ജീവിതത്തിന് ഉള്‍ക്കാഴ്ച പകരുന്ന തിരഞ്ഞെടുക്കല്‍ എന്ന കല
തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഷീന അയ്യങ്കാറിന്റെ പുസ്തകമാണ് തിരഞ്ഞെടുക്കല്‍ എന്ന കല. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും വര്‍ത്തമാനകാലത്ത് എന്തുകൊണ്ടാണത് സുപ്രധാനമാകുന്നതെന്നും വരുംകാലത്ത് അതിന് നിങ്ങളെ എങ്ങോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതിലേക്ക് ഒരു ഉള്‍ക്കാഴ്ച ഈ പുസ്തകം വായിക്കുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കും.
പുസ്തകത്തിന് ഷീന അയ്യങ്കാര്‍ എഴുതിയ ആമുഖക്കുറിപ്പില്‍ നിന്നും..
മഞ്ഞും മൗനവും നഗരത്തെ മൂടിയ ഒരു ഹിമവാതസമയത്ത്, ഒരു മാസം നേരത്തേ ഞാന്‍ ടൊറണ്ടോയില്‍ ജനിച്ചു. എന്റെ വരവിനെ അകമ്പടിചെയ്ത ആകസ്മികതയും മോശമായ ദൃശ്യസാഹചര്യങ്ങളും ദുശ്ശകുനങ്ങളായിരുന്നു; അപ്പോഴത് തിരിച്ചറിയപ്പെടാതെപോയെങ്കിലും. ഇന്ത്യയില്‍നിന്ന് ആയിടെ കുടിയേറിയവളായ എന്റെ അമ്മ, രണ്ടു ലോകങ്ങളുടെ ആളായിരുന്നു. ആ ‘ബഹുമുഖ അസ്തിത്വം’ അവരെനിക്കു കൈമാറാനിരിക്കുന്നതായിരുന്നു. എന്റെ അച്ഛന്‍ കാനഡയിലേക്കുള്ള യാത്രയിലായിരുന്നെങ്കിലും അതിനകം എത്തിയിരുന്നില്ല; എന്റെ ജനനസമയത്തെ അദ്ദേഹത്തിന്റെ അഭാവം വരാനിരിക്കുന്ന കൂടുതല്‍ അഗാധമായ അഭാവത്തിന്റെ അടയാളമായിരുന്നു.
ജീവിതത്തിലേക്ക് ഞാന്‍ പിറന്നുവീണ നിമിഷംതന്നെ എന്റെ ജീവിതം ഏതെല്ലാം വഴികളിലാണ് ഉറപ്പിച്ചിരുന്നതെന്ന്, ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ കാണുന്നു. ജന്മനക്ഷത്രത്തിന്റെയോ ജാതകത്തിന്റെയോ പേരിലോ ആകട്ടെ, ദൈവികകരങ്ങളാലോ പേരിടാനാവാത്ത ഏതോ ശക്തിയാലോ ആകട്ടെ, എല്ലാം മുമ്പേ എഴുതപ്പെട്ടിരുന്നതായിരുന്നു; അതുമായി ഒത്തുപോകുന്നതാകണമായിരുന്നു എന്റെ എല്ലാ ചെയ്തികളും. അതൊരു കഥ; ഇതാ മറ്റൊന്ന്.
നിങ്ങള്‍ക്കൊരിക്കലുമറിയില്ല; അറിയുമോ? ഇത് ഒരു ഒളിച്ചുകളി ജീവിതമാണ്. ഒരു സമയത്ത് ഒന്ന് എന്ന ക്രമത്തില്‍ ഓരോ പൊതിയും നിങ്ങള്‍ ശ്രദ്ധയോടെ തുറക്കുകയാണ്. കാര്യങ്ങള്‍ പൊട്ടിമുളയ്ക്കുകയും അപ്രത്യക്ഷമാകുകയുമാണ്. അങ്ങനെയാണ് ഞാനീ ലോകത്തെത്തിയത്–വളരെ വേഗം-സമയമാകുന്നതിനും ഒരു മാസം മുമ്പേ, എന്നെ സ്വീകരിക്കാന്‍ എന്റെ അച്ഛന് സാധ്യമാകുന്നതിനുപോലും മുമ്പേ. താന്‍ എന്നും ജീവിക്കാന്‍പോകുന്ന സ്ഥലമെന്ന് എന്റെ അമ്മ വിചാരിച്ചിരുന്ന ഇന്ത്യയില്‍ത്തന്നെയായിരുന്നു എന്റെ അച്ഛന്‍ അപ്പോഴും. എന്നിട്ടും, എന്നെയും കയ്യിലെടുത്ത് അമ്മ എത്തിപ്പെട്ടത് ടൊറണ്ടോയിലാണ്.
