DCBOOKS
Malayalam News Literature Website

നോവലിനു പിന്നില്‍; ജീവന്‍ ജോബ് തോമസ് പറയുന്നു

(ജീവന്‍ ജോബ് തോമസിന്റെ തേനീച്ചറാണി എന്ന നോവലിലെ ഇരുപതാം അധ്യായത്തില്‍നിന്നും)

‘പൂസായി പെണ്ണങ്ങ് മയങ്ങിപ്പോയി.’ അയാള്‍ ചിരിച്ചുകൊണ്ട് നടന്നുപോയി. ഇരുട്ട് മൂടിയ കാട്ടില്‍നിന്നും ഞാന്‍ വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു. തീവ്രമായ പശ്ചാത്താപം എന്നെ വന്ന് പൊതിഞ്ഞു. നീയെന്താണ് ചെയ്തത്? കള്ളുകുടിച്ച് സ്വയംബോധം നശിച്ചവളായി വെളിച്ചം വീണു കിടന്ന പാറപ്പുറത്ത് മലര്‍ന്നുകിടക്കുക. നീയാരാണ്? ബോധമില്ലാത്ത പെണ്ണേ, നീയെത്ര ബുദ്ധിയില്ലാത്തവളാണ്. കള്ളുകുടിച്ചാല്‍ സ്വബോധം നഷ്ടപ്പെടും എന്ന് ഇത്രയായിട്ടും നീ കേട്ടിട്ടില്ലേ, സ്വന്തം ചെയ്തികളാണ് എന്നെ ഇങ്ങനെയാക്കിയത്. ഞാന്‍ തന്നെയാണ് എന്നെ നശിപ്പിച്ചത്!

തുറന്ന് വിട്, തുറന്ന് വിട്…എനിക്കൊഴുകണം, ഒഴുകിപ്പരക്കണം…

ഉള്ളിലിരുന്നുള്ള നിലവിളി എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ മിഡി പതിയെ ഉയര്‍ത്തി. വലതു തുടയുടെ ചെറിയ രോമങ്ങളുടെ സ്‌നേഹപരിസരത്തുകൂടി വിരലോടിച്ചുകൊണ്ടിരുന്നു. വിരലുകള്‍ക്കിടയില്‍ ഇരുന്ന് ബ്ലേഡിന്റെ മൂര്‍ച്ച ആര്‍ത്തിപൂണ്ടു. മതി, ആസ്വദിച്ചത് മതി. ഇനി തുറന്ന് വിട്.

ഞാന്‍ വലത്തേ തുടയില്‍ ആദ്യത്തെ മുറിവുണ്ടാക്കി.

ചോര തുള്ളിതുള്ളിയായി പുറത്തു വന്നു. ചുവപ്പുനിറത്തിലുള്ള ഒരു പുതിയ തുണിയെടുത്ത് പതിയെ ചോരയെ ഒപ്പിയെടുത്തു. ചോരത്തുള്ളികള്‍ തുടയിലെ ചെറിയ വിടവിലൂടെ വീണ്ടുംവീണ്ടും മുളച്ചുപൊന്തി. ഒപ്പി മാറ്റുന്തോറും പുറത്തേക്ക് പ്രവഹിക്കാനുള്ള ചോരയുടെ ആവേശം അധികരിച്ചു. ഉള്ളില്‍നിന്നും മരവിച്ച ഒരു തടാകത്തിലേക്ക് വെയില്‍ വന്നു വീഴുന്നതുപോലെ ഒരു അനുഭൂതി ഉണ്ടായിത്തുടങ്ങി. എനിക്ക് മനസ്സിലായി, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വിവാഹമൊന്നുമല്ല, ഈ ഒഴുകുന്ന ചോര തുടച്ചുകൊണ്ടിരിക്കേ, കിട്ടുന്ന മനഃശാന്തി മറ്റൊരിക്കലും കിട്ടില്ല. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വേദനയെ അതിലംഘിക്കുന്ന കൂടിയ വേദനകള്‍ കൊണ്ടു മാത്രമേ എനിക്ക് എന്നെത്തന്നെ മോചിപ്പിക്കാനാവുകയുള്ളൂ.

