DCBOOKS
Malayalam News Literature Website

പ്രിയപ്പെട്ട നാട്ടുരുചികള്‍

”അഷ്ടമുടിക്കായലിന്റെ ഓരം ചേര്‍ന്ന എന്റെ നാട്, രുചിക്കൂട്ടുകളുടെ കലവറ. പഴമയുടെ കൈപ്പുണ്യം നിറഞ്ഞുനില്‍ക്കുന്ന അടുക്കളകള്‍. ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ മൂപ്പിച്ച കറിവേപ്പിലയുടെയും കുഞ്ഞുള്ളിയുടെയും വാസനയായിരുന്നു ഒട്ടുമിക്ക ദിവസങ്ങളിലും എന്റെ അലാറം. മനസ്സ് നിറയ്ക്കാന്‍ സ്വാദിഷ്ഠമായ ഭക്ഷണത്തോളം കഴിവ് മറ്റൊന്നിനുമില്ല എന്ന് തിരിച്ചറിഞ്ഞതും പ്ലേറ്റില്‍ ഒരു സ്വര്‍ഗ്ഗമൊരുക്കുന്നത് എങ്ങനെയെന്ന് ശീലിച്ചതും ആ കാലത്താണ്”

രുചി തേടിയുള്ള എന്റെ യാത്ര ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇതിനോടകം നിരവധി രാജ്യങ്ങള്‍ താണ്ടി. വ്യത്യസ്തമായ ഒട്ടേറെ രുചിക്കൂട്ടുകള്‍ പഠിച്ചു, പരീക്ഷിച്ചു. എങ്കിലും ഉള്ളിന്റെയുള്ളില്‍ ഞാനെന്നും ആ പഴയ നാട്ടുമ്പുറത്തുകാരനാണ്. കൊല്ലത്തിന്റെ സ്വന്തം രുചിഭേദങ്ങളെ ഏറെ സ്‌നേഹിക്കുന്ന ഒരു സാദാ നാട്ടുമ്പുറത്തുകാരന്‍. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ഈ തനിനാടന്‍ രുചികളാസ്വദിക്കാന്‍ ഞാന്‍ വീട്ടിലേക്ക് ഓടിയെത്തും. അവിടെ എന്നെ കാത്ത് നല്ല നാടന്‍ ചക്കപ്പുഴുക്കും ചോറും കൂഴവാലി കറിയും ഞണ്ട് റോസ്റ്റും ഒക്കെയുണ്ടാവും… ആ രുചിയുടെ ചിറകിലേറി ഇടയ്ക്കൊക്കെ പഴയ കാലത്തേക്ക് ഒരു തിരിച്ചുപോക്കുണ്ട്.

എന്റെ ഗൃഹാതുരമായ ഓര്‍മ്മകളില്‍ കൊല്ലത്തെ തനതുരുചികള്‍ മുന്‍ പന്തിയിലാണ്.

അഷ്ടമുടിക്കായലിന്റെ ഓരം ചേര്‍ന്ന എന്റെ നാട്, രുചിക്കൂട്ടുകളുടെ കലവറ. പഴമയുടെ കൈപ്പുണ്യം നിറഞ്ഞു നില്‍ക്കുന്ന അടുക്കളകള്‍.

Textആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ മൂപ്പിച്ച കറിവേപ്പിലയുടെയും കുഞ്ഞുള്ളിയുടെയും വാസനയായിരുന്നു ഒട്ടുമിക്ക ദിവസങ്ങളിലും എന്റെ അലാറം. മനസ്സ് നിറയ്ക്കാന്‍ സ്വാദിഷ്ഠമായText ഭക്ഷണത്തോളം കഴിവ് മറ്റൊന്നിനുമില്ല എന്ന് തിരിച്ചറിഞ്ഞതും പ്ലേറ്റില്‍ ഒരു സ്വര്‍ഗ്ഗമൊരുക്കുന്നത് എങ്ങനെയെന്ന് ശീലിച്ചതും ആ കാലത്താണ്.

