DCBOOKS
Malayalam News Literature Website

തൊടാതെ താപമളക്കും തെർമോഗ്രാഫി

നാട്ടിൽ നാശം വിതച്ചു കൊറോണ വൈറസ് കുപ്രസിദ്ധി നേടിയപ്പോൾ ഒപ്പം അൽപ്പം പ്രസിദ്ധി നേടിയ ഉപകരണമാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ / തെർമൽ സ്കാനർ.

🔴എന്താണ് ഇൻഫ്രാ റെഡ് തെർമോമീറ്റർ / തെർമൽ സ്കാനർ?

ഒരു വസ്തുവിനെ സ്പർശിക്കാതെ സുരക്ഷിതമായ അകലത്തിൽ നിന്ന് അതിന്റെ താപനില അളക്കുന്നതിനുള്ള ഉപകരണമാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ/തെർമൽ സ്കാനർ .

🔴അടിസ്ഥാന തത്വങ്ങൾ

💠വസ്തുക്കളുടെ ഉപരിതല താപനില അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള സാങ്കേതികവിദ്യയാണ് ഇൻഫ്രാറെഡ് തെർമോഗ്രാഫി.

💠ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ അകലത്തിൽ നിന്ന് താപനില അളക്കുന്നു എന്നതാണ് കോവിഡ് കാലത്ത് ഈ ഉപകരണത്തിന്റെ പ്രസക്തി വർദ്ധിക്കാൻ കാരണം.

💠വ്യക്തികളുടെ ശരീര താപനില അളക്കാൻ ഉപയോഗിക്കുന്ന സമ്പർക്ക രഹിത ഹാൻഡ് ഹെൽഡ് തെർമോമീറ്ററുകൾ (non-contact hand held thermometer) സെന്റിമീറ്ററുകൾ അകലെ നിന്ന് റീഡിങ് തരും.

💠സമാന തത്വം ഉപയോഗിച്ചുള്ള ചില ഉപകരണങ്ങൾക്കു കിലോമീറ്ററുകൾ അകലെ നിന്ന് വരെ താപനില അറിയാൻ കഴിയും.

🔴ഇൻഫ്രാറെഡ് തെർമോമീറ്ററുകകളുടെ പ്രവർത്തനതത്വം?

🔰പ്രകാശത്തിന്റെ ദൃശ്യ സ്പെക്ട്രത്തിന് (visible spectrum) താഴെയുള്ള ഒരു തരം വൈദ്യുതകാന്തിക വികിരണമാണ് ഇൻഫ്രാറെഡ്(IR).

🔰കേവല പൂജ്യത്തിന് മുകളിലുള്ള താപനിലയിലുള്ള ഏതു വസ്തുവിനുള്ളിലും ചലനാല്മകമായ തന്മാത്രകൾ ഉണ്ട്.
ഉയർന്ന താപനിലയിൽ , തന്മാത്രകളുടെ ചലനവേഗത കൂടുന്നു, അതിനൊപ്പം ഇവ ഇൻഫ്രാറെഡ് വികിരണം പുറപ്പെടുവിക്കുന്നു.

🔰 ചൂട് കൂടുന്നതിനനുസരിച്ച് അവ കൂടുതൽ ഇൻഫ്രാറെഡ്(IR) പുറപ്പെടുവിക്കുകയും ഏറിയാൽ ദൃശ്യപ്രകാശം(visible light) പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് ചൂടായ ലോഹത്തിന് ചുവപ്പ് അല്ലെങ്കിൽ വെളുപ്പ് നിറത്തിൽ തിളങ്ങാൻ കഴിയുന്നത്. ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ഈ വികിരണം കണ്ടെത്തി അളക്കുന്നു.

🔴ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ എങ്ങനെ പ്രവർത്തിക്കുന്നു?

🔹ലളിതമായി പറഞ്ഞാൽ, ഒരു വസ്തുവിൽ നിന്നുള്ള ഇൻഫ്രാറെഡ് വികിരണം ലെൻസ്‌ ഉപയോഗിച്ച് തെർമോപൈൽ (thermopile) എന്ന ഡിറ്റക്ടറിലേക്ക് കേന്ദ്രീകരിക്കുന്നു. തെർമോപൈൽ ഇൻഫ്രാറെഡ് വികിരണം ആഗിരണം ചെയ്ത് ചൂടാക്കി മാറ്റുന്നു.

🔹ഈ താപോർജ്ജം വൈദ്യുതിയായി മാറ്റി, വൈദ്യുതി ഒരു ഡിറ്റക്ടറിലേക്ക് അയയ്ക്കുന്നു, ഇത് റീഡിങ് ആക്കി മാറ്റി തെർമോമീറ്റർ പ്രദർശിപ്പിക്കുന്നു. മോഡലിനെ ആശ്രയിച്ച് ഊഷ്മാവ് സെൽഷ്യസ് അല്ലെങ്കിൽ ഫാരൻഹീറ്റിൽ അല്ലെങ്കിൽ രണ്ടിലും ഡിജിറ്റലായി കാണിക്കുന്നു.