ചുഴറ്റിയടിക്കുന്ന മഞ്ഞ് അവര്‍ക്ക് ജാലകത്തിലൂടെ കാണാമായിരുന്നു. ആ മഞ്ഞിന്‍പാളികള്‍പോലെ ഞങ്ങളും ഫ്‌ളഷിങ്, ക്വീന്‍സ്, പിന്നെ എംവുഡ് പാര്‍ക്ക്, ന്യൂജഴ്‌സി തുടങ്ങി മറ്റു സ്ഥലങ്ങളിലേക്കു മാറ്റപ്പെട്ടു. എന്റെ മാതാപിതാക്കളെപ്പോലെ, മുമ്പേ ഇന്ത്യ വിട്ടുപോയ സിക്ക് കുടിയേറ്റക്കാര്‍ കൂടെക്കൊണ്ടുവന്ന തങ്ങളുടെ സ്വന്തം അടച്ചുകെട്ടിയ പ്രവിശ്യകളിലാണു ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് രാജ്യത്തിനുള്ളിലൊരു രാജ്യത്താണ് എന്നെ പോറ്റി വളര്‍ത്തിയത്; എന്റെ അച്ഛനമ്മമാര്‍ തങ്ങള്‍ക്കു പരിചിതമായ ജീവിതം പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു.
ആഴ്ചയില്‍ മൂന്നുദിവസം അവര്‍ എന്നെ ഗുരുദ്വാരയില്‍ കൊണ്ടുപോകും. അവിടെ വലതുഭാഗത്ത് സ്ത്രീകളോടൊപ്പം ഞാനിരിക്കും; പുരുഷന്മാര്‍ ഇടതുഭാഗത്തു സമ്മേളിക്കും. സിഖ് വിശ്വാസപ്രമാണങ്ങളനുസരിച്ച് ദൈവസൃഷ്ടിയുടെ പൂര്‍ണ്ണതയുടെ അടയാളമായി ഞാനും എന്റെ തലമുടി മുറിക്കാതെ നീളത്തില്‍ സൂക്ഷിച്ചു. എന്റെ മാനസിക പിന്‍വാങ്ങലിന്റെയും ഭക്തിയുടെയും അടയാളമായും ഞാന്‍ ചെയ്യുന്നതൊക്കെ ദൈവത്തിന്റെ കണ്ണുകള്‍ക്കു കീഴിലാണ് ചെയ്യുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നതിനായും എന്റെ വലതു കണങ്കയ്യില്‍ ഞാന്‍ ഒരു സ്റ്റീല്‍വള (കട) ധരിച്ചിരുന്നു. ലൈംഗികതൃഷ്ണകള്‍ക്കുമേലുള്ള നിയന്ത്രണത്തിന്റെ അടയാളമെന്നപോലെ, ബോക്‌സര്‍മാര്‍ ധരിക്കുന്നതരം ഒരു അടിവസ്ത്രം (കച്ച), കുളിക്കുമ്പോള്‍പോലും, ഞാന്‍ ധരിച്ചിരുന്നു.
