്കുകൊള്ളുന്ന, നര്‍മ്മോക്തികള്‍ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ‘ക്രിസോസ്റ്റം’ എന്ന പേരിന്റെ അര്‍ഥം ‘സ്വര്‍ണനാവുള്ളവന്‍’ എന്നാണ്. ക്രിസോസ്റ്റം തിരുമേനിയുടെ നര്‍മ്മോക്തികള്‍ നിറഞ്ഞ ചെറുസംഭാഷണങ്ങളുടെ സമാഹാരമാണ് തിരുഫലിതങ്ങള്‍ എന്ന ഈ കൃതി. തിരുമേനിയുടെ ഫലിതങ്ങള്‍ എന്നും നമ്മെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. നമ്മുടെ ജീവിതത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും അദ്ദേഹത്തിന്റെ ഈ ലഘുഭാഷണങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇത് മഹത്തായ ഫലിതത്തിന്റെ ലക്ഷണമാണ്.
ഡി. അമൃതരാജാണ് തിരുഫലിതങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
Comments are closed.