🔹നിരവധി ആകൃതിയിലും വലുപ്പത്തിലും വൈവിധ്യമാർന്ന സവിശേഷതകളിലും ലഭ്യമാണ് ഈ ഉപകരണം.

🔴വിപണിയിൽ പ്രധാനമായും രണ്ട് തരം ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ലഭ്യമാണ്.

👉പോർട്ടബിൾ -കൈയിൽ കൊണ്ടു നടക്കാവുന്നവ
👉നോൺ പോർട്ടബിൾ – സ്ഥിരമായി ഒരിടത്ത് വെയ്ക്കുന്ന തരം
ഇവ ഒരു പ്രദേശം നിരന്തരം നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള മൗണ്ട് ചെയ്ത ഉപകരണങ്ങളാണ് (ഇൻഫ്രാറെഡ് ക്യാമറ)

🔴ഇൻഫ്രാറെഡ് തെർമോമീറ്റർ തത്വം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളുടെ ഉപയോഗങ്ങൾ?

🔸 “ഹോട്ട് സ്പോട്ടുകൾ” കണ്ടെത്താൻ അഗ്നിശമന സേനാംഗങ്ങൾ ഇൻഫ്രാറെഡ് ഉപാധികൾ ഉപയോഗിക്കുന്നു.

🔸ഇലക്‌ട്രോണിക്‌സ് പോലുള്ള അതിലോലമായ, താപനില സെൻസിറ്റീവ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ താപനില അളന്നു അറിയാൻ.

🔸പ്ലാസ്റ്റിക്, ലോഹങ്ങൾ, സെറാമിക്സ് ഉൽ‌പാദന മേഖലകളിൽ വസ്തുക്കളുടെ താപനില പരിശോധിക്കുന്നതിന്.

🔸പാചകം, ബേക്കിംഗ് മേഖല

🔸മെഡിക്കൽ ആവശ്യങ്ങൾ.

🔸കോൺക്രീറ്റ് നിർമ്മിതികൾ ഇൻഫ്രാറെഡ് തെർമോഗ്രാഫി ഉപയോഗിച്ച് പരിശോധിക്കാറുണ്ട്.

🔴ഗുണങ്ങൾ :

✅️ഈ തെർമോമീറ്ററിന് ശാരീരികമായി സ്പർശിക്കേണ്ട ആവശ്യമില്ല, എന്നാൽ താപനില അളക്കുന്ന വസ്തുവിന്റെ ഉപരിതലം മാത്രം സ്കാൻ ചെയ്യുകയുള്ളൂ.

✅️ഫലം കിട്ടാൻ സെക്കൻഡിൽ താഴെ സമയമേ എടുക്കുകയുള്ളൂ.

✅️തെർമോമീറ്ററുകൾ ശരീരത്തിൽ സ്പർശിക്കാത്തതിനാൽ കുഞ്ഞുങ്ങളുടെ ശരീരോഷ്മാവ് അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ഉപയോഗപ്രദമാണ്.

✅️ആധുനികമായ ചില സാങ്കേതിക വിദ്യകൾ ഇവയെ കൂടുതൽ മികവുറ്റതാക്കുന്നു.
ഉദാ: മുൻ‌കാല താപനില റെക്കോർഡ് സൂക്ഷിക്കാൻ കഴിയുന്ന തെർമോമീറ്ററുകൾ
ലൈറ്റിംഗിനൊപ്പം ഡിജിറ്റൽ ഡിസ്പ്ലേ ഉള്ള ഉപകരണം ഇരുട്ടിൽ ദൃശ്യപരത അനുവദിക്കുന്നു. റോളറുകൾ അല്ലെങ്കിൽ ചലിക്കുന്ന യന്ത്രങ്ങൾ / വസ്തുക്കളുടെ താപനില അളക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള തെർമോമീറ്ററുകളുണ്ട്.

🔴പോരായ്മകൾ

🔽 ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാ മികവ്, ഉപകരണത്തിൻ്റെ നിർമ്മിതിയിലുള്ള വത്യാസം എന്നിവ അനുസരിച്ച് കൃത്യതക്കുറവ് ഉണ്ടായേക്കാം.

🔽പനി ഉണ്ടോ ഇല്ലയോ എന്നറിയാൻ സ്‌ക്രീനിങ്ങിനായി ഉപയോഗിക്കാം, പക്ഷെ ക്ലിനിക്കൽ ആവശ്യങ്ങൾക്ക് അത്ര അനുയോജ്യമല്ല.

📌NB : ഒരു വ്യക്തിക്കു തെർമൽ സ്ക്രീനിങ്ങിൽ സാധാരണ നിലയിലുള്ള ശരീരോഷ്മാവ് രേഖപ്പെടുത്തിയെന്നു കരുതി കൊവിഡ് രോഗബാധയില്ലെന്നു സ്ഥിരീകരിക്കാനാവില്ല. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഇല്ലാതെയും കൊവിഡ് ബാധ ഉണ്ടായേക്കാം എന്ന് ഓർക്കുക.

എഴുതിയത്,
ഡോ: അശ്വിനി ആർ , ഡോ: ദീപു സദാശിവൻ

#InfoClinic

Comments are closed.