വിശ്വാസികളായ എല്ലാ സിക്കുകാരെയുംപോലെ ഞാനും അനുഷ്ഠിച്ചിരുന്ന ഏതാനും ആചാരങ്ങള്‍ മാത്രമായിരുന്നു ഇവയെല്ലാം. മതം നിര്‍ദ്ദേശിക്കാത്ത കാര്യങ്ങളിലൊക്കെ എന്റെ മാതാപിതാക്കളാണ് തീരുമാനമെടുത്തിരുന്നത്. ഇതൊക്കെ തികച്ചും എന്റെ നന്മയ്ക്കുവേണ്ടിയായിരുന്നെങ്കിലും, നിങ്ങളുടെ പദ്ധതികള്‍ക്കുമേല്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്കായി തയ്യാറാക്കുന്ന പദ്ധതികള്‍ക്കുമേല്‍ തുളകള്‍ വീഴ്ത്തുക എന്നൊരു രീതി ജീവിതത്തിനുണ്ട്. പിച്ച നടക്കുന്ന പ്രായത്തില്‍ ഞാന്‍ എപ്പോഴും ഓരോന്നിലേക്കും പാഞ്ഞുനടക്കുമായിരുന്നു. ഞാന്‍ തീര്‍ത്തും ലക്ഷണംകെട്ട ഒരുത്തിയായിട്ടാണ് ആദ്യമൊക്കെ എന്റെ മാതാപിതാക്കള്‍ എന്നെപ്പറ്റി വിചാരിച്ചത്. എന്നാല്‍ ഒരു പാര്‍ക്കിങ് മീറ്റര്‍, ഒഴിവാക്കേണ്ടത്ര വലിയ ഒരു പ്രതിബന്ധമാണോ? അതുപോലെ, ഞാനെങ്ങോട്ടാണു നീങ്ങുന്നതെന്നു ശ്രദ്ധിക്കണമെന്ന് എന്നെ നിരന്തരം താക്കീതുചെയ്യേണ്ട ആവശ്യമെന്തായിരുന്നു? ഞാന്‍ വെറുമൊരു സാധാരണ വികൃതിക്കാരിയല്ല എന്നു ബോധ്യമായപ്പോള്‍ കൊളംബിയ പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധന്റെയടുത്ത് എന്നെ കൊണ്ടുപോയി. അദ്ദേഹം ഉടനടി പ്രശ്‌നം കണ്ടെത്തി.
20/400 കാഴ്ചശേഷിയുള്ളവളാക്കി എന്നെ മാറ്റിയ, പാരമ്പര്യമായിവന്ന നേത്രാന്തരപടലക്ഷയമായ റെറ്റിനിസ് പിഗ്മന്റോസ് എന്ന അപൂര്‍വ്വരോഗമാണെനിക്ക്. ഹൈസ്‌കൂളിലെത്തിയപ്പോഴേക്കും വെളിച്ചംമാത്രം കാണാനാകുന്നത്ര അന്ധയായിക്കഴിഞ്ഞിരുന്നു ഞാന്‍. ഇന്നത്തെ ഒരു വിസ്മയം, വരാനിരിക്കുന്ന കൂടുതല്‍ വിസ്മയങ്ങള്‍ക്കായി നമ്മെ ഒരുക്കുന്നുണ്ട് എന്നെനിക്കു തോന്നുന്നു. അന്ധതയുമായുള്ള ചെറുത്തുനില്പ് എന്നെ കൂടുതല്‍ പിന്മാറ്റക്കാരിയാക്കിയിരിക്കണം (അതോ എന്റെ സഹജമായ ഉള്‍വലിയല്‍ശീലം നിമിത്തം എനിക്കതുമായി നന്നായി പൊരുത്തപ്പെടാന്‍ കഴിഞ്ഞുവോ?) നാമെത്ര സജ്ജരായാലും കാര്യമില്ല, നമുക്ക് ഉള്ളിലെ കാറ്റിനെ തുരത്തി പുറത്താക്കാന്‍ കഴിയും. അച്ഛന്‍ മരിക്കുമ്പോള്‍ എനിക്കു പതിമൂന്നു വയസ്സായിരുന്നു. അന്നു രാവിലെ അദ്ദേഹം എന്റെ അമ്മയെ ഹാര്‍ലെമിലെ ജോലിസ്ഥലത്തു കൊണ്ടുവിടുകയും തന്റെ കാലിലെ വേദനയ്ക്കും ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഡോക്ടറെ കാണാമെന്ന് ഉറപ്പുപറയുകയും ചെയ്തിരുന്നു.
