തിക്കോടിയന്റെ ചരമവാര്‍ഷികദിനം
മലയാള നാടകസാഹിത്യത്തിന് ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തിക്കോടിയന്‍. കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം പി.കുഞ്ഞനന്തന്‍ നായര്‍ എന്നായിരുന്നു. പ്രശസ്ത ഹാസ്യസാഹിത്യകാരനായിരുന്ന സഞ്ജയനാണ് അദ്ദേഹത്തിന്റെ പേര് തിക്കോടിയന്‍ എന്നാക്കി മാറ്റിയത്. ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ പ്രവേശനം കവിതയിലൂടെയായിരുന്നു. പിന്നീട് നാടകങ്ങളിലേക്ക് വഴിതിരിഞ്ഞു.
കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലായ ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ‘ജീവിതം’ എന്ന നാടകത്തിലാണ് തുടക്കം. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതില്‍ തിക്കോടിയന്‍ നിസ്സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.
കേന്ദ്ര-കേരള സാഹിത്യ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത്ത് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സ്‌റ്റേറ്റ് ഫിലിം തിരക്കഥാ അവാര്‍ഡ്, സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അരങ്ങു കാണാത്ത നടനാണ് തിക്കോടിയന്റെ ആത്മകഥ. 2001 ജനുവരി 28-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.