DCBOOKS
Malayalam News Literature Website

ജീവിതലക്ഷ്യങ്ങളെക്കുറിച്ച് വാചാലനായി ചേതന്‍ ഭഗത്

പുതുതലമുറയോട് എഴുത്തിന്റെയും വായനയുടെയും വാതായനങ്ങള്‍ വിസ്തൃതമാക്കണമെന്നാവശ്യപ്പെട്ട് പ്രശസ്ത ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ഷാര്‍ജ പുസ്തകമേളയോടനുബന്ധിച്ച് നടന്ന സംവാദത്തില്‍ ‘ദി ഗേള്‍ ഇന്‍ റൂം 105’ എന്ന പുതിയ പുസ്തകത്തെക്കുറിച്ചുള്ള സംവാദത്തിനിടെയാണ് ചേതന്‍ ഭഗത് ഇക്കാര്യം പറഞ്ഞത്. ധാരാളം വായിക്കാന്‍ സദസ്സിനെ ഉപദേശിച്ച ചേതന്‍ ഭഗതിന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ആരാധകരായ കുട്ടികള്‍ സ്വീകരിച്ചത്.

ദിവസവും ഏറ്റവും കുറഞ്ഞത് രണ്ട് പേജുകളെങ്കിലും വായിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ ശീലം ഓരോ വ്യക്തിയേയും ചുറ്റും നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ബോധവാന്മാരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ചേതന്‍ ഭഗത് തന്റെ ലളിതമായ ശൈലിയില്‍ സദസ്സിനോട് ജീവിതലക്ഷ്യങ്ങള്‍ പുനര്‍നിര്‍വ്വചനം ചെയ്യാന്‍ ആവശ്യപ്പെട്ടു. പതിനഞ്ചിനും മുപ്പതിനും ഇടയ്ക്കുള്ള പ്രായത്തില്‍ സമ്പാദിക്കാനും, മുപ്പത് വയസ്സ് മുതല്‍ ജീവിതം ആസ്വദിക്കാനും, അതല്ലെങ്കില്‍, പതിനഞ്ചിനും മുപ്പതിനുമിടയില്‍ ഉല്ലസിക്കാനും മുപ്പത് വയസ്സു മുതല്‍ സമ്പാദിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പുതിയ തലമുറയെ വായനയിലേക്ക് തിരികെക്കൊണ്ടു വന്ന ചേതന്‍ ഭഗത് ഷാര്‍ജ പുസ്തകമേളയിലെ പതിവു സന്ദര്‍ശകനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ ചേതന്‍ ഭഗതിനെ ശ്രവിക്കാനായി കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന വലിയൊരു സദസ്സുണ്ടായിരുന്നു. മേളയുടെ ഭാഗമായി ഡി.സി ബുക്‌സാണ് പരിപാടി സംഘടിപ്പിച്ചത്.

Comments are closed.