DCBOOKS
Malayalam News Literature Website

ജീവചരിത്രത്തിന്റെ ദൃശ്യഭാഷ

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

അഭിമുഖം- എം.എ.റഹ്മാന്‍ / താഹ മാടായി

എം.ടി. ഒരു പ്രത്യേക പ്രസ്ഥാനത്തിന്റെ ആള്‍ ഒന്നുമല്ല. കോവിലന്‍ എന്ന് പറയുമ്പോ ദലിത് സമൂഹമാണ്. ഈ നാടിന്റെ അടിസ്ഥാന ഗന്ധം കോവിലനുണ്ട്. എം.ടിയില്‍ എത്തുമ്പോള്‍ നാലുകെട്ടു തകര്‍ന്ന് ചെറിയ വീടുകള്‍ മതി എന്ന വിപ്ലവകരമായ ഒരു ആശയത്തിലെത്തുന്നു. ജാതി, സമുദായം, മതം തുടങ്ങിയ കള്ളികള്‍ക്കപ്പുറത്തേക്ക് വളര്‍ന്നവരാണ് ബഷീറും എം.ടിയും കോവിലനുമൊക്കെ. ഇവര്‍ കൈ കോര്‍ത്തു പിടിച്ച ഒരു നവോത്ഥാന സാമൂഹിക സങ്കല്പമുണ്ട്. പുരോഗതിയുടെ ഒരു ലോകമുണ്ട്.

നമ്മുടെ കാലത്തെ അഗാധമായി സ്വാധീനിക്കുകയും നിത്യപ്രചോദനമായി നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വൈക്കം മുഹമ്മദ് ബഷീര്‍ എം.ടി., കോവിലന്‍ തുടങ്ങിയവരുടെ ജീവിതവര്‍ത്തമാനം അവരുടെ ശബ്ദ
ത്തിലും വെളിച്ചത്തിലും നിഴലിലും നാം കാണുന്നത് എം.എ. റഹ്മാന്റെ ഡോക്യുമെന്ററികളിലൂടെയാണ്. ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററിയാണ് ബഷീറിനെ ഈ തലമുറയ്ക്ക് മുന്നില്‍ ‘കാഴ്ച’യുടെ ഫ്രെയിമില്‍ നിര്‍ത്തുന്നത്. ബഷീറിനെ വായിച്ചു ‘എന്തൊരു രസികന്‍ ബഷീര്‍‘ എന്ന് അത്ഭുതപ്പെടുന്ന പുതുതലമുറ വായനക്കാര്‍ യു ട്യൂബില്‍ ബഷീറിനെ ‘കാണാനും കേള്‍ക്കാനും’ തിരയുമ്പോള്‍ എം.എ. റഹ്മാന്‍ സംവിധാനം ചെയ്ത Pachakuthiraഡോക്യുമെന്ററി പ്രത്യക്ഷപ്പെടുന്നു. കോവിലനും (കോവിലന്‍ എന്റെ അച്ഛാച്ഛന്‍) എം.ടിയും (കുമരനെല്ലൂരിലെ കുളങ്ങള്‍- ഈ ഡോക്യുമെന്ററികളും യു ട്യൂബില്‍ കാണാം) എം.എ. റഹ്മാന്റെ ഡോക്യുമെന്ററിയിലൂടെ പ്രത്യക്ഷപ്പെട്ട് കാലത്തിന് മുന്നില്‍ അവരുടെ ചില ഭാഗധേയങ്ങള്‍ അവതരിപ്പിച്ചു. ഒരര്‍ത്ഥത്തില്‍, ക്യാമറകൊണ്ട് ജീവിതമെഴുതിയ സംവിധായകനാണ് എം.എ. റഹ്മാന്‍. പുസ്തകത്തില്‍ അടയാളപ്പെടുത്തുന്ന ജീവചരിത്രങ്ങള്‍ക്കുള്ളതില്‍നിന്ന് ഭിന്നമാനങ്ങള്‍ ദൃശ്യജീവിതമെഴുത്തുകള്‍ക്കുണ്ട്. അത് ജീവിതത്തെ മറ്റൊരു വിധത്തില്‍ പ്രകാശിപ്പിക്കുന്നു.

ജീവചരിത്ര ഡോകുമെന്ററികള്‍ക്ക് സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്രകാരനാണ് റഹ്മാന്‍. എഴുത്തുകാരനും ചിത്രകാരനും ആക്റ്റിവിസ്റ്റുമാണ് അദ്ദേഹം.എം.എ റഹ്മാനുമായുള്ള ഈ സംഭാഷണം, അദ്ദേഹത്തിന്റെ ജീവചരിത്രചലച്ചിത്രങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നു.

