രക്തം കാണുമ്പോളുള്ള ഭയമാവാം ആര്‍ത്തവത്തോട് സമൂഹം കാണിക്കുന്ന മാറ്റി നിര്‍ത്തലിന്റെ ഉറവിടം
തീണ്ടാനാരികളും അയ്യപ്പനും എന്ന വിഷയത്തില്‍ ആര്‍. രാജശ്രീ മോഡറേറ്ററായ ചര്‍ച്ചയില്‍ ലക്ഷ്മി രാജീവ്, പി. കെ. സജീവ്, ഖദീജ മുംതാസ്, കെ. ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
2016-ല്‍ തന്ത്രികുടുംബം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉദ്ധരിച്ച് ചര്‍ച്ച തുടങ്ങിയ കെ. ടി. കുഞ്ഞിക്കണ്ണന്‍ ചരിത്രവത്കരണത്തിന്റെ ആവശ്യകതയും ഭരണഘടനയുടെ സമദര്‍ശന നീതിയെയും പ്രതിപാദിച്ച് സംസാരിച്ചു. ഏറ്റവും നിന്ദ്യമായ രീതിയിലുള്ള മനുസ്മൃതിയുടെയും ശങ്കരസ്മൃതിയുടെയും വ്യഖ്യാനം പുനരുല്‍പാദിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിധിയുടെ പിന്നാലെ വന്ന മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റിയും, ലിംഗ അസമത്വത്തെ പറ്റിയുമുള്ള ചര്‍ച്ചകളും ഐതീഹ്യവത്കരണങ്ങളുമാണ് ശബരിമല സ്ത്രീപ്രവേശനത്തെപ്പറ്റി തന്റെ കാഴ്ചപ്പാട് മാറ്റിയത് എന്ന് ഖദീജ മുംതാസ് പറഞ്ഞു. ശങ്കരസ്മൃതിപോലെ വാഴ്ത്തപ്പെടുന്ന കൃതികളില്‍ മാതൃത്വം നല്‍കുന്ന ഒറ്റപേരില്‍ വര്‍ണ്ണവ്യവസ്ഥയില്‍ ഏറ്റവും താഴേക്കിടയിലേക്ക് മാറ്റിവെക്കപ്പെട്ട സ്ത്രീത്വത്തെപ്പറ്റി ഖദീജ ഉദ്ധരിച്ചു. ആദിമകാലംതൊട്ട് വേട്ടയാടലിലും മുറിവ് ഉണ്ടാകുമ്പോഴും രക്തം കാണുമ്പോളുള്ള ഭയമാവാം ആര്‍ത്തവത്തോട് സമൂഹം കാണിക്കുന്ന മാറ്റി നിര്‍ത്തലിന്റെ ഉറവിടം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദ്രാവിഡസംസ്‌കാരം നശിപ്പിച്ചതിന്റെ ശിക്ഷയാണ് ഇന്ന് കേരളസമൂഹം അനുഭവിക്കുന്നതെന്നും വീട്ടുജോലിയും തൊഴിലും ഒരുമിച്ച് കൊണ്ടുപോകുന്ന സ്ത്രീകള്‍ അശുദ്ധരല്ല വിശുദ്ധരാണെന്നും പി.കെ സജീവ് പറഞ്ഞു. മതാതീത ദൈവസങ്കല്‍പത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് ചര്‍ച്ച ചെയ്ത സദസ്സില്‍ തീണ്ടാനാരികൾ ആണെന്ന് സ്വയം പ്രഖ്യാപനം നടത്തുന്ന സ്ത്രീകള്‍ രാഷ്ട്രീയ അജണ്ടയുടെ ഇരകളാവുന്നു എന്ന് ലക്ഷ്മി രാജീവ് പരാമര്‍ശിച്ചു.
വീടുകളില്‍നിന്നും തുടങ്ങേണ്ട നവോത്ഥാനം കാമ്പസുകളിലേക്കും പിന്നീട് സമൂഹത്തിലേക്കും പടരേണ്ടതിന്റെ ആവശ്യകത കാണികളുമായി നടന്ന ചര്‍ച്ചയിലും പ്രതിഫലിച്ചു.
Comments are closed.