DCBOOKS
Malayalam News Literature Website

തിക് നാറ്റ് ഹാന്‍ അന്തരിച്ചു

ബുദ്ധസന്യാസിയും, ആക്ടിവിസ്റ്റും, ഗ്രന്ഥകാരനുമായ തിക് നാറ്റ് ഹാന്‍  അന്തരിച്ചു. 95 വയസ്സായിരുന്നു. വിയറ്റ്നാമിൽ ജനിച്ച ഇദ്ദേഹം ഫ്രാൻസിലെ പ്ലം വില്ലേജിലെ ആശ്രമത്തിൽ ആയിരുന്നു താമസം. പടിഞ്ഞാറൻ രാജ്യങ്ങളിൽ മൈൻഡ്ഫുൾനെസ്സ് എന്ന ആശയത്തിന് തുടക്കമിട്ടതും കിഴക്ക് സാമൂഹികമായി ഇടപെടുന്ന ബുദ്ധമതത്തിന് നേതൃത്വം നൽകിയതും ഇദ്ദേഹമായിരുന്നു.

സമാധാനം, കരുണ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ തിച് നാറ്റ് ഹാൻ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും, ‘ദി മിറാക്കിൾ ഓഫ് മൈൻഡ്ഫുൾനെസ്’, ‘സൈലൻസ്’, ‘പീസ് ഇൻ എവെരി സ്റ്റെപ്’ തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ഏറെ ശ്രദ്ധനേടിയവയാണ്.

ജീവിതത്തെ ആനന്ദത്തിലേക്കുണര്‍ത്താനുള്ള ബുദ്ധമാര്‍ഗത്തെ വെളിപ്പെടുത്തുന്ന നിരവധി പുസ്തകങ്ങളാണ് അദ്ദേഹം വായനക്കാര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഓരോ ചുവടും ശാന്തി, ഈ നിമിഷം സുന്ദരനിമിഷം, ഒരോ ശ്വാസവും ശാന്തി , ബ്രഹ്മചാരി(ണി), സ്‌നേഹഭാഷണം എന്ന കല, സമാധാനം എന്നാല്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിനാരംഭത്തിലെ ആദ്യചുവട് മുതല്‍ കടന്നുപോകുന്ന ഓരോ നിമിഷങ്ങളെയും എങ്ങനെ സുന്ദരമാക്കാമെന്ന് വിജയിച്ച പാഠങ്ങളിലൂടെ ലളിതമായി വിശദീകരിക്കുന്നു. കണ്ണാടിയില്‍ വെള്ളം ഉപയോഗിക്കുമ്പോഴും കാല് കഴുകുമ്പോഴും ധ്യാനത്തിലാവാനുള്ള വഴി തുറന്നിടുന്ന, ഏവര്‍ക്കും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തന്റെ പുസ്തകങ്ങളിലൂടെ അവതരിപ്പിക്കുന്നു.

ആരായിരുന്നു തിക് നാറ്റ് ഹാന്‍ ?

സെന്‍ഗുരു, കവി, സമാധാനപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നാല്പതു വര്‍ഷത്തോളമായി ലോകം അറിയുന്ന ബുദ്ധസന്ന്യാസി. ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ട ഗ്രാമങ്ങളുടെയും യുദ്ധമേഖലകളില്‍നിന്നു പലായനം ചെയ്യേണ്ടിവന്ന ജനങ്ങളുടെയും പുനരധിവാസത്തിനായി അദ്ദേഹം സ്‌കൂള്‍ ഓഫ് യൂത്ത് ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് (ചെറു സമാധാനസേന) സ്ഥാപിച്ച് സാമൂഹികപ്രവര്‍ത്തനം ആരംഭിച്ചു. വാന്‍ ഹാന്‍ ബുദ്ധസര്‍വ്വകലാശാല, ലാബോയ് പ്രസ്സ് (Tiep Hien), പരസ്പരാശ്രിതസമൂഹം തുടങ്ങിയവയും സ്ഥാപിച്ചു. നിശ്ശബ്ദരാക്കപ്പെട്ട എല്ലാ മതവിഭാഗത്തിലുംപെട്ട വിയറ്റ്‌നാമികളുടെ പ്രതിനിധിയായി ഫെല്ലോഷിപ്പ് ഓഫ് റികണ്‍സിലിയേഷന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയും യൂറോപ്പും സന്ദര്‍ശിച്ചു. 1977-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് തിക് നാറ്റ് ഹാനിന്റെ പേര് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ശിപാര്‍ശ ചെയ്തു. പര്യടനത്തെത്തുടര്‍ന്ന് വിയറ്റ്‌നാമിലേക്ക് മടങ്ങാന്‍ കഴിയാതെവന്ന അദ്ദേഹം ഫ്രാന്‍സില്‍ അഭയം തേടി. പാരീസില്‍ നടന്ന ബുദ്ധിസ്റ്റ് സമാധാന ചര്‍ച്ചകള്‍ക്കുള്ള വിയറ്റ്‌നാം ബുദ്ധിസ്റ്റ് പ്രതിനിധിസംഘത്തിന്റെ ചെയര്‍മാനായി. ഇപ്പോള്‍ പാരീസിലുള്ള ‘പ്ലംവില്ലേജില്‍’ സമാനമനസ്‌കരുടെ ഒരു സമൂഹം സൃഷ്ടിച്ച് അദ്ധ്യാപനം, എഴുത്ത്, പൂന്തോട്ടനിര്‍മ്മാണം എന്നിവയില്‍ ശ്രദ്ധിച്ചും ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ സഹായിച്ചും കഴിയുന്നു.

പ്രധാന കൃതികള്‍
ഓരോ ചുവടും  ശാന്തി
സ്‌നേഹഭാഷണം എന്ന കല

തിക് നാറ്റ് ഹാന്‍ രചിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.