സ്ത്രീകളെ ബഹുമാനിക്കാത്ത ആചാരത്തെ നിങ്ങളെങ്ങനെ സ്വീകരിക്കുന്നു?; പ്രകാശ് രാജ്
സത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് വില നല്‍കുകയും ചെയ്യാത്ത ആചാരത്തെ മലയാളികള്‍ക്ക് എങ്ങനെയാണ് അംഗീകരിക്കാന്‍ സാധിക്കുന്നതെന്ന് പ്രകാശ് രാജ്. പ്രളയത്തില്‍ കൈകോര്‍ത്തപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ ജാതിയും മതവും. സ്ത്രീപുരുഷ വിവേചനമൊന്നും അന്നില്ലാത്ത ബോധങ്ങള്‍ പിന്നീട് എങ്ങനെ ഉണ്ടായി എന്നും അദ്ദേഹം ചോദിച്ചു. 4-ാ മത് കേരള സാഹിത്യോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ബി.ജെ.പി. ഭരണത്തെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തി സംസാരിച്ച പ്രകാശ് രാജ് വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചും ഉള്ള് തുറന്നു. തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്നും ഏത് പാര്‍ട്ടി അധികാരത്തില്‍ വരണമെന്നും തീരുമാനിക്കുന്നത് ജനങ്ങള്‍ ആണെന്നും ജനങ്ങളുടെ പ്രാതിനിധ്യമുള്ള ജനാധിപത്യമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ഗോമൂത്രത്തിനും ഗോമാംസത്തിനും ചാണകത്തിനും വരെ അമിത പ്രാധാന്യം നല്‍കുന്ന നേതാക്കളുടെ തലയിലും ചാണകമാണെന്നും എന്ത് കൊണ്ട് ഗോമൂത്രമവര്‍ മൂന്ന് നേരം കഴിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നവോത്ഥാനത്തിനെതിരെയും മാറ്റത്തിനെതിരെയും എതിര്‍ശബ്ദം ഉന്നയിക്കുന്നവര്‍ ഒരിക്കലും ചരിത്രത്തിന്റെ നല്ല ഓര്‍മ്മയില്‍ സ്ഥാനം പിടിച്ചിട്ടില്ലെന്നും വിജയിച്ചത് മാറ്റത്തിനൊപ്പം നിന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാതൊരു ധാരണയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണോ നോട്ട് നിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത് അതേ ഭാവിയേ നിലവില്‍ ഉണ്ടാക്കിയ മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സാമ്പത്തിക സംവരണത്തിനും ഉള്ളൂ എന്നും, അത് നടപ്പിലാക്കപ്പെടുമെന്ന് പോലും കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എതിര്‍പ്പുകള്‍ ഉയര്‍ന്നാലെ നിലവിലെ വ്യവസ്ഥിതിയില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയൂ എന്നും ചോദ്യങ്ങളും എതിര്‍പ്പും ഉന്നയിക്കുന്ന പുതിയ സമൂഹത്തെയാണ് നമുക്കാവശ്യമെന്നും പറഞ്ഞ പ്രകാശ് രാജ് ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്കും രാഷ്ട്രീയ പുനഃചിന്തനത്തിനുമാണ് തുടക്കം കുറിച്ചത്.
Comments are closed.