ഡോക്ടറുടെ ഓഫീസില്‍, പക്ഷേ, കൂടിക്കാണല്‍ സമയത്തെപ്പറ്റി എന്തോ ആശയക്കുഴപ്പമുണ്ടായതുകൊണ്ട്, ചെന്ന ഉടനെ ആരും അദ്ദേഹത്തെ കണ്ടില്ല. അതില്‍ ക്ഷുഭിതനായി–മറ്റു പല കാരണങ്ങളുംകൊണ്ട് മുമ്പേതന്നെ സമ്മര്‍ദ്ദത്തിലായിരുന്നു–
അദ്ദേഹം ഓഫീസില്‍നിന്നു പാഞ്ഞിറങ്ങി നടപ്പാതയിലൂടെ അലഞ്ഞുനടന്നു; ഒരു ബാറിനുമുന്നില്‍ കുഴഞ്ഞുവീഴുന്നതുവരെ. ഒരു ബാര്‍ ജീവനക്കാരന്‍ അദ്ദേഹത്തെ എടുത്ത് അകത്തു കിടത്തി ആംബുലന്‍സ് വിളിച്ചു. പിന്നെ അച്ഛനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തുംമുമ്പേ ഉണ്ടായ നിരവധി ഹൃദയാഘാതങ്ങളെ അതിജീവിക്കാന്‍ അച്ഛനു കഴിഞ്ഞില്ല.
അനിഷ്ടകരവും ആകസ്മികവുമായ സംഭവങ്ങളിലൂടെമാത്രമേ നമ്മുടെ ജീവിതങ്ങള്‍ രൂപപ്പെടുകയുള്ളൂ എന്നല്ല പറയുന്നത്; പക്ഷേ, നല്ലതിനോ നാശത്തിനോ ആകട്ടെ, ഒട്ടും രേഖപ്പെടുത്താത്ത പ്രതലങ്ങളിലൂടെ അവ പുരോഗമിക്കുന്നതായിത്തന്നെ കാണാം. ഇത്രത്തോളമേ നിങ്ങള്‍ക്കു കാണാന്‍ കഴിയൂ എന്നിരിക്കേ, ‘അത്ഭുതം’ എന്നു നിങ്ങള്‍ക്കു പറയാന്‍ കഴിയുന്നതിനെക്കാള്‍ വേഗത്തില്‍ കാലാവസ്ഥ മാറുമ്പോള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതങ്ങളെ എത്രത്തോളം ക്രമപ്പെടുത്താന്‍ കഴിയും?
നില്‍ക്കൂ, നിങ്ങള്‍ക്കായി, എന്റെ പക്കല്‍ മറ്റൊരു കഥകൂടിയുണ്ട്. വീണ്ടും, ഇത് എന്റേതാണെങ്കിലും, ഇതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം കഥയും കാണാനാകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. 1971-ല്‍ എന്റെ മാതാപിതാക്കള്‍ കാനഡയിലൂടെ അമേരിക്കയിലേക്കു കുടിയേറി. ഈ പുതിയ രാജ്യത്തിന്റെയും ഒരു പുതിയ ജീവിതത്തിന്റെയും തീരത്തിറങ്ങിയപ്പോള്‍, മുമ്പേ എത്തിയ അനേകരെപ്പോലെ അവരും അമേരിക്കന്‍സ്വപ്നം കണ്ടു. അതു നേടിയെടുക്കുന്നതിന് ഒത്തിരി പ്രതിബന്ധങ്ങളുണ്ടെന്ന് അവര്‍ വേഗത്തില്‍ മനസ്സിലാക്കി; പക്ഷേ, അവര്‍ കഠിനപ്രയത്‌നം ചെയ്തു. ആ സ്വപ്നത്തിലേക്കാണ് ഞാന്‍ പിറന്നുവീണത്.
