ടൈറ്റാനിക് എന്ന കൊതുമ്പുവള്ളം
മെയ് ലക്കം പച്ചക്കുതിരയില്‍
ചുരുക്കിപ്പറഞ്ഞാല്‍ യാത്രകള്‍ ഒരിക്കലും ലാഭക്കച്ചവടമല്ല. ഇബ്നു ബത്തൂത്ത പറഞ്ഞതാണ് ശരി: യാത്ര നിങ്ങളെ തുടക്കത്തില്‍ മൗനിയാക്കുന്നു, പിന്നെ, പിന്നെ കഥപറച്ചിലുകാരനാക്കുന്നു. കഥ പറയാന്‍ അതീവമായി ആഗ്രഹിക്കുന്നവരും ആ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരും ലോകത്തില്‍ അവശേഷിക്കുവോളം സഞ്ചാരികളും അവരുടെ ആഖ്യാനങ്ങളും തുടരുക തന്നെ ചെയ്യും. അടിക്കാടുകള്‍ പിന്നിട്ട് വനത്തിലേക്ക് പ്രവേശിച്ച് പിന്നീട് ഉള്‍ക്കാട്ടിലേക്ക് ഒറ്റക്കു പോകുന്ന സഞ്ചാരിയുടെ ചിത്രം അബോധത്തിലെവിടെയോ സ്വപ്നം പോലെ പതിഞ്ഞു കിടപ്പുണ്ട്.
1991 ജൂണില്‍ വല്ല്യാമ്മ (മുത്തശ്ശി) മരിക്കുമ്പോള്‍ ഞാന്‍ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ താമസ മുറി വിട്ട് അജന്ത-എല്ലോറ യാത്രക്ക് പുറപ്പെടുകയായിരുന്നു. ഏതാണ്ട് ഒരു മാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ മാത്രമാണ് വല്ല്യാമ്മ ഇനി ഞങ്ങള്‍ക്കൊപ്പമില്ല എന്നു മനസ്സിലാക്കുന്നത്. ഞാനുണ്ടായേക്കുമെന്ന് കരുതിയ ഒരു വിലാസത്തിലേക്ക് ഉപ്പ (അച്ഛന്‍) ടെലഗ്രാം അടിച്ചിരുന്നെങ്കിലും അപ്പോഴേക്കും ഞാനവിടം വിട്ടതിനാല്‍ അതെനിക്ക് കിട്ടിയിരുന്നുമില്ല. 2019 ജൂലൈയില്‍ ആറ്റൂര്‍ രവിവര്‍മ മരിച്ച വിവരമറിയുമ്പോള്‍ ഞാന്‍ പാരീസില്‍ ല്യൂവ്ര് മ്യൂസിയത്തിന്റെ അകത്തേക്കു പ്രവേശിക്കാനുള്ള വരിയില്‍ സ്ഥാനം പിടിച്ചു നില്‍ക്കുകയായിരുന്നു. ആറ്റൂര്‍ മാഷ് മരിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ വാട്ട്സാപ്പ് സന്ദേശം കിട്ടി. വിവരം തല്‍ക്ഷണം അറിഞ്ഞെങ്കിലും അവസാനമായി അദ്ദേഹത്തെ ഒന്നു കാണാന്‍ സാധിച്ചില്ല. കാലം മാറി. ടെക്നോളജി എല്ലാ വിവരങ്ങളും ഉടനുടനെ വിരല്‍ത്തുമ്പിലെത്തിക്കുന്നു. പക്ഷേ സഞ്ചാരിയുടെ വിധിയില്‍ മാറ്റമുണ്ടോ? ഏറ്റവും പ്രിയപ്പെട്ടവരുടെ മരണമാണ് ഒരു യാത്രികനെ എപ്പോഴും പിന്നോട്ടു വിളിക്കുന്നത്. ചിലപ്പോള്‍ സഞ്ചാരി തന്നെത്തന്നെ മരണത്തിന് വിട്ടു കൊടുക്കുകയും ചെയ്യുന്നു.
പ്രിയസുഹൃത്ത് ഹിമാലയത്തിലേക്കു പോയപ്പോള്‍ വേണ്ടവിധത്തിലുള്ള കമ്പിളിക്കുപ്പായങ്ങള്‍ ധരിച്ചില്ല. അതൊന്നും പ്രശ്നമില്ല, നേരിടാമെന്ന തോന്നല്‍ മൂലം മഞ്ഞില്‍ അവശ്യം വേണ്ട ഷൂസ്/ബൂട്ടുകള്‍ പോലു
മെടുത്തില്ല. സഞ്ചാരം ഒരാളിലുണ്ടാക്കുന്ന അതിരുകവിഞ്ഞ ആത്മവിശ്വാസമായിരുന്നു അതെല്ലാം. കൂട്ടത്തോടെ ആപ്പിളുകള്‍ ഒഴുകി വരുന്ന ഒരു നദിയുടെ കൈവരി മുറിച്ചു കടക്കുകയാണെന്ന് ഫോണില്‍ പറഞ്ഞതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാനത്തെ സംസാരം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ മരണവാര്‍ത്തയാണെത്തിയത്. കടുത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളിവസ്ത്രങ്ങളുടെ കുറവ് അവന്റെ ഹൃദയത്തെ നിശ്ചലമാക്കി. 36 വയസ്സേ ഉണ്ടായിരുന്നുള്ളൂ. യാത്രയും സംഗീതവും ആയിരുന്നു അവന്റെ പാതകള്‍. അത്തരമൊരു ജീവിതത്തിനുള്ള സ്വാതന്ത്ര്യത്തിനായി അവിവാഹിതനായി കഴിഞ്ഞു. യഥാര്‍ഥ സഞ്ചാരികള്‍ പലതും നേടാനായി ചിലപ്പോള്‍ തങ്ങളെത്തന്നെ നഷ്ടപ്പെടുത്തുന്നു. അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ അവസാനമായി കാണാനുള്ള അവകാശം പോലും സ്വയം റദ്ദു ചെയ്യുന്നു. വിനോദ സഞ്ചാരികള്‍ക്കല്ല, അല്ലാതെയുള്ള യാത്രികര്‍ക്ക് ഇങ്ങനെയുള്ള നഷ്ടങ്ങളെക്കുറിച്ചുകൂടി പറയാനുണ്ടാകും.
പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്
Comments are closed.