പൂവരശിന്റെ ഇലയില്‍ വെന്ത ഇടിയപ്പം, മൊഞ്ചേറിയ കൊഞ്ചുകറി, നടക്കാവ് ചന്തയിലെ അയല കറിവച്ചതും കൂട്ടിയുള്ള റേഷനരിയുടെ ഊണ്, കൊതുമ്പ് കത്തിച്ച് അടുപ്പിലെ ഇരുമ്പുചട്ടിയില്‍ പാകം ചെയ്തെടുത്ത തോരന്‍, വക്ക് പൊട്ടിയ പഴയ ഭരണിയിലെ അച്ചാര്‍, ആവോളം ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത അട, അരികുമൊരിഞ്ഞ അപ്പം, നല്ല കുരുമുളകിട്ട എരിവുള്ള ചിക്കന്‍കറി. ഒരു ദിവസം ധന്യമാവാന്‍ ഇതിനപ്പുറം എന്ത് വേണം? ഇങ്ങനെ പ്രാതലും ഉച്ചയൂണും ചെറുകടിയും അത്താഴവുമൊക്കെയായി എത്രയെത്ര നാടന്‍ വിഭവങ്ങള്‍, പകര്‍ന്ന് കിട്ടിയതിനും പറഞ്ഞു കേട്ടവയ്ക്കുമൊപ്പം ഞാന്‍ കണ്ടറിഞ്ഞതും പഠിച്ചെടുത്തതുമായ തനത് രുചികള്‍.

ആ രുചിപാരമ്പര്യം നിങ്ങളിലേക്കെത്തിക്കുവാനാണ് ഈ പുസ്തകത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്. എനിക്ക് ചിരപരിചിതമായ നാടന്‍ രുചിക്കൂട്ടുകളാണ് ‘വീട്ടുരുചികള്‍’ എന്ന ഈ പുസ്തകത്തില്‍ ഉള്‍ചേര്‍ത്തിരിക്കുന്നത്. നൂഡില്‍സും ബര്‍ഗറും മറ്റ് ഫാസ്റ്റ് ഫുഡ്ഡുകളുമൊക്കെ അരങ്ങു വാഴുന്ന, തനത് വിഭവങ്ങള്‍ ഇവയോട് മത്സരിച്ച് തോല്‍വി സമ്മതിക്കുന്ന ഈ കാലത്ത്, നമ്മുടെ നാടന്‍ രുചികളിലേക്ക് തിരിച്ചുപോകാനുള്ള ഒരു ശ്രമമാണ് ‘വീട്ടുരുചികള്‍’.

വളരെ നാളായുള്ള ഒരു സ്വപ്നമായിരുന്നു എന്റെ വീട്ടിലെ പാചകരീതികള്‍ നിങ്ങളിലേക്കെത്തിക്കുക എന്നത്. ഡി സി ബുക്സ് ആ സ്വപ്നസാക്ഷാത്കാരത്തിന് വഴിയൊരുക്കിയതില്‍ ഞാനേറെ സന്തോഷവാനാണ്. ഈ പുസ്തകത്തിലെ ഓരോ വിഭവങ്ങളോടും എനിക്ക് അത്രമേല്‍ അടുപ്പമുണ്ട്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പാചകരീതികളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കു പോലും ഈ റെസിപ്പികള്‍ അനായാസം പരീക്ഷിക്കാവുന്നതാണ്.

പാചകം ഒരു കലയാണ്. രുചിയും ഗുണവും വാസനയുമൊക്കെ ഒത്തുചേരുന്ന, ഏവരുടെയും മനംകവരുന്ന കല. ആ കലയിലേക്ക് നിങ്ങളെ കൈപിടിച്ച് കൂട്ടിക്കൊണ്ടു വരുവാന്‍ സാധിച്ചാല്‍ ഞാന്‍ കൃതാര്‍ത്ഥനായി. ആധുനികതയുടെ ചിറകില്‍ കയറി പറക്കുമ്പോഴും നമുക്ക് മറക്കാതിരിക്കാം, നാടും പഴമയും നാട്ടുരുചികളും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

Comments are closed.