അമേരിക്കന്‍ സംസ്‌കാരവുമായി ഞാന്‍ കൂടുതല്‍ ഇണങ്ങിയതുകൊണ്ട് അച്ഛനമ്മമാരെക്കാള്‍ നന്നായി എനിക്കതു മനസ്സിലായി എന്നു ഞാന്‍ വിചാരിക്കുന്നു. പ്രത്യേകിച്ചും, അതിന്റെ ഒത്ത നടുവില്‍ തിളങ്ങിനിന്ന സംഗതി–നിങ്ങളും എന്നെപ്പോലെ അന്ധനോ/അന്ധയോ ആണെങ്കില്‍പ്പോലും നിങ്ങള്‍ക്കും കാണാന്‍ കഴിയുന്നത്ര തിളക്കമേറിയ–ആയിരുന്നു ‘തിരഞ്ഞെടുക്കല്‍’ എന്നു ഞാന്‍ തിരിച്ചറിഞ്ഞു.
ഈ രാജ്യത്തേക്കു വരുക എന്നത് എന്റെ മാതാപിതാക്കളുടെ തിരഞ്ഞെടുക്കല്‍ ആയിരുന്നുവെങ്കിലും ഇന്ത്യയുടേതായി കഴിയുന്നത്രയും കൈപ്പിടിയില്‍ കരുതുക എന്നതും അവരുടെ തിരഞ്ഞെടുപ്പായിരുന്നു. അവര്‍ സിക്കുകാര്‍ക്കിടയില്‍ ജീവിച്ചു; അവരുടെ മതത്തിന്റെ പ്രമാണങ്ങളെ നിഷ്ഠയോടെ പാലിക്കുകയും അനുസരണ എന്ന മൂല്യം എന്നെ പഠിപ്പിക്കുകയും ചെയ്തു. എന്തു ഭക്ഷിക്കണം, ധരിക്കണം, പഠിക്കണം; പിന്നീട് എവിടെ ജോലിയെടുക്കണം, ആരെ കല്യാണം കഴിക്കണം– ഇവയൊക്കെ സിക്കുമതനിയമങ്ങള്‍ക്കും എന്റെ കുടുംബത്തിന്റെ താത്പര്യങ്ങള്‍ക്കും അനുസരിച്ചാകട്ടെ എന്നു ഞാന്‍ സമ്മതിക്കേണ്ടിയിരുന്നു. ഞാന്‍തന്നെ എന്റെ സ്വന്തം തീരുമാനങ്ങളെടുക്കുക എന്നതു സ്വാഭാവികം മാത്രമല്ല, അഭികാമ്യവുമാണ് എന്നു പബ്ലിക് സ്‌കൂളില്‍വച്ചു ഞാന്‍ പഠിച്ചു. അതു സാംസ്‌കാരിക പശ്ചാത്തലത്തിന്റെയോ വ്യക്തിത്വത്തിന്റെയോ കഴിവുകളുടെയോ കാര്യമല്ല, അതുതന്നെയായിരുന്നു സത്യവും ശരിയും.
നിരവധി വിലക്കുകള്‍ക്കു കീഴ്‌പ്പെടേണ്ട അന്ധയായ ഒരു സിക്ക് പെണ്‍കുട്ടിക്ക് ഇതു വളരെ ശക്തമായ ആശയമായിരുന്നു. എന്റെ മാതാപിതാക്കളുടെ താത്പര്യങ്ങളോട് കൂടുതല്‍ ഇണങ്ങുന്നവിധത്തില്‍ എന്റെ ജീവിതം മുമ്പേതന്നെ എഴുതപ്പെട്ടുകഴിഞ്ഞിരുന്നുവെന്ന് എനിക്കു വിശ്വസിക്കാമായിരുന്നു. അല്ലെങ്കില്‍, എന്റെ അച്ഛന്റെ മരണത്തിന്റെയും എന്റെ അന്ധതയുടെയും കാര്യത്തിലെന്നപോലെ, എന്റെ നിയന്ത്രണത്തിനപ്പുറത്തുള്ള ഒരു അപകടപരമ്പരയായും എനിക്കതിനെപ്പറ്റി വിചാരിക്കാമായിരുന്നു. എന്തായാലും, മേലില്‍ സംഭവ്യമായതും സംഭവിപ്പിക്കാന്‍ എനിക്കു കഴിയുന്നതും എന്ന രീതിയില്‍, തിരഞ്ഞെടുക്കല്‍ എന്ന നിലയില്‍ അതിനെ കാണുന്നതാണ് കൂടുതല്‍ ശുഭപ്രതീക്ഷ നല്‍കുന്നതെന്നു തോന്നിച്ചു.
