DCBOOKS
Malayalam News Literature Website

പി.എഫ് മാത്യൂസിന്റെ തിരഞ്ഞെടുത്ത കഥകള്‍

ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകളാണ് ഈ കഥാസമാഹാരം. മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്നു ഈ കഥകളിലൂടെ. വ്യര്‍ത്ഥകാലങ്ങളെ മറികടക്കുന്ന ഒരു ജന്മവിധി ഈ രചനകളില്‍ പ്രതിഷ്ഠാപിതമാകുന്നു.

വാതിലില്‍ ആരോ മുട്ടുന്നു, ഇടയനും മാന്‍കിടാവും, ആങ്ങള, ജ്ഞാനി, മരണത്താല്‍ ജ്ഞാനസ്‌നാനം, കാസനോവ മരിക്കാറില്ല, കര്‍ക്കടകം, കനിവിന്റെ പ്രാതല്‍, ജലസമാധി,ജലകന്യകയും ഗന്ധര്‍വ്വനും, പിളര്‍ന്ന മനുഷ്യന്‍, തീര്‍ത്ഥാടകരുടെ സന്ധ്യ, ചുമരെഴുത്ത്, ഇല, എള്ളെണ്ണയുടെ സുഗന്ധം, മരിച്ച വീട്, തേരട്ട, എലി, 2004-ല്‍ ആലീസ് തുടങ്ങി പി.എഫ് മാത്യൂസിന്റെ 40 കഥകളാണ് തിരഞ്ഞെടുത്ത കഥകളില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന തിരഞ്ഞെടുത്ത കഥകള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

തന്റെ രചനകളെ കുറിച്ച് പി. എഫ് മാത്യൂസ് പറയുന്നു

“വെറുതെയങ്ങു ചത്തുപോകുന്ന, അധികാരവും അലങ്കാരങ്ങളുമില്ലാത്ത മനുഷ്യരെക്കുറിച്ചാണ് ഞാനേറെയും എഴുതിയിട്ടുള്ളത്. മനുഷ്യജീവിതത്തിന് മറ്റു മൃഗജീവിതത്തില്‍ നിന്നു ഭിന്നമായി എന്തെങ്കിലും അധികമൂല്യമോ അനശ്വരതയോ ഇല്ലെന്ന തോന്നലില്‍ നിന്നുള്ള എഴുത്തുകളാണ് ഏറിയകൂറും. ജീവിതം അനശ്വരമല്ലെന്ന തിരിച്ചറിവ് പൊതുവേ മനുഷ്യര്‍ക്കു സഹിക്കാനാവാത്ത കാര്യമാണ്. അനശ്വരമല്ലാത്തത് അര്‍ത്ഥരഹിതമാണെന്ന ബോധ്യമുള്ളതിനാലാകാം മനുഷ്യര്‍ സാഹിത്യമടക്കമുള്ള കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതെന്നാണ് എന്റെ വിചാരം. മഹത്തായതും കാലങ്ങളെ മറികടന്നു നിലനില്‍ക്കുന്നതുമായ കൃതികളൊന്നും തന്നെ നമ്മുടെ ഈ ഭാഷാസാഹിത്യത്തില്‍ എന്റെ മുന്‍ഗാമികളോ ഞാനോ എഴുതിയിട്ടുണ്ടെന്ന വിശ്വാസമെനിക്കില്ല. ഒരു പ്രത്യേക കൃതി മൂലഭാഷയില്‍ തന്നെ വായിക്കണമെന്ന നിര്‍ബന്ധബുദ്ധി കൊണ്ട് മലയാളം പഠിച്ചിട്ടുള്ള അന്യഭാഷക്കാര്‍ തന്നെ എത്ര കുറവാണ്. ലോകസാഹിത്യത്തിലേക്ക് പ്രതിഷ്ഠിക്കാവുന്ന കൃതികളൊന്നും തന്നെ സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലും നമ്മുടേതായ പ്രയത്‌നം നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഇവിടെ ഞാനുമുണ്ടായിരുന്നു എന്ന് അടയാളപ്പെടുത്തണമല്ലോ എന്നൊക്കെയുള്ള നിസാര മോഹങ്ങളാകാം എഴുത്തിങ്ങനെ തുടരാനുള്ള കാരണം. സാംസ്‌കാരിക സമ്പത്തെന്ന നിലയില്‍ ഭാഷയെ നിലനിര്‍ത്തുന്നത് കൃതികള്‍ തന്നെയാണെന്ന് ഉംബര്‍ട്ടോ എക്കോ പറഞ്ഞത് സത്യമാണെന്നു തോന്നിയിട്ടുണ്ട്.”

Comments are closed.