തുടയിലെ ആദ്യത്തെ മുറിവിനെ ഞാന്‍ സ്‌നേഹപൂര്‍വ്വം താലോലിച്ചു. നീ ഭാഗ്യവതിയാണ്. സ്‌കാര്‍ലറ്റിന്റെ ആദ്യത്തെ തിരുമുറിവായി നീ അറിയപ്പെടും. ഇനി ഉണ്ടാകാന്‍ പോകുന്ന മുറിവുകള്‍ക്കൊന്നും ഇല്ലാത്ത അഭിമാനം നിനക്കുണ്ടാകും. ഒഴുകിക്കൊണ്ടിരുന്ന ചോര ഞാന്‍ വീണ്ടും തുടച്ചു.”

നോവലെഴുത്തിന്റെ സാഹചര്യത്തെക്കുറിച്ച് ജീവന്‍ ജോബ് തോമസ് പറയുന്നു…

മൂന്ന് സ്ത്രീകളുടെ തികച്ചും വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ് തേനീച്ചറാണി എന്ന ഈ നോവല്‍ കടന്നുപോകുന്നത്. ഒരു പുരുഷനെന്ന നിലയില്‍ സ്ത്രീകളുടെ അനുഭവങ്ങളെ എഴുത്തിലേക്ക് ആവാഹിക്കുക എന്നതായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി. അതിനു സാധിക്കുമോ എന്നു പോലും സംശയിച്ചിരുന്നു. പലപ്പോഴും നോവലെഴുത്ത് ഡിപ്രഷന്റെ വക്കോളമെത്തിച്ചു. കുറേയേറെ വര്‍ഷങ്ങള്‍കൊണ്ടാണ് തേനീച്ചറാണി എഴുതിത്തീര്‍ത്തത്.

തേനീച്ചറാണിയിലെ ഇരുപതാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന സ്‌കാര്‍ലറ്റ് എന്ന പെണ്‍കുട്ടിയുടെ അനുഭവചിത്രീകരണം ഈ നോവലില്‍ എന്നെ ഏറെ വേട്ടയാടിയ ചില ചിന്തകളുടെ ഫലമായി ഉളവായതാണ്. തുടയില്‍ ബ്ലേഡ് അമര്‍ത്തി ചോരവീഴ്ത്തിക്കളയുന്ന അവള്‍ സുഖകരമായ വേദനയാണ് അനുഭവിക്കുന്നത്. ഗുരുതരമായ മാനസികാഘാതത്തെ തുടര്‍ന്നുണ്ടാകുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കുണ്ടാകുന്ന വൈഷമ്യങ്ങളെ ലഘൂകരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം അവളും സ്വാഭാവികമായി സ്വീകരിച്ചു. അവനവന്റെ മാനസികവ്യഥയെ സ്വയം സൃഷ്ടിക്കുന്ന വേദനയിലൂടെ പുറംതള്ളാന്‍ ശ്രമിക്കുന്ന അവസ്ഥയാണ്  സ്‌കാര്‍ലറ്റിലൂടെ വരച്ചുകാട്ടാന്‍ ശ്രമിച്ചത്.

സുഹൃത്തുക്കളായ ചില പെണ്‍കുട്ടികളുടെ വ്യക്ത്യനുഭവങ്ങളാണ് സ്‌കാര്‍ലറ്റിനെക്കുറിച്ച് ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്. മനുഷ്യന്റെ ഇത്തരമൊരവസ്ഥയെക്കുറിച്ച് പുസ്തകങ്ങളും തിയറികളുമുണ്ട്. പക്ഷ, സുഹൃത്തുക്കള്‍ അനുഭവം പങ്കുവെച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഈ അനുഭവങ്ങളെ എഴുത്തിലേക്കു പകര്‍ത്തുമ്പോള്‍, അവരോട് എത്രമാത്രം നീതിപുലര്‍ത്താനാകും എന്നതില്‍ ഞാന്‍ ആശങ്കപ്പെട്ടിരുന്നു. സ്ത്രീജീവിതങ്ങളുടെ പുനരാവിഷ്‌കരണം ഏറെ ശ്രമകരമാണ്. അവരുടെ ചിന്തകളെക്കുറിച്ച് ഞാന്‍ എഴുതുമ്പോള്‍ അത് ശരിയായ രീതിയിലാണോ എന്ന തോന്നല്‍ മനസ്സില്‍ ശക്തമായിരുന്നു.”

Comments are closed.