തിരഞ്ഞെടുക്കലിന്റെ ഭാഷയില്‍മാത്രമാണ് നമ്മിലേറെപ്പേരും നമ്മുടെ കഥകള്‍ മനസ്സിലാക്കിയതും പറഞ്ഞിട്ടുള്ളതും. തീര്‍ച്ചയായും അതായിരുന്നു അമേരിക്കയിലെ അന്യനാട്ടുകാരുടെ നാട്ടുഭാഷ. അതിന്റെ ഉപയോഗം ലോകത്തിന്റെ മറ്റനേകം ഭാഗങ്ങൡ വളരെ വേഗം വ്യാപിക്കുകയും ചെയ്തു. ഒരാള്‍ മറ്റൊരാളുടെ കഥ തിരിച്ചറിയുന്നത് അവരോടു നാം ഈ ഭാഷയില്‍ കഥ പറയുമ്പോഴാകാനാണ് കൂടുതല്‍ സാധ്യത. ഈ പുസ്തകത്തില്‍ ഞാന്‍ കാണിച്ചുതരാമെന്നു പ്രതീക്ഷിക്കുന്നതുപോലെ, ‘തിരഞ്ഞെടുക്കലിനെക്കുറിച്ചു സംസാരിക്കുന്നതിനു’ വളരെ പ്രയോജനങ്ങളുണ്ട്. പക്ഷേ, ഇവിടെ ഞാന്‍ അവതരിപ്പിച്ചിട്ടുള്ള വിധിയുടെയും യാദൃച്ഛികതയുടെയും ലളിതവല്‍ക്കരിക്കപ്പെട്ട ഇതര മാര്‍ഗ്ഗങ്ങളെക്കാള്‍ ഏറെ സങ്കീര്‍ണ്ണവും അര്‍ത്ഥഭേദമുള്ളതുമായ കഥകള്‍ മെനയുകയും ജീവിക്കുകയും ജീവിതത്തെപ്പറ്റി പറയുകയും ചെയ്യുന്ന മറ്റു മാര്‍ഗ്ഗങ്ങള്‍കൂടി വെളിപ്പെടുത്താം എന്നുകൂടി ഞാന്‍ പ്രതീക്ഷിക്കുന്നു.
‘തിരഞ്ഞെടുക്കല്‍’ എന്നത് ഒട്ടനേകം കാര്യങ്ങള്‍ അര്‍ത്ഥമാക്കുന്നതും അതിന്റെ പഠനം പൂര്‍ണ്ണതയോടെ ഒരു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാനാവാത്തവിധം അനേകം വഴികളിലൂടെ സമീപിക്കേണ്ടതുമാണ്. നാമെങ്ങനെ ജീവിക്കുന്നു എന്നതില്‍ ഏറ്റവും പ്രസക്തവും ഏറ്റവും ചിന്തോദ്ദീപകവുമായി ഞാന്‍ കണ്ടെത്തിയ വസ്തുതകളെ കൂടുതലായി അപഗ്രഥിക്കാനാണു ഞാന്‍ ഉദ്ദേശിക്കുന്നത്. മനശ്ശാസ്ത്രത്തിലാണ് ഈ പുസ്തകം പതറാതെ നിലയുറപ്പിച്ചിരിക്കുന്നത്. എങ്കിലും വ്യവസായം, സാമ്പത്തികശാസ്ത്രം, ജീവശാസ്ത്രം, തത്ത്വശാസ്ത്രം, സാംസ്‌കാരിക പഠനങ്ങള്‍, സാമൂഹികനയതന്ത്രം, വൈദ്യശാസ്ത്രം തുടങ്ങി നിരവധി മേഖലകളും പാഠ്യവിഷയങ്ങളും ഞാന്‍ ഉപയോഗിക്കുന്നുണ്ട്.
