ഒരു ഉരുളക്കിഴങ്ങിന്റെ കഥ
പ്രൊഫ.എസ്.ശിവദാസ്
ഒരിക്കല്‍ ഒരിടത്തൊരു നല്ല രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം കൃഷി ചെയ്യുന്നതായിരുന്നു. ഒരു വര്‍ഷം അദ്ദേഹം തന്റെ വിശാലമായ കൃഷിഭൂമിയില്‍ നിറയെ ഉരുളക്കിഴങ്ങ് കൃഷി ചെയ്തു. ആ വര്‍ഷം നല്ല മഴ കിട്ടി. വെയിലും കിട്ടി. അതിനാല്‍ ഉരുളക്കിഴങ്ങുകള്‍ എല്ലാം നന്നായി വളര്‍ന്നു. കിഴങ്ങുകള്‍ പാകമായി. മന്ത്രി വിളവെടുപ്പ് ഒരു ഉത്സവമാക്കി. രാജാവു തന്നെ വന്ന് വിളവെടുപ്പുത്സവം തുടങ്ങി.
കൃഷിയിടത്തിലൊരിടത്ത് പാകമായ ഉരുളക്കിഴങ്ങുകള്‍ പറിച്ച് കൂട്ടിയിരുന്നു. രാജാവ് അതുകണ്ട് സന്തോഷിച്ചു. മന്ത്രിക്കൊരു സ്വര്‍ണ്ണവള തന്നെ സമ്മാനമായി നല്‍കി. ആ ചടങ്ങുനടക്കുമ്പോള്‍ മന്ത്രിയുടെ മകനും അടുത്തുണ്ടായിരുന്നു. രാജാവ് മന്ത്രിപുത്രനെ ഓമനിച്ചുകൊണ്ട് പഠിത്തമൊക്കെ എങ്ങനെ നടക്കുന്നു എന്നു ചോദിച്ചു. പിന്നെ കുട്ടിയോടു പറഞ്ഞു. ”ഞാന്‍ നിനക്കും ഒരു സമ്മാനം തരുന്നു. നീ മിടുക്കനാണല്ലോ. ഞാന്‍ തരുന്ന സമ്മാനത്തെ വളര്‍ത്തണം.” അങ്ങനെ പറഞ്ഞുകൊണ്ട് ഉരുളക്കിഴങ്ങുകൂനയില്‍ നിന്നും ഒരു ഉരുളക്കിഴങ്ങ് എടുത്ത് അവന് നല്‍കി.
അവന്‍ രാജാവിന്റെ കാലില്‍ തൊട്ടുവണങ്ങിയിട്ട് സമ്മാനം വാങ്ങി. വാങ്ങിക്കൊണ്ട് വിനയപൂര്‍വ്വം ചോദിച്ചു:”മഹാരാജാവേ ഞാന്‍ എനിക്കു ലഭിച്ച സമ്മാനത്തെ വളര്‍ത്തും. പക്ഷെ വളര്‍ത്താന്‍ വേണ്ട ഭൂമി എനിക്കുതരണം.” രാജാവ് സന്തോഷത്തോടെ മറുപടിയും നല്‍കി. ”വളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്കൊക്കെ വേണ്ട വളര്‍ത്തുഭൂമി നല്‍കുന്നവനേ രാജാവായിരിക്കാന്‍ യോഗ്യതയുള്ളു. എന്റെ കൃഷിയിടത്തിലെവിടെയും നിനക്കു വേണ്ടത്ര സ്ഥലത്ത് കൃഷി ചെയ്യാം. കൃഷി നന്നായി നടത്തണമെന്നുമാത്രം.”
രാജാവ് കൊട്ടാരത്തിലേക്ക് പോയി. മന്ത്രിപുത്രന്‍ തനിക്കു കിട്ടിയ സമ്മാനത്തെ അരുമയോടെ പരിശോധിച്ചു. മനോഹരമായ ഒരു ഉരുളക്കിഴങ്ങ്. ഒരു കുഞ്ഞുകുഞ്ഞിന്റെ മുഖംപോലെ മനോഹരം. അതിന് ഇടയ്ക്കിടെ കണ്ണുകളും! അവന്‍ തന്റെ സമ്മാനവുമായി വീട്ടിലെത്തി. ഉരുളക്കിഴങ്ങ് അവിടെ ഭദ്രമായി വച്ചു. കിടന്നുറങ്ങി. പിറ്റേന്നു രാവിലെ അവന്‍ വിദ്യാലയത്തില്‍ പോയി പഠനം കഴിഞ്ഞ് തിരിച്ചുവന്നു. പിന്നെ ഉരുളക്കിഴങ്ങ് കൈയിലെടുത്തു. ഒരു കൊച്ചുകത്തിയുമെടുത്തു. വളരെ ശ്രദ്ധയോടെ ഉരുളക്കിഴങ്ങ് ചെറുകഷണങ്ങളാക്കി. ഓരോ കണ്ണും വരുന്നിടം ഓരോ കഷണമാക്കിയായിരുന്നു മുറിയ്ക്കല്‍.
