എസ്. ഹരീഷിന്റെ ‘രാത്രി കാവൽ’ സിനിമയാകുന്നു
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഒരു കഥ കൂടി സിനിമയാകുന്നു. എസ്. ഹരീഷിന്റെ ‘ആദം’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെട്ട ‘ രാത്രി കാവൽ’ എന്ന കഥയാണ് ‘തെക്ക് വടക്ക്’ എന്ന പേരിൽ സിനിമയാകുന്നത്. എസ്. ഹരീഷിന്റെ തിരക്കഥയിൽ പ്രേം ശങ്കറാണ് സംവിധാനം. കഥയിലെ മാധവനായി വിനായകനും ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമ്മൂടും വേഷമിടുന്നു.
രണ്ടു പേർക്കിടയിലെ ശത്രുതയും തമാശകളുമാണ് കഥാസാരം. യുദ്ധത്തെ കുറിച്ചുള്ള ആഖ്യാനമാണ് ‘രാത്രികാവൽ’ എന്ന കഥ. അൻജന ടോക്കീസ്- വാർസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പും വി.എ ശ്രീകുമാറും ചേർന്നാണ് നിർമ്മാണം. ആഗസ്റ്റിൽ സിനിമ തിയറ്ററിൽ എത്തും.
അപരിചിതവും എന്നാൽ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്. ഹരീഷിന്റെ കഥാഭൂമിക. പുതുകഥയിൽ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് ‘ആദം’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടംമറിയുന്ന, വിധിവൈപരീത്യത്തിന്റെ പുതുകാലജീവിതം നിർമമതയോടെ ചിത്രീകരിക്കുന്നവയാണ് ഓരോ കഥകളും.
Comments are closed.