അങ്ങനെ ചെയ്യുന്നതുകൊണ്ട്, കഴിയുന്നത്ര കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാമെന്നും തിരഞ്ഞെടുക്കലിന്റെ പ്രാധാന്യത്തെയും പരിശീലനത്തെയുംകുറിച്ച് നമ്മുടെ ജീവിതങ്ങളില്‍ സ്വീകരിക്കപ്പെട്ടുകഴിഞ്ഞ ധാരണകളെ ചോദ്യം ചെയ്യാമെന്നുമാണ് എന്റെ പ്രതീക്ഷ. തുടര്‍ന്നുവരുന്ന ഏഴ് അധ്യായങ്ങളില്‍ ഓരോന്നും തിരഞ്ഞെടുക്കലിനെ വ്യത്യസ്തമായ ഒരു അനുകൂലസ്ഥാനത്തുനിന്ന് കാണുകയും തിരഞ്ഞെടുക്കല്‍ നമ്മുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിനെ സംബന്ധിച്ച വിവിധ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുകയുമാണ്.
എന്തുകൊണ്ടാണ് തിരഞ്ഞെടുക്കല്‍ ശക്തമായിരിക്കുന്നത്? എവിടെനിന്നാണതിന്റെ ശക്തി വരുന്നത്? ഒരേ വിധത്തിലാണോ നാമെല്ലാം തിരഞ്ഞെടുക്കുന്നത്? നാമാരാണ് എന്നതും നാമെങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതും തമ്മിലുള്ള ബന്ധം എന്താണ്? എന്തുകൊണ്ടാണ് നമ്മുടെ തിരഞ്ഞെടുക്കലുകളെക്കുറിച്ചു പലപ്പോഴും നാം നിരാശരാകുന്നത്? തിരഞ്ഞെടുക്കല്‍ എന്ന ഉപകരണത്തെ ഏറ്റവും ഫലപ്രദമായ രീതിയില്‍ നാം ഉപയോഗിക്കുന്നതെങ്ങനെ? നമ്മുടെ ദൈനംദിന തിരഞ്ഞെടുക്കലുകള്‍ക്കുമേല്‍ നമുക്ക് എത്ര നിയന്ത്രണമുണ്ട്? നമ്മുടെ താത്പര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അസംഖ്യമായിരിക്കേ നാമെങ്ങനെ തിരഞ്ഞെടുക്കും? നമുക്കായി തിരഞ്ഞെടുക്കാന്‍ നാമെന്നെങ്കിലും മറ്റുള്ളവരെ അനുവദിക്കുമോ? അനുവദിക്കുമെങ്കില്‍, ആരെ? എന്തിന്? എന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിഗമനങ്ങളുമായി നിങ്ങള്‍ യോജിച്ചാലും ഇല്ലെങ്കിലും–നാമെപ്പോഴും നേര്‍ക്കുനേര്‍ കാണാനിടയില്ലെന്ന് എനിക്കുറപ്പുണ്ട്–കൂടുതല്‍ വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍, ഈ ചോദ്യങ്ങളുടെ ആഴത്തിലുള്ള പരിശോധനതന്നെ നിങ്ങളെ സഹായിക്കും.
ബാലിശമായവ മുതല്‍ ജീവിതവ്യതിയാനം വരുത്തുന്നവവരെയുള്ള തിരഞ്ഞെടുക്കല്‍, അതിന്റെ ഭാവത്തിലും അഭാവത്തിലും, നമ്മുടെ ജീവിതകഥകളിലെ വേര്‍തിരിച്ചെടുക്കാനാവാത്ത ഒരു ഘടകമാണ്. ചിലപ്പോള്‍ നാമതിനെ സ്‌നേഹിക്കും; ചിലപ്പോള്‍ വെറുക്കും. പക്ഷേ, തിരഞ്ഞെടുക്കലുമായുള്ള നമ്മുടെ ബന്ധം എന്തുമാകട്ടെ, നമുക്കതിനെ അവഗണിക്കാനാവില്ല. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും വര്‍ത്തമാനകാലത്ത് എന്തുകൊണ്ടാണത് സുപ്രധാനമാകുന്നതെന്നും വരുംകാലത്ത് അതിന് നിങ്ങളെ എങ്ങോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതിലേക്ക് ഒരു ഉള്‍ക്കാഴ്ച ഈ പുസ്തകം വായിക്കുമ്പോള്‍ നിങ്ങള്‍ക്കു കിട്ടുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
Comments are closed.