താഹ മാടായി: ഉത്തരദേശത്താണ് താങ്കളുടെ ജനനവും ബാല്യവും ജീവിതവുമെല്ലാം. ഇവിടെനിന്നാണ് പി. കുഞ്ഞിരാമന്‍ നായരുടെ പുറപ്പാടും. എന്നാല്‍, പി.യെക്കുറിച്ചല്ല, ബഷീറിനെക്കുറിച്ചാണ് മാഷ് ഡോക്യുമെന്ററി ചെയ്തത്. ഒരുപാട് ഉള്ളടരുകള്‍ ഉള്ള ജീവിതവും എഴുത്തും പി.ക്കുമുണ്ട്. തൊട്ടടുത്ത് പി. ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ബഷീര്‍? ആ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണല്ലൊ.

എം.എ. റഹ്മാന്‍: ഇതൊക്കെ റഹ്മാന്റെ സുയിപ്പാണ്, അവന് സിനിമയെക്കുറിച്ച് എന്തറിയാം എന്നൊക്കെ ‘ബഷീര്‍ ദ മാന്‍’ ചെയ്യുമ്പോള്‍ കോഴിക്കോട്ടെ ചിലര്‍ ചോദിച്ചിട്ടുണ്ട്. നമുക്ക് ഫോട്ടോഗ്രഫി അറിയാമെന്നും ഇങ്ങനെയൊരു ലോകമുണ്ടെന്നുമൊന്നും അന്ന് ആര്‍ക്കും അറിയില്ലല്ലോ. നമ്മളേതോ ഒരു ദേശത്തു നിന്ന് വന്നു, എന്നിട്ട് ബഷീറിനെ ഇങ്ങനെ പൊക്കിയെടുത്തു എന്നാണ് അവര്‍ കരുതിയത്. ഞങ്ങളൊക്കെ ഇവിടെ ഉണ്ടാവുമ്പോള്‍ ഇവനാര് എന്നൊരു ചിന്ത. പ്രീഡിഗ്രി കാലത്ത്, 1970-ല്‍, കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ പോവുമ്പോള്‍ വീട്ടില്‍ നിന്ന് കിട്ടുക ഒരു രൂപയാണ്. മുപ്പതും മുപ്പതും 60 പൈസ ബസ്സിന് വേണം. ബാക്കി 40 പൈസയില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കണം. അതില്‍നിന്ന് മിച്ചം പിടിച്ച് ഒരു മാസിക വാങ്ങും. അന്ന് ‘മലയാളനാടാ’യിരുന്നു വാങ്ങിയിരുന്നത്. അതില്‍ വി.ബി.സി. നായരുടെ ഒരു കോളമുണ്ട്, എഴുത്തുകാരുടെ ജീവിതം പറയുന്ന കോളം. അത് വല്ലാതെ സ്വാധീനിച്ചിരുന്നു. അതിന് പല കാരണങ്ങളുണ്ട്. ഒന്നാമത് നമ്മുടെ പ്രായം. എഴുത്തുകാരില്‍ ബഷീറുണ്ട്, എം.ടിയുണ്ട്, മുകുന്ദനുണ്ട്. ഇപ്പോഴും ഓര്‍ക്കുന്നു, മണിയമ്പത്ത് എന്നതാണ് മുകുന്ദന്റെ തറവാട് എന്നൊക്കെ അക്കാലത്താണ് അറിയുന്നത്. എഴുത്തുകാരെക്കുറിച്ച് ആഴത്തിലുള്ള വിവരമാര്‍ജ്ജിക്കാന്‍ ആ വായന സഹായിച്ചിരുന്നു. ‘മലയാളനാട്’ നിന്നപ്പോള്‍ ആ ഒരു സാധ്യതയും നിന്നുപോയി. എഴുത്തുകാരെക്കുറിച്ച് ആഴത്തില്‍ അറിയാനുള്ള വഴികളില്ലാതായി. ആ കാലത്ത് കഥയും ലേഖനങ്ങളും ഫീച്ചറുകളുമൊക്കെ ഞാന്‍ എഴുതിത്തുടങ്ങിയിരുന്നു. ഫീച്ചറുകള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ വസ്തുതാ ചിത്രീകരണമായിരുന്നു. ഉദാഹരണത്തിന് കയ്യൂരിലൊക്കെ പോയപ്പോള്‍ എഴുതിയത് ആ ഗ്രാമത്തിന്റെ കഥയായിരുന്നു.

പൂര്‍ണ്ണരൂപം 2023 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

Comments are closed.