പിന്നെ രാജാവിന്റെ കൃഷിസ്ഥലത്തേക്കു പോയി. അവിടെ ഒരു മൂലയില്‍ കുറച്ച് സ്ഥലം ഇളക്കി. അതില്‍ ഉരുളക്കിഴങ്ങുകഷണങ്ങള്‍ ശ്രദ്ധയോടെ നട്ടു. ”എന്റെ പുന്നാരക്കുഞ്ഞുങ്ങളേ ഉണരൂ. വളരൂ. നല്ല വിളവു തരൂ. ഞാന്‍ കൃത്യമായി വെള്ളവും വളവും തരാം. സൂര്യദേവന്‍ വെയിലും തരും. എല്ലാ പൊന്നുമണികളും മത്സരിച്ചു വളരണേ.”
അന്നുമുതല്‍ പഠനസമയമൊഴിച്ചുള്ള സമയം മുഴുവന്‍ അവന്‍ കൃഷിസ്ഥലത്തു ചെലവഴിച്ചു. നന്നായി ഉരുളക്കിഴങ്ങുകുഞ്ഞുങ്ങളെ പരിചരിച്ചു. വെള്ളം നല്‍കി. വളം നല്‍കി. സ്‌നേഹം നല്‍കി. തഴുകി തലോടി ഉണര്‍ത്തി വളര്‍ത്തി. ഉരുളക്കിഴങ്ങുചെടികളെല്ലാം ഉത്സാഹത്തോടെ വളര്‍ന്നു. അപ്രാവശ്യം അവന് നല്ല വിളവ് കിട്ടി.
കിട്ടിയ വിളവുമുഴുവന്‍ അവന്‍ ഉപയോഗിച്ചു. എല്ലാ കിഴങ്ങുകളും മുറിച്ചു നട്ടു. അപ്രാവശ്യവും നല്ല വിളവു കിട്ടി. അങ്ങനെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അവന്റെ ഉരുളക്കിഴങ്ങുകൃഷിയിടം കൂടുതല്‍ കൂടുതല്‍ വലുതായി വന്നു. പഠനവും കൃഷിയും അവന്‍ ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു.
ഒരു ദിവസം രാജാവ് മന്ത്രിപുത്രന്റെ കൃഷിയിടം കാണാന്‍ ചെന്നു. അദ്ദേഹം അപ്പോഴേക്കും വൃദ്ധനായിരുന്നു. നീണ്ടുപരന്നുകിടക്കുന്നു മന്ത്രിപുത്രന്റെ കൃഷിത്തോട്ടം. തോട്ടം നിറയെ ഉശിരുള്ള ഉരുളക്കിഴങ്ങുകള്‍. ‘പ്രഭോ എനിക്കു പറ്റുന്നത്ര പ്രദേശത്തേക്കു കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ബാക്കി വന്ന ഉരുളക്കിഴങ്ങുകള്‍ വിറ്റു പണമെല്ലാം ഞാന്‍ സൂക്ഷിക്കാനായി അച്ഛനെ ഏല്പിച്ചിട്ടുണ്ട്. അതുമുഴുവന്‍ ഞാന്‍ അങ്ങയുടെ കാല്ക്കല്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നു.”
രാജാവ് മന്ത്രിപുത്രനെ ആലിംഗനം ചെയ്തു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ”മകനേ! നീ പഠനത്തില്‍ മികവുപുലര്‍ത്തുന്നു എന്നു ഞാന്‍ നിന്റെ ഗുരുക്കന്മാരില്‍ നിന്നും അറിഞ്ഞു. നിന്റെ ഉരുളക്കിഴങ്ങുതോട്ടം കണ്ടപ്പോള്‍ നീ പ്രവര്‍ത്തനങ്ങളിലും മികവു നേടിയിരിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. മകനേ! ചെറിയതില്‍ നിന്നും തുടങ്ങി വലിയവനിലവസാനിക്കുന്നതാകണം ജീവിതം. ഒരു ഉരുളക്കിഴങ്ങില്‍ തുടങ്ങി നീ ഒരു വലിയ ഉരുളക്കിഴങ്ങുതോട്ടത്തിന്റെ ഉടമയായിരിക്കുന്നു. നിനക്ക് വിദ്യയും വിവേകവും മാത്രമല്ല ഉള്ളത്. പ്രായോഗികപരിജ്ഞാനവുമുണ്ട്. ഞാന്‍ എന്റെ മകളെ നിനക്കു തരുന്നു. നിന്നെ രാജ്യത്തെ യുവരാജാവാക്കുന്നു. നാളെ നീ രാജ്യം ഭരിക്കണം. രാജ്യത്തെ വളര്‍ത്തണം. ജനങ്ങളെ വളര്‍ച്ചയുടെ പാഠങ്ങള്‍ പഠിപ്പിക്കണം. ചെറിയതില്‍ നിന്നു വലിയതിലേക്കു വളരുന്ന വിദ്യ പഠിപ്പിക്കണം. നിന്റെ കൈയില്‍ ഈ നാട് സുരക്ഷിതമായിരിക്കും എന്ന് എനിക്ക് തീര്‍ച്ചയുണ്ട്.”
രാജാവ് അതുപറയുമ്പോള്‍ കുമാരന്റെ തോട്ടത്തിലെ ഉരുളക്കിഴങ്ങുകള്‍ തലയാട്ടി അവരുടെ സന്തോഷവും സമ്മതവുമറിയിച്ചു. കുമാരന്റെ മനസ്സും അപ്പോള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു.
കുട്ടികളുടെ പ്രിയപ്പെട്ട ഇടം സന്ദര്‍ശിക്കാം
Comments are closed.