തെങ്ങമം ബാലകൃഷ്ണൻ സ്മാരക സാഹിത്യ നോവല്‍ പുരസ്കാരം എം.പി. ലിപിൻരാജിന്
തെങ്ങമം യുവരശ്മി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം നല്കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ എം. പി. ലിപിൻരാജിന്റെ ‘മാർഗരീറ്റ’ പുരസ്കാരം നേടി. ഡി സി ബുക്സാണ് പ്രസാധകർ.
പതിനായിരത്തിഒന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 21 ശനിയാഴ്ച ഗ്രന്ഥശാലയില്‍ വച്ചു നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ വിതരണം ചെയ്യും. കവിയും നോവലിസ്റ്റുമായ തെങ്ങമം ഗോപകുമാര്‍ ചെയര്‍മാനും പി. ശിവന്‍കുട്ടി, സി. ഗേപിനാഥന്‍, ഷീബാലാലി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് കൃതി തെരെഞ്ഞെടുത്തത്.
ഇന്ത്യയുടെ രണ്ടറ്റങ്ങളിൽ കിടക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ സംസ്‌കാരം കാലാതരത്തിൽ എങ്ങനെ തകിടം മറിക്കപ്പെട്ടെന്ന ചരിത്രം തിരയുകയാണ് ‘മാർഗരീറ്റ’. ‘മാർഗരീറ്റ’യെന്ന ഭൂപ്രദേശത്തിന് വന്ന മാറ്റങ്ങൾമാത്രമല്ല, എങ്ങനെയാണ് അതിന്റെ ചരിത്രം നിരന്തരം മാറ്റിയെഴുതപ്പെട്ടതെന്നു തത്ത്വചിന്ത – ഗണിതശാസ്ത്രങ്ങളിലൂടെ സഞ്ചരിച്ചു വേരുകളിലേക്കും ഓർമ്മകളിലേക്കുമുള്ള മടക്ക യാത്ര നടത്തുകയാണീ നോവലിൽ.