സര്‍വ്വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം നല്കുന്ന അതുല്യകൃതി
ജാതി,മതം, വര്‍ഗ്ഗം, വര്‍ണ്ണം, പ്രദേശം, ശൈലി, കാലം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി സര്‍വ്വജനങ്ങള്‍ക്കും ജീവിതത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥമാണ് തിരുവള്ളുവരുടെ തിരുക്കുറള്‍. എല്ലാ വിഭാഗത്തിലുള്ളവരും ലോകവേദമായി അംഗീകരിച്ച് തനത് ഭാഷയില്‍ സ്വാംശീകരിച്ച ധര്‍മ്മഗ്രന്ഥമാണ് ഇത്. ഏറ്റവുമധികം ലോകഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ട ഈ മഹത്കൃതി ആര്‍ക്കും ഏതവസരത്തിലും ഒരു ഗുരുവെന്ന പോലെ ഉപദേശം നല്കി വഴിതെളിക്കുന്നു. ഋഷീശ്വരനും കവീശ്വരനുമായ തിരുവള്ളുവരുടെ ഈ അനശ്വരകൃതിക്കൊത്ത മറ്റൊന്ന് ഒരിടത്തും ഇല്ല. കവിപരമ്പരകള്‍ക്കെല്ലാം പ്രകാശം ചൊരിഞ്ഞുകൊടുക്കുന്ന അമൂല്യതേജസ്സിന്റെ ഉറവയാണ് തിരുവള്ളുവരുടെ തിരുക്കുറള്‍.
തിരുക്കുറളിന് മുപ്പാല്‍ എന്നൊരു വിശേഷണമുണ്ട്. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നു മൂന്നു ഭാഗങ്ങളാണ് ഇതില്‍. തിരുക്കുറള്‍, ഉത്തരവേദം, തിരുവള്ളുവര്‍, പൊയ്യാമൊഴി, വായുറൈവാഴ്ത്തു, ദൈവനൂല്‍, പൊതുമറൈ, മുപ്പാല്‍, തമിഴ്മറൈ എന്നിങ്ങനെ ഈ വിശിഷ്ടകൃതി ഒന്‍പത് പേരുകളില്‍ അറിയപ്പെടുന്നു. ഒരു ഗ്രന്ഥത്തിന്റെ മഹത്ത്വം അതുണ്ടാക്കിയ മനസ്സിന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു. തിരുവള്ളുവരുടെ ജീവിതത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന ഈ കൃതി അദ്ദേഹത്തിന്റെ ജീവിതസാരാംശവും സന്ദേശവുമാണ്. ഇവിടെ കവിയും കൃതിയും രണ്ടല്ല. ഇറയ്ക്കുന്തോറും ഊറിവരുന്ന അമൃതിന്റെ ഒടുങ്ങാത്ത ഉറവയാണ്.
ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന ഏതിരുട്ടിലും നക്ഷത്രത്തിരി കാട്ടുന്ന ഈ വിശിഷ്ടഗ്രന്ഥത്തില്‍ 1330 കുറളുകളാണ് അടങ്ങിയിരിക്കുന്നത്. അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരുവാനും ലക്ഷ്യപ്രാപ്തിക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്‍കി മനുഷ്യരാശിയെ ഔന്നത്യത്തിലെത്തിക്കാന്‍ മഹത്തായ ഈ കൃതിയ്ക്ക് കഴിയുന്നു. എസ്. രമേശന്‍ നായര്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന ഈ കൃതി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓരോ കുറളിന്റെയും മൂലം മലയാള ലിപിയിലും കുറള്‍ വൃത്തത്തിലുള്ള ഭാഷാവിവര്‍ത്തനവും തുടര്‍ന്ന് മൂലപദങ്ങളുടെ അര്‍ത്ഥം, ഒടുവില്‍ ലളിതമായ ആശയവിവരണം ഇങ്ങനെ ദീപത്തില്‍ നിന്നു കൊളുത്തിയ ദീപം പോലെ തിളക്കമാര്‍ന്ന, അഭികാമ്യവും ആധികാരികവും വിശ്വസ്തവുമായ വിവര്‍ത്തനഗ്രന്ഥമാണ് തിരുക്കുറളിന്റേത്. ഈ കൃതിയുടെ നാലാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
Comments are closed.