കള്ളനുമുണ്ടൊരു കഥ പറയാന്‍
കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ് തിരുടാ തിരുടാ എന്ന പുസ്തകത്തിലൂടെ. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവേയാണ് ആട് ആന്റണി ആത്മകഥ എഴുതിയത്.
പുസ്തകത്തില്‍ ആട് ആന്റണി എഴുതിയത്
ഞാന്‍ ആന്‍റണി. ആട് ആന്‍റണി എന്നു പറഞ്ഞാല്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന കുറ്റവാളി. ക്രൂരതയുടെ പ്രതീകമായി കേരളത്തില്‍ ഗോവിന്ദച്ചാമിയെയും എന്നെയും ഒക്കെയാണ് ജനങ്ങള്‍ കാണുന്നത്. മത്സരബുദ്ധിയോടെ റിപ്പോര്‍ട്ടര്‍മാരുടെ ഭാവനയില്‍ വിടര്‍ന്ന പലതരത്തിലുള്ള കഥകളും സൃഷ്ടിച്ചു പ്രസിദ്ധീകരിച്ച് ടി വി ചാനലുകളും പത്രമാധ്യമങ്ങളും എന്നെയൊരു ഭീകരജീവിയാക്കി ചിത്രീകരിച്ചു. ഇതെല്ലാം കാണുകയും വായിക്കുകയും ചെയ്ത ജനങ്ങള്‍ ബാക്കി അവരവരുടെ കൈയില്‍നിന്നെടുത്തും പല കഥകളും കൂട്ടിച്ചേര്‍ത്തും എന്നെ ഒരു ഭീകരനാക്കി. എന്നാല്‍ ഈ 55 വയസ്സിനുള്ളില്‍ ഞാന്‍ ആര്‍ക്കും ഒരു അടിപോലും കൊടുത്തിട്ടില്ല. ആരോടും വഴക്കിനു പോവുകയോ പിണങ്ങുകയോ ചെയ്തിട്ടില്ല. ജയിലില്‍വച്ചു സഹതടവുകാരോ വെളിയില്‍വച്ചു പൊതുജനങ്ങളോ എനിക്കെതിരേ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. നിരവധി സ്ത്രീകള്‍ ഞാന്‍ പോലീസ് ലോക്കപ്പില്‍ കിടക്കുന്ന സമയം സ്റ്റേഷനില്‍വന്ന് എന്‍റെ ഭര്‍ത്താവ് എന്നെ അടിച്ചു, പീഡിപ്പിച്ചു, എനിക്കയാളെ വേണ്ട, ഒഴിവാക്കിത്തരണം എന്ന പരാതിയുമായി വന്നുകണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയധികം `ഭാര്യമാര്‍’ ഉള്ള എനിക്കെതിരേ ഒരു `ഭാര്യ’യും പരാതിപ്പെട്ടിട്ടില്ല. പൊതുവേ ശാന്തശീലനായ ഞാന്‍ എങ്ങനെ ഇത്ര ഭീകരനായ കുറ്റവാളിയായി? ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മകനായി ജനിച്ചു, വേദപുസ്തകം പഠിച്ച് നല്ല മനുഷ്യനായി ജീവിക്കണമെന്നു കരുതിയ ഞാന്‍ ഈ നിലയിലായതിനു പിന്നില്‍ ഒരു നീണ്ട കഥതന്നെയുണ്ട്.
വര്‍ഗ്ഗീസ് മകന്‍ ആന്‍റണിയായ ഞാന്‍ ആട് ആന്‍റണിയായ കഥയറിയുന്നത് രസകരം മാത്രമല്ല, ഗുണകരവും ആയിരിക്കും. എന്തുഗുണം എന്നാലോചിക്കുന്നുണ്ടാവും അല്ലേ? അത് ഈ ആത്മകഥ വായിക്കുമ്പോള്‍ മനസ്സിലാകും. ഇത് എന്‍റെമാത്രം കഥയല്ല. എന്നെപ്പോലെ `അഴുക്കുചാലില്‍ അഭയം തേടിയലയുന്ന ഒരുപറ്റം ഹതഭാഗ്യരുടെ ദുരന്തകഥകൂടിയാണ് ഈ സമൂഹം അറപ്പോടും വെറുപ്പോടും നോക്കിക്കാണുന്ന കുറ്റവാളികളുടെ ജീവിതത്തെപ്പറ്റി അറിയുന്നത് ഒരു പുതിയ അനുഭവമായിരിക്കും. ജയിലുകളില്‍ കിടക്കുന്നതു മുഴുവന്‍ കുറ്റവാളികളല്ല. നിരപരാധികളും ജയില്‍ശിക്ഷയനുഭവിക്കുന്നുണ്ട്. അതുപോലെ വലിയ കുറ്റവാളികളില്‍ പലരും ജയിലിനു വെളിയില്‍ ബഹുമാന്യരായി കഴിയുന്നു. കാരണം നിയമം ഒരു ചിലന്തിവലപോലെയാണ്. ചെറിയപ്രാണികള്‍ മാത്രമാണ് പലപ്പോഴും ചിലന്തിവലയില്‍ അകപ്പെട്ടുപോകുന്നത്. വലിയ ജീവികള്‍ വലയില്‍ വീണാലും അവ വലപൊട്ടിച്ചുപോകും.
Comments are closed.